ന്യൂസ് ഡെസ്ക്.

ഫെബ്രുവരി 14 ലെ ഇന്ത്യൻ പുലരി രക്തപങ്കിലമാക്കിയ പാക് ഭീകരവാദികൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ മറുപടി. 1971 ലെ ഇന്ത്യാ പാക് യുദ്ധത്തിനു ശേഷം ആദ്യമായി ഇന്ത്യൻ വ്യോമസേന പാക് അതിർത്തി കടന്നു. ജയ്ഷെ ഇ മുഹമ്മദിന്റെ ക്യാമ്പുകളിൽ അണുവിട തെറ്റാതെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ മിന്നലാക്രമണം അഴിച്ചുവിട്ടു. മൂന്നോറോളം ഭീകരർ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ പാക് പോർ വിമാനങ്ങൾ പറന്നുയർന്നെങ്കിലും പരാജയഭീതി മൂലം തിരിച്ചു പറന്നു.

ജെയ്ഷ് മുഹമ്മദിന്റെ ബാൽക്കോട്ടിലെ ഏറ്റവും വലിയ ടെററിസ്റ്റ് ട്രെയിനിംഗ് ക്യാമ്പാണ് ഇന്ത്യൻ എയർഫോഴ്സ് തകർത്തത്. ഇത് ഒരു സൈനിക നീക്കമല്ലെന്നും ഇന്ത്യ സ്വയം പ്രതിരോധം ഒരുക്കുക മാത്രമാണ് ചെയ്തത് എന്നും ഇന്ത്യൻ അധികൃതർ പ്രതികരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടടുത്താണ് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ  ആക്രമണം നടത്തിയത്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങളെ പാക് വിമാനങ്ങൾ പിന്തുടർന്നുവെന്നും പിന്നീട് അവർ പിൻമാറുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഏകദേശം1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ലേസർ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകർന്നതായാണ് റിപ്പോർട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തു. കാർഗിൽ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

തിങ്കളാഴ്ച അർധരാത്രി നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയിരുന്നു. രജൗരി, പൂഞ്ച് ജില്ലകളിലെ സൈനിക പോസ്റ്റുകൾക്ക് നേരെ കഴിഞ്ഞ രാത്രിയിലാണ് വെടിവെപ്പുണ്ടായത്.

പാക് മണ്ണിൽ കടന്നുള്ള ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാക്കിസ്ഥാൻ പ്രതികരിച്ചു.  ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിനെ പാക് ഭരണകൂടം സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകളുണ്ട്.