ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യുഎഇയിൽ ഇന്ത്യൻ വംശജന് കൊറോണ ബാധിച്ചതായി സ്ഥിരീകരണം. രാജ്യത്ത് സ്ഥിരീകരിച്ച എട്ട് കേസുകളിൽ‌ ഒന്ന് ഇന്ത്യൻ പൗരനാണെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

നേരത്തെ രോഗ ബാധകണ്ടെത്തിയ വ്യക്തികളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് തിങ്കളാഴ്ച പുതിയതായി രോഗബാധ സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച ഒരു ചൈനീസ് പൗരനും ഫീലിപ്പീൻ സ്വദേശിക്കും കൊറൊണ സ്ഥിരീകരിച്ചിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചവർ‌ക്ക് എറ്റവും മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, ഇന്നു രാവിലെ വരെ 1,016 പേർ കൊറോണ ബാധിച്ചു മരിച്ചെന്നാണ് കണക്കുകൾ. 108 പേരാണ് തിങ്കളാഴ്ച മാത്രം മരിച്ചത്. ഇതിൽ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു. രോഗം സുഖപ്പെട്ട 3996 പേർ തിങ്കളാഴ്ച ആശുപത്രി വിട്ടു.

2003ൽ ചൈനയുൾപ്പെടെ 20ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച സാർസ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി. ഫെബ്രുവരിയിൽ പുതിയ കേസുകൾ ആദ്യമായി മൂവായിരത്തിനു താഴെ വന്നു.