ഡല്‍ഹിയില്‍ വെട്ടുകിളി ആക്രമണം; പാടശേഖരങ്ങളില്‍ വന്‍ നാശം, വലഞ്ഞു ജനം….

ഡല്‍ഹിയില്‍ വെട്ടുകിളി ആക്രമണം; പാടശേഖരങ്ങളില്‍ വന്‍ നാശം, വലഞ്ഞു ജനം….
June 28 11:48 2020 Print This Article

കൊവിഡ് ഭീഷണിക്കിടെ ഡല്‍ഹിയില്‍ വെട്ടുകിളി ആക്രമണവും. ഡല്‍ഹിയുടെ തെക്കു പടിഞ്ഞാറന്‍ ജില്ലകളിലാണ് വെട്ടുകിളി ആക്രമണം.ഈ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. ജനലുകളും വാതിലുകളും അടച്ചിടണമെന്നും പാത്രങ്ങളും മറ്റും കൊട്ടി ശബ്ദമുണ്ടാക്കമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിമാന പൈലറ്റുമാര്‍ക്ക് ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്‍ മുന്‍കരുതല്‍ നല്‍കി. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക് ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലെടുക്കണമെന്ന് ഡല്‍ഹി എയര്‍ ട്രാഫിക് കണ്ട്രോള്‍ നിര്‍ദേശിച്ചു. പാടശേഖരങ്ങളില്‍ വന്‍ നാശം വിതച്ച, ഉത്തരേന്ത്യയുടെ ഉറക്കം കെടുത്തിയ വെട്ടുകിളികള്‍ ഗുരുഗ്രാമില്‍ രാവിലെയാണ് പ്രത്യക്ഷപ്പെട്ടത്. ഫരീദാബാദിലേയ്ക്കും ഡല്‍ഹിയുടെ തെക്കന്‍ മേഖലകളിലേയ്ക്കും പ്രവേശിച്ചു.

കാറ്റിന്റെ ഗതി കാരണം ന്യൂഡല്‍ഹി ഉള്‍പ്പെടെ നഗരമേഖലകളിലേയ്ക്ക് പ്രവേശിച്ചില്ല. യുപിയിലേയ്ക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കീടനാശിനികള്‍ തളിക്കാന്‍ പമ്പുകള്‍ തയ്യാറാക്കിവയ്ക്കണമെന്ന് കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനലുകളും വാതിലുകളും അടച്ചിടണമെന്നും പാത്രങ്ങളും മറ്റും കൊട്ടി ശബ്ദമുണ്ടാക്കമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു.

കേന്ദ്ര സര്‍ക്കാര്‍ കണ്ട്രോള്‍ റൂമുകള്] സജ്ജമാക്കിയിട്ടുണ്ട്. വെട്ടുകിളി ആക്രമണം നേരിടുന്ന കര്‍ഷകര്‍ക്കും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഏറെ ഭീഷണിയുയര്‍ത്തിയ ശേഷമാണ് വെട്ടുകിളികള്‍ മഹാരാഷ്ട്ര, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുന്നത്.

കാഴ്ച്ചയില്‍ കുഞ്ഞരെങ്കിലും കാര്‍ഷിക മേഖലയില്‍ വലിയ നാശമുണ്ടാക്കാന്‍ വെട്ടുകിളി കൂട്ടത്തിനാവും. ചെടികളുടെയും മരങ്ങളുടേയും ഇല, പൂവ്, തോല്‍, തടി, വിത്തുകള്‍, പഴങ്ങള്‍ തുടങ്ങി എന്തും ഇവ ആഹാരമാക്കും. നെല്ല്, ചോളം, ഗോതമ്പ്, ബാര്‍ലി, പരുത്തി, കരിമ്പ്, ഈന്തപ്പന, അക്കേഷ്യ, വാഴ, പൈന്‍, പുല്ല് തുടങ്ങി എല്ലാ ചെടികളും മരങ്ങളും വിളകളും ഇവ ആഹാരമാക്കാറുണ്ട്.

പാകിസ്താനോട് ചേര്‍ന്നുള്ള അതിര്‍ത്തികളില്‍ സാധാരണ ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലാണ് വെട്ടുകിളി കൂട്ടങ്ങളുടെ ആക്രമണമുണ്ടാവാറ്. എന്നാല്‍ ഇത്തവണ എല്ലാ പ്രതീക്ഷയും തെറ്റിച്ചാണ് ഇവയുടെ വരവ്. രാജസ്ഥാനോട് ചേര്‍ന്നുള്ള പാകിസ്താനിലെ പ്രദേശങ്ങള്‍ വെട്ടുകിളികളുടെ പ്രജനന കേന്ദ്രങ്ങളായെന്നാണ് ഗവേഷകരില്‍ പലരുടേയും വിലയിരുത്തല്‍. ഏപ്രില്‍ 11 മുതലാണ് രാജസ്ഥാനിലേക്ക് വെട്ടുകിളി കൂട്ടം എത്തിയതായി ശ്രദ്ധയില്‍ പെട്ടത്.

ആഫ്രിക്കക്കും ഏഷ്യക്കുമിടയിലാണ് സാധാരണ ഇത്തരം വെട്ടുകിളി കൂട്ടങ്ങളുടെ ശക്തമായ സാന്നിധ്യമുള്ളത്. കാലാവസ്ഥാ വ്യതിയാനം ഇവയുടെ വലിയ തോതിലുള്ള വംശ വര്‍ധനക്കും കൂടുതല്‍ പ്രദേശങ്ങളിലേക്കുള്ള വ്യാപനത്തിനും കാരണമായിട്ടുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. പച്ചപ്പും നനവുള്ള മണല്‍ പ്രദേശങ്ങളുമാണ് വെട്ടുകിളികളുടെ വംശവര്‍ധനവിന് ഏറ്റവും അനുയോജ്യമായ സാഹചര്യമെന്നാണ് വേള്‍ഡ് മെട്രൊളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നുണ്ട്. ഒമാനില്‍ വലിയ തോതില്‍ പെരുകിയ വെട്ടുകിളികള്‍ ഭക്ഷണം തേടി ഇറാന്‍ വഴി പാകിസ്താനിലേക്കും പിന്നീട് ഇന്ത്യയിലേക്കും എത്തിയെന്നാണ് കരുതപ്പെടുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles