കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചുവരുമോ ? കാരണം ഇതാണ്, പ്രതീക്ഷയോടെ ആരാധകര്‍….

കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക്  തിരിച്ചുവരുമോ ? കാരണം ഇതാണ്, പ്രതീക്ഷയോടെ ആരാധകര്‍….
March 16 06:09 2018 Print This Article

ബിസിസിഐയുടെ പിടിവാശിമൂലം ഒറ്റ സീസണിനു ശേഷം ഐപിഎല്ലില്‍ നിന്നും പുറത്താക്കപ്പെട്ട കൊച്ചി കേരള ടസ്‌ക്കേഴ്‌സിന് 550 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത് മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് പുതിയ പ്രതീക്ഷ നല്‍കുന്നു. നഷ്ടപരിഹാരം വേണ്ട വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെടുത്താല്‍ മതിയെന്ന ടസ്‌ക്കേഴ്‌സ് മാനേജ്‌മെന്റിന്റെ വാദം തള്ളിയെങ്കിലും വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് സൂചന.

ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കിയ ഒത്തുകളി നടത്തിയ ടീമുകള്‍ ഇപ്പോഴും ഐപിഎല്ലില്‍ തുടരുന്നത് ചൂണ്ടിക്കാണിച്ച് വീണ്ടും ഇതേ ആവശ്യം ടസ്‌ക്കേഴ്‌സ് മാനേജ്‌മെന്റ് ഉന്നയിച്ചേക്കും. ഒത്തുകളി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മാത്രമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്. ഈ സീസണില്‍ ഈ രണ്ട് ടീമുകള്‍ തിരിച്ചെത്തും.

അതേസമയം, കേരള താരങ്ങള്‍ക്ക് ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വലിയ അവസരമൊരുക്കിയിരുന്ന കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കാന്‍ കാരണം ബിസിസിഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹറിന്റെ തിടുക്കവും പിടിവാശിയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് ബോര്‍ഡിന് ഇതുകൊണ്ട്മാത്രം നഷ്ടമായത് 550 കോടി രൂപ.

ബിസിസിഐയുമായുള്ള കരാര്‍ ലംഘിച്ചുവെന്ന് പറഞ്ഞാണ് കൊച്ചി ടസ്‌ക്കേഴ്‌സിനെ പുറത്താക്കിയത്. 2011ല്‍ അരങ്ങേറ്റം നടത്തി ആ സീസണിന്റെ അവസാനം തന്നെ കൊച്ചിയെ പുറത്താക്കുകയായിരുന്നു. അതേസമയം, ടീമിനെ പുറത്താക്കരുതെന്ന് ബിസിസിഐയുടെ നിയമോപദേശകര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും ശശാങ്ക് മനോഹര്‍ ടീമിനെ പുറത്താക്കണമെന്ന ഉറച്ച നിലപാടില്‍ നിന്നും മാറിയില്ല.

ക്രിക്കറ്റ് ബോര്‍ഡിനുള്ളില്‍ തന്നെ വന്‍ എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് കൊച്ചിയെ ഐപിഎല്ലില്‍ നിന്നും പുറത്താക്കിയത്. എസ് ശ്രീശാന്ത്, റൈഫി വിന്‍സന്റ്, പ്രശാന്ത് പരമേശ്വരന്‍, പത്മനാഭന്‍ പ്രശാന്ത് എന്നീ മലയാളി താരങ്ങളാണ് കൊച്ചി ടസ്‌ക്കേഴ്‌സിന് വേണ്ടി കളിച്ചിരുന്നത്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles