കൈക്കുഞ്ഞുങ്ങളുമായി വന്നു ഭിക്ഷ യാചിച്ചു, കവർന്നത് 44 പവനും 70,000 രൂപയും; കൊല്ലം ആറ്റിങ്ങലിൽ കുടുങ്ങിയത് വൻ നാടോടി സംഘം….

കൈക്കുഞ്ഞുങ്ങളുമായി വന്നു ഭിക്ഷ യാചിച്ചു, കവർന്നത് 44 പവനും 70,000 രൂപയും;  കൊല്ലം ആറ്റിങ്ങലിൽ കുടുങ്ങിയത് വൻ നാടോടി സംഘം….
December 24 05:54 2018 Print This Article

കൊല്ലം ആറ്റിങ്ങലിലെ വീട്ടിൽനിന്നു രാവിലെ 44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടി. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി (28), മസാനി (30), രാധ (23) ജ്യോതി(35) എന്നിവരെയാണു പിങ്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ ആറ്റിങ്ങൽ കോളജിന് സമീപം കോളജ് ഓഫ് സയൻസ് ട്യൂഷൻസെന്ററിന് എതിർ വശത്തുള്ള രുഗ്മിണിയിൽ എം.എസ്.രാധാകൃഷ്ണൻനായരുടെ വീട്ടിൽനിന്നു പണവും സ്വർണവും അപഹരിച്ചശേഷം കൊല്ലത്ത് എത്തി ട്രെയിൻ മാർഗം സ്വദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.

കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ എത്തി ഭിക്ഷ ചോദിക്കുകയും പണം എടുക്കാനായി വീട്ടുകാർ അകത്തേക്കു പോയ തക്കം നോക്കി മോഷണം നടത്തുകയുമായിരുന്നു. വീട്ടുകാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി. ഈ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നു നാടോടി സംഘമാണു പിന്നിലെന്നു മനസിലാക്കിയ പൊലീസ് ദൃശ്യങ്ങൾ സഹിതം എല്ലാ സ്റ്റേഷനിലേക്കും വിവരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണു പിടിയിലായത്.

മോഷണത്തിനുശേഷം വസ്ത്രം മാറിയ സംഘം ആറ്റിങ്ങലിൽനിന്നു ബസിൽ കയറി കല്ലുവാതുക്കലിൽ എത്തി. അവിടെനിന്ന് ഓട്ടോയിൽ കൊല്ലം സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നു പൊലീസിനോടു പറഞ്ഞു. മോഷ്ടിച്ച പണവും സ്വർണവും പ്രതികളിൽനിന്നു കണ്ടെടുത്തു. ഇവരോടൊപ്പം 4 കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. പ്രതികളെ ആറ്റിങ്ങൽ പൊലീസിനു കൈമാറി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles