കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് വധ കേസില്‍‌ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അടുത്ത കേസുകളിലും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍‌ പുരോഗമിക്കുകയാണെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. താമരശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലിക്ക് സൈനയിഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

തനിക്ക് ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പര മുഖ്യ പ്രതി ജോളി രംഗത്ത്. പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും പക്ഷെ ഇപ്പോൾ സമയമായിട്ടില്ലന്നും ആളൂര്‍ സാര്‍ വരട്ടെ എന്നുമാണ് ജോളിയുടെ പ്രതികരണം. സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.

അതേസമയം കൂടത്തായ് കേസ് അടിസ്ഥാനമാക്കി സിനിമ സീരിയൽ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളി , ആൻറണി പെരുമ്പാവൂർ , സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.