‘വേറൊന്നും വേണ്ട ഞങ്ങളെപ്പറ്റി നിങ്ങള്‍ ഓര്‍മ്മിക്കുന്നു എന്ന തോന്നല്‍ മാത്രം മതി നിങ്ങള്‍ക്കായി ഇനിയും വര്‍ഷങ്ങള്‍ തള്ളി നീക്കാന്‍ …!’ ആദ്യ ലോക കേരള സഭയില്‍ യുകെയില്‍ നിന്നും പങ്കെടുത്ത രാജേഷ്‌ കൃഷ്ണ എഴുതുന്നു

‘വേറൊന്നും വേണ്ട ഞങ്ങളെപ്പറ്റി നിങ്ങള്‍ ഓര്‍മ്മിക്കുന്നു എന്ന തോന്നല്‍ മാത്രം മതി നിങ്ങള്‍ക്കായി ഇനിയും വര്‍ഷങ്ങള്‍ തള്ളി നീക്കാന്‍ …!’ ആദ്യ ലോക കേരള സഭയില്‍ യുകെയില്‍ നിന്നും പങ്കെടുത്ത രാജേഷ്‌ കൃഷ്ണ എഴുതുന്നു
January 15 07:01 2018 Print This Article

രാജേഷ്‌ കൃഷ്ണ

വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന ആടുജീവിതത്തിലെ കഥാപാത്രം നജീബും, തന്റെ പാസ്സ്‌പോര്‍ട്ടിലെ UAE വിസയിലെ സ്‌പോണ്‍സറുടെ പേരിനു നേരെ സ്വന്തം പേരെഴുതാന്‍ അവകാശമുള്ള ഒരേഒരാളായ യൂസഫലിയും പ്രവാസം മതിയാക്കി തിരിച്ചെത്തിയ, നജീബിന്റെ കഥ ലോകത്തിന് മുന്നില്‍ ആടുജീവിതമായി എത്തിച്ച ബന്യാമിനും ഒരേ പ്രാധാന്യത്തോടെ പങ്കെടുത്ത ചരിത്രസംഭവമായ പ്രഥമ ലോകകേരള സഭയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ എനിക്കഭിമാനമുണ്ട്. കേരള ചരിത്രത്തില്‍ ആദ്യമായി സാധാരണ പ്രവാസിക്ക് അവന്റെ ആവലാതികള്‍ ആശങ്കകള്‍ അവന്റെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് മുന്നില്‍ / അവരോടൊപ്പം പങ്കുവെക്കാന്‍ ഒരു സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുന്നു. ഈ അടുത്തകാലം വരെ വ്യവസായികളായ യൂസഫലിയും രവി പിള്ളയും ഒക്കെ മാത്രമായിരുന്നു പ്രവാസഭൂമിയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനുമുന്നില്‍ അവതരിപ്പിച്ചിരുന്നത്. ആ മീറ്റിങ്ങുകളെല്ലാം ഇന്‍വെസ്റ്റേഴ്‌സ് മീറ്റുകള്‍ ആയി പരിണമിക്കുന്നു എന്ന പരാതി എല്ലാക്കാലത്തും ഉണ്ടായിരുന്നു.

വിദേശമലയാളികള്‍ക്ക് സംസ്ഥാനവുമായി സാംസ്‌കാരിക, സാമൂഹിക,സാമ്പത്തിക സമന്വയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക കേരള സഭ രൂപീകരിച്ചിരിക്കുന്നത്. ലോക കേരള സഭയുടെ അംഗബലം 351 ആയിരിക്കും. കേരള നിയമ സഭയിലെ 141 അംഗങ്ങളും മലയാളികളായ 33 പാര്‍ലമെന്റ് അംഗങ്ങളും ഇന്ത്യക്കു പുറത്തുനിന്നും 99 അംഗങ്ങളും കേരളത്തിന് പുറത്ത്, ഇന്ത്യയ്ക്ക് അകത്തുനിന്നും 42 അംഗങ്ങളും തിരിച്ചെത്തിയ പ്രവാസികളെ പ്രതിനിധീകരിച്ച് 6 അംഗങ്ങളും, 30 വിശിഷ്ട വ്യക്തികളും സഭയിലെ അംഗങ്ങളായിരിക്കും. ഇന്ത്യക്ക് അകത്തുള്ള ഓരോ സംസ്ഥാനത്തെയും ഇന്ത്യക്കു പുറത്തുള്ള ഓരോ രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ കഴിഞ്ഞ കാലങ്ങളില്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയ പരിഗണനകള്‍ മുന്‍നിര്‍ത്തിയാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത് .

എല്ലാ പ്രവാസിയുടെയും പ്രശ്‌നങ്ങള്‍ ഒന്നല്ല, സോഷ്യല്‍ സെക്യൂരിറ്റി നന്നായുള്ള,ശക്തവും സുതാര്യവുമായ നിയമസംവിധാനവുമുള്ള യൂറോപ്പും അമേരിക്കയും പോലെയുള്ള മേഖലകളിലെ പ്രവാസികള്‍ക്ക് ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ അനുഭവിക്കുന്നതുപോലെയുള്ള വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറില്ല. ഒരുപക്ഷെ അവര്‍ വ്യാകുലപ്പെടുന്നത് നാട്ടിലുള്ള അവരുടെ മാതാപിതാക്കളുടെ/ബന്ധുക്കളുടെ സോഷ്യല്‍ സെക്യൂരിറ്റിയെക്കുറിച്ചാണ്. അവര്‍ക്കു മറ്റനവധി പ്രശ്‌നങ്ങള്‍ ഉണ്ടുതാനും.

ഓരോ നാട്ടിലെ പ്രവാസിയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണ്. നൂറിലേറേ പ്രവാസികളുടെ മൃതദേഹങ്ങള്‍ ഗള്‍ഫില്‍നിന്നും നാട്ടിലെത്തിച്ച ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ഈ സഭയില്‍ അംഗമാണ്, ലോകപ്രശസ്ത ഓങ്കോളജിസ്റ്റും ഭാഷാ സ്‌നേഹിയുമായ ഡോക്ടര്‍ എം വി പിള്ളയെ( Madhavan V Pillai )പ്പോലെ സാമൂഹിക പ്രവര്‍ത്തക( Sunitha Krishnan ) സുനിത കൃഷ്ണനെപ്പോലെ പ്രഗത്ഭരുടെ നീണ്ട നിര. വിവിധകോണുകളില്‍നിന്നും ഒട്ടേറെ ടെക്കികളും ശാസ്ത്രജ്ഞരും ഇതില്‍ അംഗങ്ങളാണ്, പുതിയ പ്രവാസ ഭൂമികയായ ആഫ്രിക്കയുടെ അവസരങ്ങളും സാധ്യതകളും പ്രശ്‌നങ്ങളും അവതരിപ്പിച്ച Somy Solomonനും Vidya Abhilashഷും ജയരാജ് ഉം ഇതില്‍ അംഗങ്ങളാണ്. എന്റെ SFI സഹയാത്രികന്‍ Simon Samuel ഫ്യൂജിറ യില്‍ നിന്നും അംഗമാണ്.

ആട് ജീവിതത്തിലെ യഥാര്‍ത്ഥ നായകന്‍ നജീബിനൊപ്പം

അയര്‍ലാന്‍ഡില്‍ നിന്നും ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ ക്രാന്തിയുടെ സെക്രട്ടറിയായ Abhilash Thomas ആണ് പങ്കെടുത്തതെങ്കില്‍ ഇംഗ്‌ളണ്ടില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഒഐസിസിയുടെ പ്രസിഡണ്ടും ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സംഘാടകനുമായ Thekkummuri Haridas ഹരിദാസാണ് പങ്കെടുത്തത്,’ദി ഐവറി ത്രോണ്‍’ എന്ന ചരിത്ര പുസ്തകത്തിന്റെ രചയിതാവും ശശി തരൂര്‍ എം പി യുടെ മുന്‍ സെക്രട്ടറിയും ലണ്ടന്‍ കിങ്‌സ് കോളേജ് വിദ്യാര്‍ഥിയുമായ Manu S Pillai യും, ഇടതു സാമൂഹിക പ്രവര്‍ത്തകനായ കാര്‍മ്മല്‍ മിരാണ്ടയുമായിരുന്നു ഇംഗ്ലണ്ടില്‍നിന്നും എന്നെക്കൂടാതെയുള്ള മറ്റു രണ്ടു പ്രതിനിധികള്‍. നെറ്റ്‌വര്‍ക്ക് റയിലിലെ സ്ട്രകച്ചറല്‍ എന്‍ജിനീയറായ Rekha Babumon പ്രത്യേക ക്ഷണിതാവായിരുന്നു. ഈ പൊസിഷനിലുള്ള അപൂര്‍വം സ്ത്രീകളില്‍ ഒരാളാണ് രേഖ. ഡിസാസ്റ്റര്‍ മാനേജ്മന്റ് രംഗത്തെ പ്രമുഖന്‍ മുരളി തുമ്മാരുകുടി യൂഎന്‍ പാസ്‌പോര്‍ട്ട് ഉള്ളതിനാലാണ് അംഗമാകാത്തത് എന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മാത്രമേ ലോക കേരള സഭയില്‍ അംഗമാകാന്‍ കഴിയൂ എന്ന നിയമപ്രശ്‌നമാണ് അമേരിക്കയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഒട്ടേറെ പ്രഗത്ഭരുടെ അംഗത്വത്തിന് വിലങ്ങുതടിയായത്. ഒരുപക്ഷെ അതുതന്നെയാകും എന്നെപോലെയുള്ള ഒരാള്‍ക്ക് വാതില്‍ തുറന്നതും. ഏതൊരു പ്രവാസിയും ഇതില്‍ അംഗത്വം നേടാന്‍ യോഗ്യരാണ് എന്നാണ് എന്റെ പക്ഷം. എന്നേക്കാള്‍ യോഗ്യരായ ഒരു നൂറുപേരുടെ മുഖങ്ങള്‍ ഇംഗ്‌ളണ്ടില്‍ നിന്ന് തന്നെ എന്റെ മുന്‍പിലുണ്ട്. മുന്‍പ് സൂചിപ്പിച്ച പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും പരിമിതമായ അംഗഘടനയുടെ അടിസ്ഥാനത്തിലും യോഗ്യരായ പലരും മാറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടാകും. എന്റെ യോഗ്യത വിലയിരുത്തേണ്ടത് എന്നെ അറിയുന്നവരാണ്, എന്റെ പൂര്‍വകാല പ്രവര്‍ത്തനങ്ങളുടെ ഫലം,അതിന്റെ ഗുണഭോക്താക്കള്‍ക്ക് ബോധ്യമുണ്ട്. പണ്ടും ഇപ്പോഴും ചെയ്ത കാര്യങ്ങള്‍/ചെയ്യുന്ന കാര്യങ്ങള്‍ മൈക്ക് വച്ച് വിളംബരം ചെയ്യാറില്ല. ലോക കേരള സഭയ്‌ക്കെതിരെ അക്ഷരങ്ങള്‍ അടുക്കി അഭ്യാസം നടത്തുന്ന ‘മഞ്ഞ’ കളുടെയും അവര്‍ക്ക് ചൂട്ടു പിടിക്കുന്നവരുടെയും കൊതിക്കെറുവിന് നല്ലനമസ്‌കാരം…!

സുനിത കൃഷ്ണനൊപ്പം

പ്രവാസി കണക്കെടുപ്പുകള്‍ കേരളത്തിന് പുറത്തു നടത്തുന്നതിന് പകരവും, വിമാനത്താവളങ്ങളും സംഘടനകളും കേന്ദ്രീകരിച്ചും നടത്തുന്നതിനുപകരവും, എല്ലാ പഞ്ചായത്തിലെയും വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുസമയബന്ധിതമായി നടത്തണം എന്നതാണ് ഞാന്‍ മുന്നോട്ടുവച്ച ഒരു നിര്‍ദേശം.കാരണം നമ്മുടെ വീടുകളില്‍ ഉള്ളവരും അയല്‍വാസികളും വ്യക്തമായി പറയും ഓരോ വീട്ടിലെയും പ്രവാസികളുടെ കണക്ക്. പ്രവാസം മതിയാക്കി എത്തിയവരെ പുനരധിവസിപ്പിക്കാനും നാട്ടിലെ കണക്കെടുപ്പ് സഹായിക്കും.ആവശ്യമായ വിസയും രേഖകളും ഇല്ലാതെയും വിസ കാലാവധി കഴിഞ്ഞും പുറത്തു തുടരുന്ന ആളുകള്‍ കണക്കുകളില്‍നിന്നും എന്നും പുറത്താണ്. സമൂഹം കല്‍പ്പിക്കുന്ന മാന്യമായ പണി ചെയ്യാത്ത ആളുകളും സാമ്പത്തിക ഔന്നത്യം പ്രാപിച്ചിട്ടില്ലാത്തവരും, ജീവിത ഓട്ടത്തില്‍ പരാജയപ്പെട്ടു എന്ന് തോന്നി ഉള്‍വലിയുന്നവരും, സ്വയം തീരുമാനിച്ച് ഈ കണക്കുകള്‍ക്കു പുറത്തായിരിക്കും ഉണ്ടാവുക. സഭയിലെ തീരുമാനങ്ങളും നിര്‍ദേശങ്ങളും അടുത്ത കുറിപ്പില്‍ അറിയിക്കാം.എന്തായാലും ഒന്നുറപ്പ്, കഴിഞ്ഞ കാലത്തെപ്പോലെയുള്ള വെറും കൂടിച്ചേരലുകളല്ല ഇത്. ഇപ്പോള്‍ തന്നെ സുഗമവും ശക്തവുമായ പ്രവര്‍ത്തനത്തിന് ഒരു സെക്രട്ടേറിയറ്റും ഏഴ് സബ് കമ്മിറ്റികളും രൂപീകരിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു.

സാധാരണക്കാരില്‍ സാധാരണക്കാരായ പ്രവാസികളെ ഈ സര്‍ക്കാര്‍ മറക്കുന്നില്ല എന്നോര്‍മ്മിപ്പിച്ച മുഖ്യമന്ത്രി സഖാവ് Pinarayi Vijayanന്റെ ഈ ഉദ്യമത്തിന് രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് ലഭിച്ചത്. പ്രവാസികളുടെ വിഷയത്തില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല എന്നും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് Ramesh Chennithala യുടെ വാക്കുകള്‍ മാത്രം മതി ഈ ഉദ്യമം വിജയമാകും എന്നുറപ്പിക്കാന്‍. നാട്ടിലെ രാഷ്ട്രീയം ചര്‍ച്ചയേ ചെയ്യാതെ പ്രവാസി പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ചയായ നാല്പത്തിയെട്ടു മണിക്കൂറുകള്‍. അവസാനമീറ്റിങ്ങില്‍ കേന്ദ്രമന്ത്രി Alphons Kannanthanamന്റെ പ്രസംഗത്തില്‍ മാത്രമാണ് രാഷ്ട്രീയം കടന്നുവന്നത്. അതുവരെ നടന്ന ചര്‍ച്ചകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടു മാത്രമാണ് അദ്ദേഹം രാഷ്ട്രീയം സംസാരിച്ചത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. ചടുല വേഗത്തില്‍ ഈ മഹാസമ്മേളനം കുറ്റമറ്റതായി സംഘടിപ്പിച്ചു വിജയിപ്പിച്ച ബഹുമാന്യനായ സ്പീക്കര്‍ P Sreeramakrishnan ന്റെ ഏകോപനം പ്രശംസയര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ വലംകൈയായി നിയമസഭാ സെക്രട്ടറി എപ്പോഴും ഉണ്ടായിരുന്നു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോക്ടര്‍ ഹരിലാലും നോര്‍ക്ക എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് Varadarajan K Varadarajan നും തിരശീലക്കു പിന്നില്‍ സാദാ ജാഗരൂകരായി ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തില്‍ അവരുടെ ശ്രദ്ധ ഉണ്ടാകുമെന്ന് ഉറപ്പ്.

‘ബ്രെയിന്‍ ഡ്രയിന്‍ അല്ല ബ്രെയിന്‍ ഗെയിന്‍’ ആണ് പ്രവാസികളില്‍ നിന്നും കേരളം തിരിച്ചു പ്രതീക്ഷിക്കുന്നത് എന്നഭിപ്രായപ്പെട്ട, പ്രവാസി ക്ഷേമത്തിനായി അവരുടെ സമ്പാദ്യ സുരക്ഷക്കായി ഇതാദ്യമായി പ്രവാസികള്‍ക്കായി ചിട്ടി അവതരിപ്പിച്ച ധനമന്ത്രി Dr.T.M Thomas Isaac ഏറെക്കുറെ മുഴുവന്‍ സമയവും ഇതില്‍ പങ്കെടുത്തു. ടൂറിസം സാദ്ധ്യതകള്‍ വിദേശികളെ ബോധ്യപ്പെടുത്താന്‍ പ്രവാസികളോട് സഹായം അഭ്യര്‍ഥിച്ചും രൂപീകൃതമാകുന്ന കേരള ബാങ്ക് അടക്കമുള്ള സഹകരണ മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവാസി സമൂഹത്തിന് വേണ്ടതെന്തും നല്‍കാന്‍ തയ്യാറാണെന്നും ടൂറിസം സഹകരണ മന്ത്രി Kadakampally Surendran വകുപ്പുകള്‍ അടിസ്ഥാനമാക്കി നടന്ന ഗ്രൂപ്പ് ചര്‍ച്ചകളില്‍ വ്യക്തമാക്കി. പ്രവാസികളുടെ നാടുമായുള്ള ഇഴയടുപ്പം കൂട്ടാന്‍ സാംസ്‌കാരിക വിനിമയ പരിപാടികളും മലയാളം മിഷന്‍ പ്രവര്‍ത്തനവും വ്യാപിപ്പിക്കുമെന്നാണ് സാംസ്‌കാരിക മന്ത്രി AK ബാലന്റെയും മലയാളം മിഷന്‍ ഡയറക്ടര്‍ Suja Susan George ന്റെയും വാഗ്ദാനം. ആരോഗ്യമേഖലയില്‍ പുറത്തുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ശീലമുള്ള മെഡിക്കല്‍ രംഗത്തെ പ്രവാസികളായ വിദഗ്ദ്ധ രുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും. സ്ത്രീ സുരക്ഷക്ക് കൃത്യമായ ബോധവല്‍ക്കരണവും പ്രശ്‌നത്തില്‍ പെട്ടിട്ടുള്ളവര്‍ക്ക് സംരക്ഷണവും സഹായവും നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ വനിതാ വകുപ്പ് മന്ത്രിയുമായ ശൈലജ ടീച്ചര്‍ ഉറപ്പുനല്‍കി. വിഷയങ്ങളില്‍ ബന്ധപ്പെടുമ്പോള്‍ സംസ്ഥാനം എന്ന പരിമിതി മറികടക്കാന്‍ വേണ്ട എല്ലാ ശ്രമങ്ങളും സ്ത്രീകള്‍ക്കായി നടത്താന്‍ സദാ സന്നദ്ധമാണെന്ന് മുന്‍ ആരോഗ്യ മന്ത്രി Sreemathy ടീച്ചര്‍ എംപി യും സഭയ്ക്ക് ഉറപ്പുനല്‍കി.

വളരെയധികം പ്രവാസികളുള്ള, ഞാന്‍ ഉള്‍പ്പെടുന്ന ആറന്മുള മണ്ഡലത്തിലെ എംഎല്‍എ Veena George പ്രവാസികളുടെ മാതാപിതാക്കളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാന്‍ താന്‍ മണ്ഡലത്തില്‍ ഇടപെട്ട വിഷയങ്ങളെ ഉദാഹരിച്ചുകൊണ്ട് നിര്‍ദേശങ്ങള്‍ വച്ചു. വ്യവസായസംരഭങ്ങള്‍ തുടങ്ങാന്‍ പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ചവര്‍ക്കുമായി ഏകജാലക സംവിധാനമാണ് മറ്റൊരു പ്രധാന നിര്‍ദേശം. മുഴുവന്‍ മന്ത്രിമാരും മുഴുവന്‍ സമയവും പങ്കെടുത്തു എന്നത് ഈ സഭയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഒരേ സമയം അഞ്ചു വ്യത്യസ്ത വേദികളില്‍ വിഷയങ്ങള്‍ അധികരിച്ചും ജോഗ്രഫിക്കല്‍ റീജിയന്‍ അടിസ്ഥാനത്തിലും ചര്‍ച്ചകള്‍ നടന്നതിനാല്‍ ചില വകുപ്പുകളിലും വിഷയങ്ങളിലുമുള്ള ചര്‍ച്ചകള്‍ കേള്‍ക്കാന്‍ അവസരം കിട്ടിയില്ല. എന്റെ പ്രിയപ്പെട്ട SFI കാല സുഹൃത്തുക്കള്‍ PK Biju വും MB Rajesh ഷും തുടങ്ങി മിക്ക എം പി മാരും മുഴുവന്‍ സമയവും സജീവമായിത്തന്നെ പങ്കെടുത്തു. എന്റെ പ്രിയപ്പെട്ട സഖാക്കള്‍ എം എല്‍ എ മാരായ T.V. Rajesh M Swaraj Shamseer An KD Prasenan Raju Abraham M.L.A A Pradeep Kumar തുടങ്ങിയവര്‍ ക്ഷേമാന്വേഷങ്ങളും നിര്‍ദേശങ്ങളുമായി സഭയിലുടനീളം പങ്കെടുത്തു.ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ചും പ്രവാസികളോടുള്ള പ്രത്യേക താല്പര്യം മുന്‍നിര്‍ത്തി സഖാവ് V. S. Achuthanandan സമ്മേളനത്തില്‍ പങ്കെടുത്തു, സംസാരിച്ചു. പ്രജാക്ഷേമ തല്പരനും സര്‍വോപരി സാമൂഹിക പരിഷ്‌കര്‍ത്താവുമായ തൃത്താല ‘രായാവിനെ’ ആവഴി കണ്ടുമില്ല…!!!

‘കുടിയേറ്റം എന്നത് പ്രവാസമല്ല. വത്യസ്തമായ ഒരു സംസ്‌കാരത്തിലേയ്ക്ക് പറിച്ച് നടലാണു. ഈ പരിണാമത്തില്‍ നഷ്ടപ്പെടുന്നത് സ്വന്തം കുടുംബവും ബന്ധുക്കളുമാണു. ഇന്റര്‍ന്നെറ്റും ഫോണും ഒരു പരിധി വരെ ഈ നഷ്ടങ്ങളുടെ ആഘാതം കുറയ്ക്കുന്നുണ്ട്. പക്ഷെ അതൊരു ശാശ്വതമായ പരിഹാരമല്ല. ആ നഷ്ടബോധത്തില്‍ നിന്ന് കരകയറാന്‍ നമ്മള്‍ ചെന്ന നാട്ടില്‍ ഒരു കുടുംബം സൃഷ്ടിക്കും. ഞങ്ങടെ മക്കള്‍ പരസ്പരം കസിന്‍സ് ആകും. ഞങ്ങള്‍ അമ്മാവമ്മാരും അമ്മായികളും. നമ്മുടെ കുട്ടിക്കാലം നമ്മുടെ മക്കള്‍ക്ക് നല്‍കാനൊരു സൂത്രപ്പണി. ഈ കുടുംബത്തില്‍ ജാതിയും മതവുമില്ല.’

ഇത് അമേരിക്കന്‍ പ്രവാസിയായ Ranjith Antony പണ്ട് എഴുതിയ ഒരുഫേസ്ബുക് കുറിപ്പിലെ ഭാഗമാണ്, കുടിയേറ്റമായാലും പ്രവാസമായാലും എന്നേപ്പോലെ ഒരുവനെ സംബന്ധിച്ച് സ്വയം നഷ്ടപ്പെടുത്തലാണ്. അതിലെ നമ്മുടെ നാടിനെ ഭാഷയെ സംസ്‌കാരത്തെ എത്രത്തോളം തിരിച്ചുപിടിക്കാം എന്നതാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്. തുടക്കത്തില്‍ പറഞ്ഞ പോലെ അതിനുള്ള ഇന്ധനമാണ് നിങ്ങളുടെ, നാട്ടിലുള്ളവരുടെ കരുതല്‍, ഓര്‍മ്മ…!

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ക്രിയാത്മമായ വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ആദ്യ ലോക കേരള സഭയില്‍ യുകെ മലയാളികളെ പ്രതിനിധീകരിച്ച അഞ്ച് പേരില്‍ ഒരാളായ രാജേഷ് കൃഷ്ണ യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും ബിബിസിയില്‍ മാധ്യമ പ്രവര്‍ത്തകനും ആണ്.)

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles