ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനത്തെ ടൂറിസം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. റെയില്‍വേ പ്രതിസന്ധി, തീവ്രവാദാക്രമണങ്ങളേക്കുറിച്ചുള്ള ആശങ്കകള്‍, താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്ന വന്‍ തുക എന്നിവ സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റിയെന്നാണ് വിശദീകരിക്കപ്പെടുന്നത്. അസോസിയേഷന്‍ ഓഫ് ലീഡിംഗ് വിസിറ്റര്‍ അട്രാക്ഷന്‍സ് (ആല്‍വ) കണക്കുകള്‍ അനുസരിച്ച് സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ടൂറിസത്തിന് 2017ല്‍ മികച്ച വളര്‍ച്ച നേടാനായിട്ടുണ്ട്.

മൊത്തം കണക്കുകള്‍ എടുത്താല്‍ 2016നെ അപേക്ഷിച്ച് 7.3 ശതമാനം അധികം സഞ്ചാരികളാണ് യുകെയില്‍ എത്തിയത്. സ്‌കോട്ട്‌ലന്‍ഡില്‍ 13.9 ശതമാനവും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 6.5 ശതമാനവും അധിക വളര്‍ച്ചയുണ്ടായപ്പോള്‍ ലണ്ടനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ വെറും 1.2 ശതമാനം വളര്‍ച്ച മാത്രമാണ് കാണാന്‍ കഴിഞ്ഞത്. സതേണ്‍ റെയില്‍വേയുടെ അസ്ഥിരതയാണ് ലണ്ടന്റെ പരാജയത്തിന് ഒരു പ്രധാന കാരണമായി എടുത്ത് കാണിക്കപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ റെയില്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

തീവ്രവാദ ഭീഷണിയാണ് സഞ്ചാരികളെ ലണ്ടനില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന മറ്റൊരു സംഗതി. യാത്രച്ചെലവും ഭക്ഷണത്തിനും പാനീയങ്ങള്‍ക്കു നല്‍കേണ്ടി വരുന്ന വന്‍ തുകകളും കുടുംബമായി യാത്ര ചെയ്യുന്നവരെ ലണ്ടനില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. പതിനൊന്നാമത്തെ വര്‍ഷവും ബ്രിട്ടീഷ് മ്യൂസിയമാണ് ലണ്ടനിലെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. എങ്കിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ 8 ശതമാനം കുറവ് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.

ടെയ്റ്റ് മോഡേണ്‍ 3 ശതമാനം ഇടിവോടെ രണ്ടാം സ്ഥാനത്തും 16.5 ശതമാനനം സന്ദര്‍ശകരുടെ കുറവുമായി നാഷണല്‍ ഗ്യാലറി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറിയില്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.