ചങ്ങനാശേരിയിൽ ജ്യൂസ് കട ജീവനക്കാരനായ യുവാവ് കഴുത്തിൽ കുരുക്കിട്ടു യുവതിയെ വീഡിയോ കോളിൽ കാണിച്ചു ജീവനൊടുക്കി

ചങ്ങനാശേരിയിൽ ജ്യൂസ് കട ജീവനക്കാരനായ യുവാവ് കഴുത്തിൽ കുരുക്കിട്ടു യുവതിയെ വീഡിയോ കോളിൽ കാണിച്ചു ജീവനൊടുക്കി
February 27 05:45 2020 Print This Article

കഴുത്തിൽ കുരുക്കിട്ട്, സുഹൃത്തായ യുവതിയെ വിഡിയോ കോളിലൂടെ കാട്ടിയ ശേഷം യുവാവ് ജീവനൊടുക്കി. ആലപ്പുഴ ആലിശേരി വാർഡ് കമ്പിവളപ്പിൽ ഷംസുദീന്റെ മകൻ ബാദുഷയാണ് (24) മരിച്ചത്. ഇന്നലെ പുലർച്ചെ രണ്ടിന് പൂച്ചമുക്ക് ഭാഗത്തുള്ള ലോഡ്ജിലായിരുന്നു സംഭവം.

ചങ്ങനാശേരിയിലെ ജ്യൂസ് കടയിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച രാത്രിയിൽ ജോലിക്കു ശേഷം 12ന് മുറിയിൽ എത്തിയ ബാദുഷ സുഹൃത്തായ യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനിടയിൽ വിഡിയോ കോളിൽ എത്തി താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് കഴുത്തിൽ കുരുക്കിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവതി ഉടൻ തന്നെ ബാദുഷ ജോലി ചെയ്യുന്ന കടയുടെ ഉടമയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ രാവിലെ കടയുടമ യുവതിയെ തിരിച്ചു വിളിച്ചപ്പോഴാണു സംഭവം അറിഞ്ഞത്. തുടർന്ന് ലോഡ്ജിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് ബാദുഷയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

വാതിൽ ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് ഉള്ളിൽ കടന്നാണ് മൃതദേഹം താഴെ ഇറക്കിയത്. ബാദുഷ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. ഇതിനിടയിലാണ് യുവതിയുമായി സൗഹൃദത്തിലായത്. ഈ യുവതിയുമായുള്ള സൗന്ദര്യപ്പിണക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

ബാദുഷയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങൾ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ആലപ്പുഴ കിഴക്കേ ജുമാ മസ്ജിദിൽ കബറടക്കി. മാതാവ്: മുംതാസ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles