ഭീതിയില്‍ ജീവിക്കുന്ന ജനത; ജോജി തോമസ്‌ എഴുതുന്ന മാസാന്ത്യാവലോകനം

ഭീതിയില്‍ ജീവിക്കുന്ന ജനത; ജോജി തോമസ്‌ എഴുതുന്ന മാസാന്ത്യാവലോകനം
July 31 07:16 2018 Print This Article

ജോജി തോമസ്

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജനതയില്‍ ഇന്ന് അന്തര്‍ലീനമായി കിടക്കുന്ന പ്രധാന ഭാവം ഭീതിയാണ്. തൊടിയില്‍ വളരുന്ന പേരയുടെയോ ചാമ്പയുടെയോ ഫലങ്ങള്‍ പോലും ഭക്ഷിക്കുവാന്‍ ഭയപ്പെടുകയാണ് ജനങ്ങള്‍. നിപ്പ വൈറസ് ഭീതി വിതച്ചതിന് ശേഷം വിട്ടുമുറ്റത്തെ പഴവര്‍ഗ്ഗങ്ങള്‍ പലവീടുകളിലും പാഴായി പോവുകയാണ്. മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള നാല് മാസങ്ങള്‍ പനിയുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും താണ്ഡവകാലമാണ്. ഇത്തവണത്തെ കാലവര്‍ഷത്തെ ശക്തമായ തുടര്‍ന്ന് വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വെള്ളമിറങ്ങി കഴിയുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ പതിവിലും വ്യാപകമാവാനുള്ള സാധ്യതകള്‍ ഏറെയാണ്.

ഭയത്തോടെയാണ് ജനങ്ങള്‍ റോഡുകള്‍ ഉപയോഗിക്കുന്നത്. ഭക്ഷ്യ സാധനങ്ങളില്‍ മായം ചേര്‍ക്കുമെന്ന ഭയത്താല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ന് തിന്‍ മേശയ്ക്ക് അന്യമാണ്. ഇതിനെല്ലാം പുറമെയാണ് കാലവര്‍ഷം ശകുനമാകുമ്പോഴെല്ലാം മുല്ലപ്പെരിയാര്‍ ഡാം എന്ന ഭീതി മുപ്പതുലക്ഷത്തോളം വരുന്ന മലയാളികളുടെ ഉറക്കം കെടുത്തുന്നത്. അടുത്തകാലത്ത് കേരളത്തെ പിടിച്ചുലച്ച നിപ്പാ വൈറസ് കേരളമൊട്ടാകെയും പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ വിതച്ച ഭീതി കുറച്ചൊന്നുമല്ല. നിപ്പാ വൈറസ് വവ്വാലുകളാണ് പരത്തുന്നതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പേരയ്ക്കാ, ചാമ്പ തുടങ്ങി തൊടിയിലും മുറ്റത്തും സമൃദ്ധമായിരുന്ന പോഷക സമ്പുഷ്ടമായ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ മലയാളികള്‍ക്ക് ഭയമായത്.

മണ്‍സൂണ്‍ ആരംഭിക്കുന്നത് മുതലുള്ള മൂന്നുനാലു മാസങ്ങള്‍ മലയാളികള്‍ പനിപ്പേടിയിലാണ് കഴിഞ്ഞുകൂടുന്നത്. ഒരോ വര്‍ഷവും പലരൂപത്തിലും ഭാവത്തിലുമുള്ള പകര്‍ച്ചവ്യാധികള്‍ നമ്മളെ പിടികൂടാറുണ്ട്. പല പകര്‍ച്ചവ്യാധികളുടെയും പേര് ആദ്യമായാണ് മലയാളികളില്‍ ഭൂരിഭാഗവും കേള്‍ക്കുന്നത് പോലും. കഴിഞ്ഞ വര്‍ഷം ആയിരങ്ങളാണ് പകര്‍ച്ചവ്യാധികളും അനുബന്ധ രോഗങ്ങളും മൂലം ചികിത്സ തേടിയത്. നിരവധിപേര്‍ മരണമടയുകയും ചെയ്തു. എല്ലാ വര്‍ഷവും സംവങ്ങള്‍ ഗുരുതരാവസ്ഥയിലാകുമ്പോള്‍ ചാനല്‍ ചര്‍ച്ചയും മന്ത്രിമാരുടെ പ്രസ്താവനകളും മുറയ്ക്ക് നടക്കുമെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജനങ്ങളുടെ സ്വൈര്യജീവിതം താറുമാറാകാതിരിക്കാനുമുള്ള യാതൊരു മുന്‍കരുതലും ഉണ്ടാകുന്നില്ല. ശൂചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു പരിഗണനയും ലഭിക്കുന്നില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഒരുക്കിയ സൗകര്യങ്ങളെല്ലാം നിര്‍ത്തലാക്കിയിരിക്കുകയാണ്. ഒരോ വ്യക്തികളും അവരുടെ വീടുകളില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് സര്‍ക്കാരിന്റെ നയം. രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് സ്ഥലപരിമിതി മൂലം ഇത്തരം സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രായോഗികമായ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇതിന്റെ അനന്തരഫലമെന്നു പറയുന്നത് പൊതുസ്ഥലങ്ങളിലെ പല ഒഴിഞ്ഞ കോണുകളും മാലിന്യ കൂമ്പാരങ്ങളുണ്ടാവുകയും പകര്‍ച്ചവ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു എന്നതാണ്. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ സിസിടിവി സ്ഥാപിക്കുക തുടങ്ങിയ അപ്രായോഗിക കാര്യങ്ങളിലാണ് സര്‍ക്കാരിന്റെ ശ്രദ്ധ.

മായം ചേര്‍ന്ന ഭക്ഷ്യ വസ്തുക്കള്‍ ഇത്രയധികം കഴിക്കാന്‍ വിധിക്കപ്പെട്ട ഒരു ജനത ലോകത്ത് മറ്റൊരിടത്തും ഉണ്ടാവില്ല. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ മനുഷ്യശരീരത്തിന് വളരെയധികം ഹാനികരമായ ഫോര്‍മാലിന്‍ എന്ന രാസവസ്തു ഉപയോഗിക്കുന്നുവെന്ന് തെളിഞ്ഞതില്‍ പിന്നെ കടല്‍ മത്സ്യം മലയാളികളുടെ തീന്‍ മേശയ്ക്ക് അന്യമാവുകയാണ്. ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാലിന്‍ മോര്‍ച്ചറിയിലെ ഉപയോഗത്തിന് ശേഷം മാനലിന്യ പുറന്തള്ളുമ്പോഴാണ് മായം ചേര്‍ക്കലുകാര്‍ ഇത് സംഭരിക്കുന്നതെന്ന കഥകള്‍ കൂടി പ്രചരിച്ചതോടെ തീന്‍മേശയില്‍ മത്സ്യം കാണുന്നത് തന്നെ ആരോഗ്യകാരണങ്ങളാലുള്ള ഭയത്തേക്കാള്‍ ഉപരി അറപ്പും വെറുപ്പുമാണ് ഉണ്ടാകുന്നത്. ഫോര്‍മാലിന്‍ കലര്‍ന്ന ടണ്‍ കണക്കിന് മത്സ്യം പിടിച്ചെടുത്തെങ്കിലും ഉത്തരവാദികള്‍ക്കെതിരെ യാതൊരു നിയമനടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ മുതിരുന്നില്ലെന്ന് തന്നെയല്ല് പലപ്പോഴും മായം കലര്‍ന്ന മത്സംയ തിരിച്ചയക്കുകയും ചെയ്യുന്നു. ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം വളരെനാള്‍ കേടാകാതെ ഇരിക്കുന്നതിനാല്‍ വ്യാപാരികള്‍ക്ക് ഇത് മറ്റൊരു സ്ഥലത്ത് വില്‍ക്കാന്‍ സഹായകരമാകുന്നു.

കേരളത്തിലെ റോഡുകളാണ് മറ്റൊരു പേടിസ്വപ്നം. കടല്‍ക്ഷോഭ സമയത്ത് മീന്‍ പിടിക്കാന്‍ പോകുന്നത് പോലെ അപകടരമാണ് കേരളത്തിലെ റോഡ് യാത്ര. സുരക്ഷിതമല്ലാത്ത റോഡുകളുടെ അവസ്ഥയും വാഹനപ്പെരുപ്പവും ട്രാഫിക്ക് നിയമങ്ങള്‍ കൂസാത്ത ജനങ്ങള്‍കൂടി ചേരുമ്പോള്‍ കേരളത്തിലെ റോഡുകള്‍ തികച്ചും ഭീതി ജനകമാണ്.

ഇതിനെല്ലാം പുറമെയാണ് ഒരോ കാലവര്‍ഷവക്കാലത്തും കേരള ജനതയുടെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാര്‍. കേന്ദ്ര ഗവണ്‍മെന്റിന്റെയും അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെയും സുപ്രീം കോടതിയുടെയും നിലപാടുകള്‍ മൂലം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് സമീപ ഭാവിയിലെങ്ങും ഒരു ശാശ്വത പരിഹാര കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

ഇത്തരത്തില്‍ പലരൂപത്തിലും ഭാവത്തിലുമുള്ള ഭീതിയല്‍പ്പെട്ട് കഴിയേണ്ട ദയനീയാവസ്ഥയാണ് മലയാളികളിന്ന്. ഈ ഭീതികലില്‍ പലതും സര്‍ക്കാരിന്റെയും ജനങ്ങളുടെയും ഭാഗത്ത് നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ ഒഴിവാക്കപ്പെടാവുന്നതേ ഉള്ളു. അതിന് സാധിക്കുന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ക്ക് തൊടിയിലെ ഫലവര്‍ഗ്ഗങ്ങളും മാലയാളികളുടെ ഇഷ്ട ഭക്ഷണമായ കടല്‍ മത്സ്യങ്ങളുമെല്ലാം അന്യമാകും.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles