ഗസല്‍ മാന്ത്രികന്‍ ബാബുരാജിനെ അനുസ്മരിച്ച് മയൂര ഫെസ്റ്റ് 2018 കെറ്ററിംഗില്‍ അരങ്ങേറി

ഗസല്‍ മാന്ത്രികന്‍ ബാബുരാജിനെ അനുസ്മരിച്ച് മയൂര ഫെസ്റ്റ് 2018 കെറ്ററിംഗില്‍ അരങ്ങേറി
May 25 07:46 2018 Print This Article

ഗസലിന്റെ മനോഹാരിതയും ശുദ്ധ സംഗീതത്തിന്‍റെ മധുരിമയും നൃത്ത ചുവടുകളുടെ നൂപുരധ്വനിയും ഇഴുകി ചേര്‍ന്ന ഒരു സായംസന്ധ്യ യുകെ മലയാളികള്‍ക്ക് നല്‍കി കൊണ്ട് ട്യൂണ്‍ ഓഫ് ആര്‍ട്സ് ഒരുക്കിയ മയൂര ഫെസ്റ്റ് 2018 കെറ്ററിംഗില്‍ അരങ്ങേറി. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന കലാപ്രേമികളുടെ ഹൃദയം കവര്‍ന്ന പ്രോഗ്രാമുകളുമായാണ് മയൂര ഫെസ്റ്റ് അണിയിച്ചൊരുക്കിയത് എന്നതില്‍ സംഘാടകര്‍ക്ക് അഭിമാനിക്കാം. പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ കലാസ്വാദകരുടെ രസച്ചരട് പൊട്ടാത്ത വിധത്തില്‍ വിവിധ പ്രോഗ്രാമുകള്‍ കോര്‍ത്തിണക്കിയ കലാവിരുന്ന് സംഘാടകരുടെ അശ്രാന്ത പരിശ്രമത്തിന്റെ നേര്‍ക്കാഴ്ച കൂടിയായി മാറി.

പ്രശസ്ത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിനെ അനുസ്മരിക്കുന്ന സാംസ്കാരിക സമ്മേളനത്തോടെ ആയിരുന്നു മയൂര ഫെസ്റ്റിന് തുടക്കം കുറിച്ചത്. യുകെയിലെ പ്രമുഖ എഴുത്തുകാരിയായ മീര കമല സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, ബീ ഇന്‍റര്‍നാഷണല്‍ സിഇഒ അഡ്വ. സുഭാഷ്‌ ജോര്‍ജ്ജ് മാനുവല്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍റെ പ്രസിഡണ്ട് സുജിത്തിന്‍റെ പിതാവും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ സ്കറിയ സാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അജിത്‌ പാലിയത്ത് സ്വാഗതം ആശംസിച്ചു.

യുകെയിലെ പ്രശസ്ത നൃത്ത അദ്ധ്യാപികയായ ജിഷ സത്യനെ ചടങ്ങില്‍ ആദരിച്ചു. മുഖ്യാതിഥിയായ മീര കമല ജിഷ സത്യനെ പൊന്നാടയണിയിച്ചു. അന്തരിച്ച പ്രശസ്ത സംഗീതജ്ഞനായ എം. എസ്. ബാബുരാജിനെ അനുസ്മരിച്ച് “കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍” എന്ന പേരില്‍ നടത്തിയ ലൈവ് ഗസല്‍ സന്ധ്യ ആയിരുന്നു മയൂര ഫെസ്റ്റിലെ മറ്റൊരു പ്രധാന പരിപാടി. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നെത്തിയ ഗായകരും ഓര്‍ക്കസ്ട്ര ടീമംഗങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച ലൈവ് ഗസല്‍ ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. സെബാസ്റ്റ്യന്‍ മുതുപാറക്കുന്നേലും ഐറിസ് ടൈറ്റസും ചേര്‍ന്ന് നടത്തിയ  ആങ്കറിംഗ് പ്രോഗ്രാമിന് ഏറെ ചാരുത പകര്‍ന്നു.

മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഒരു മുറൈ വന്ത് പാര്‍ത്തായാ….. എന്ന നൃത്തം മനോഹരമായി അവതരിപ്പിച്ച ജിഷ ഏവരുടെയും കയ്യടി നേടി. സാലിസ്ബറിയില്‍ നിന്നെത്തിയ ജോസ് അവതരിപ്പിച്ച കവിതയും മിന്ന ജോസ്, മുന്ന ജോസ് എന്നിവര്‍ അവതരിപ്പിച്ച നൃത്തവും കെറ്ററിംഗിലെ ലക്ഷ്മി അവതരിപ്പിച്ച അവതരണ നൃത്തവും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു.

മനോഹരങ്ങളായ പ്രോഗ്രാമുകള്‍ക്ക് ശേഷം സ്പൈസി നെസ്റ്റ് ഒരുക്കിയ രുചികരമായ ഭക്ഷണവും കഴിച്ച ശേഷമാണ് എല്ലാവരും പിരിഞ്ഞത്. ട്യൂണ്‍ ഓഫ് ആര്‍ട്സ് ഭാരവാഹികളായ മെന്‍റക്സ്‌ ജോസഫ്, അജിത്‌ പാലിയത്ത്, സുജിത് സ്കറിയ, ബിജു നാലപ്പാട്ട്, പ്രേം നോര്‍ത്താംപ്ടന്‍, സുധീഷ്‌ കെറ്ററിംഗ്, ആനന്ദ് നോര്‍ത്താംപ്ടന്‍, ടോണി കെറ്ററിംഗ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles