“കാവല്‍ക്കാരന്‍ കള്ളനാണ് ” തിരഞ്ഞെടുപ്പ് ഗോദയിൽ കോണ്‍ഗ്രസിന് മുദ്രാവാക്യമായി; മോദിയെ കടന്നാക്രമിക്കാന്‍ തന്ത്രങ്ങൾ ഒരുക്കി രാഹുൽ

“കാവല്‍ക്കാരന്‍ കള്ളനാണ് ” തിരഞ്ഞെടുപ്പ് ഗോദയിൽ കോണ്‍ഗ്രസിന് മുദ്രാവാക്യമായി; മോദിയെ കടന്നാക്രമിക്കാന്‍ തന്ത്രങ്ങൾ ഒരുക്കി രാഹുൽ
February 09 12:00 2019 Print This Article

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് സിറ്റിംഗ് എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കേണ്ടെന്ന് തീരുമാനം. മോദിയുടെ ഭരണപരാജയം തുറന്നുകാട്ടുന്ന രീതിയിലുള്ള പ്രചാരണമാണ് നയിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റാഫേല്‍ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കി ഉയര്‍ത്താനും കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. കാവല്‍ക്കാരന്‍ കള്ളനാണ് എന്നതായിരിക്കണം പ്രധാനമുദ്രാവാക്യമെന്നും രാഹുല്‍ വ്യക്തമാക്കി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന പിസിസി അധ്യക്ഷന്‍മാരുടെയും നിയമസഭാ കക്ഷി നേതാക്കളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ഈ മാസം 18-ന് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് സംസ്ഥാനകോണ്‍ഗ്രസില്‍ തുടക്കമാകും. 25-ന് മുമ്പ് സ്ഥാനാര്‍ഥിപ്പട്ടിക നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കെപിസിസിയ്ക്ക് നിര്‍ദേശം നല്‍കി.

മത്സരിക്കുന്ന കാര്യത്തില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കണമെന്ന കാര്യം രാഹുല്‍ ഗാന്ധിയാണ് തീരുമാനിക്കുകയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പിസിസി അധ്യക്ഷന്‍ മത്സരിക്കണമെങ്കിലും രാഹുല്‍ ഗാന്ധിയുടെ തീരുമാനപ്രകാരമേ പറ്റൂ എന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റുണ്ടാകുമെന്നും ചെന്നിത്തല വ്യക്തമാക്കുന്നു. വിജയസാധ്യതയുള്ള സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കേണ്ടതില്ലെന്നും അവര്‍ തുടരട്ടെയെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. അവര്‍ സ്വയം ഒഴിഞ്ഞാല്‍ മാത്രമേ പുതിയ ഒരാളെ അന്വേഷിക്കേണ്ടതുള്ളൂ.

പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സ്ഥിതിക്ക് വടകരയില്‍ പുതിയ ആളെ കണ്ടെത്തേണ്ടി വരും. വയനാട് മണ്ഡലത്തില്‍ എം ഐ ഷാനവാസ് അന്തരിച്ച സ്ഥിതിയ്ക്ക് അവിടെ നിന്നും പുതിയ ആളെ കണ്ടെത്തേണ്ടി വരും. ഇതൊഴിച്ചാല്‍ കോണ്‍ഗ്രസില്‍ മറ്റ് സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റ് കിട്ടാനുള്ള സാധ്യതയാണുള്ളത്. കേരളത്തിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഒരേ കുടുംബത്തില്‍ നിന്ന് സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തേണ്ടെന്നും തീരുമാനമായിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles