അനന്തു രാജ്  

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ കാൾ സേഗന്റെ പുസ്തകത്തിൽ നിന്നുള്ള ഈ ഭാഗം വോയേജെർ വൺ എന്ന ശൂന്യാകാശവാഹനം അദ്ദേഹതിന്റെ നിർദ്ദേശപ്രകാരം എടുത്ത ഭൂമിയുടെ ഒരു ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെഴുതിയതാണ്. സൗരയുഥത്തിന്റെ വരമ്പത്ത് നിന്നുകൊണ്ട് ആ ബഹിരാകാശവാഹനം ഭൂമിയെ ഒന്നു തിരിഞ്ഞുനോക്കി. ആ നോട്ടത്തിൽ പകർത്തിയ ചിത്രത്തിൽ ഭൂമി സാധാരണപോലെ മാസ്മരിക കാഴ്ച്ചയൊന്നും സമ്മാനിച്ചില്ല. മറിച്ച് നമ്മുടെ ലോകം ഒരു സൂക്ഷ്മമായ നീലപ്പൊട്ടായിട്ടാണ് ഒതുങ്ങിയത്. മനുഷ്യർ എല്ലായ്പ്പോഴും യാത്രകളെയും, അലച്ചിലുകളെയും, പറക്കലിനെയും സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കരണങ്ങളായിട്ടാണ് കണ്ടിട്ടുള്ളത്. ആ അളവുകോൽ വച്ച് അളക്കുമ്പോൾ വോയേജെർ വൺ എന്ന നാടോടി എല്ലാ അതിരുകളും കടന്ന് കുതിക്കുകയാണ്. ഈ കാഴ്ചപ്പാടിൽ പ്രപഞ്ചത്തിലെ മനുഷ്യനിർമ്മിതമായ വസ്തുക്കളിൽ ഏറ്റവും സ്വതന്ത്രം ഭൂമിയിൽ നിന്ന് 2171 കോടി കിലോമീറ്റർ അകലെയുള്ള വോയേജെർ വൺ തന്നെയാണ്.

ഈ വിദൂരതയിൽനിന്ന് നോക്കുമ്പോൾ, ഭൂമി ഒരു അരോചകമായ കാഴ്ച്ചയായി തോന്നിയേക്കാം. പക്ഷേ നമുക്കത് എല്ലാമാണ്. ആ പൊട്ട് ഒന്നൂടെ നോക്കിയാൽ, അതാണ് ഇവിടം, അതാണ് വീട്, അതാണ് നമ്മൾ. അതിൽ നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരും, നിങ്ങൾക്ക് അറിയാവുന്ന എല്ലാവരും, നിങ്ങളിതുവരെ കേട്ടിട്ടുള്ള എല്ലാവരും, ഇതുവരെ ഉണ്ടായിരുന്ന എല്ലാ മനുഷ്യരും, അവരുടെ ജീവിതകാലം മുഴുവൻ ജീവിച്ചു തീർത്തു. നമ്മുടെ സന്തോഷത്തിന്റെയും കഷ്ടപ്പാടുകളുടേയും സമാഹാരം, ആയിരക്കണക്കിന് ആത്മവിശ്വാസത്തോടെയുള്ള മതവിശ്വാസങ്ങൾ, പ്രത്യയശാസ്ത്രങ്ങളും സാമ്പത്തിക സിദ്ധാന്തങ്ങളും, ഓരോ വേട്ടക്കാരനും ഇരയും, ഓരോ നായകനും ഭീരുവും, നാഗരികതയുടെ ഓരോ സ്രഷ്ടാവും വിനാശകനും, ഓരോ രാജാവും ഊരുപൊട്ടനും, പ്രണയത്തിൽ മുഴുകിയ ഓരോ കാമുകീകാമുകന്മാരും, ഓരോ മാതാപിതാക്കന്മാരും, ഓരോ പ്രത്യാശയുള്ള കുട്ടിയും, കണ്ടുപിടിത്തക്കാരനും ദേശപരിവേഷകനും, ധാർമികതയുടെ ഓരോ അധ്യാപകനും, ഓരോ ദുഷിച്ച രാഷ്ട്രീയക്കാരനും, ഓരോ “സൂപ്പർസ്റ്റാറും”, ഓരോ “സര്‍വ്വാധിപതിയും”, നമ്മുടെ വംശത്തിന്റെ ചരിത്രത്തിലെ ഓരോ വിശുദ്ധനും പാപിയും അവിടെ ജീവിച്ചു —— ഒരു സൂര്യകിരണത്തിൽ ആഴ്ന്ന പൊടിപടലത്തിന്റെ ഒരു കരടിൽ.

പ്രപഞ്ചമെന്ന ബഹുലമായ അരങ്ങിലെ തീരെചെറിയ ഒരു വേദിയാണ് ഭൂമി. ഒരു പൊട്ടിന്റെ കഷണത്തിന്റെ നൈമിഷികമായ അധിപന്മാരാകാൻ, ആ മഹത്വത്തിനും വിജയത്തിനും വേണ്ടി, സൈനികമേധാവികളും ചക്രവർത്തിമാരും സൃഷ്ടിക്കുന്ന രക്തം ചൊരിയുന്ന നദികളെക്കുറിച്ച് ചിന്തിക്കുക. ഈ കരടിലെ ഒരു കോണിലെ നിവാസികൾ മറ്റേതോ കോണിലെ കഷ്ടിച്ച് വേർതിരിച്ചറിയാൻ കഴിയുന്ന മറ്റു നിവാസികളോട് ചെയ്യുന്ന അനന്തമായ ക്രൂരതകൾ, എത്ര നിരന്തരമാണ് അവരുടെ തെറ്റിദ്ധാരണകൾ, എത്ര വ്യഗ്രതയോടാണവർ പരസ്പരം കൊല്ലുന്നത്, അവരുടെ വിദ്വേഷം എത്ര ഗാഢമാണ്.

നമ്മുടെ മനഃസ്ഥിതികൾ, നമ്മുടെ സാങ്കല്പികമായ അഹംഭാവം, പ്രപഞ്ചത്തിൽ ചില വിശേഷാധികാരമുള്ള പദവികൾ നമുക്കുണ്ട് എന്ന മിഥ്യ, ഇളം വെളിച്ചത്തിന്റെ ഈ പൊട്ടിൽ അവയെല്ലാം വെല്ലുവിളിക്കപ്പെടുന്നു. എങ്ങും വ്യാപിച്ചുകിടക്കുന്ന പ്രാപഞ്ചികമായ അന്ധകാരം എന്ന അപാരതയിൽ ഏകാകിയാണ് നമ്മുടെ ഭൂമി. നമ്മുടെ അന്ധതയിൽ, അതിന്റെ സർവ്വ വിശാലതയിൽ, നമ്മളെ നമ്മളിൽനിന്ന് തന്നെ രക്ഷപെടുത്താൻ മറ്റൊരിടത്തുനിന്നും സഹായം ലഭിക്കുമെന്ന് യാതൊരു സൂചനയുമില്ല.

ജീവൻ നിലനിർത്താനുള്ള കെൽപ്പ് ഇതുവരെ പ്രകടമാക്കിയിട്ടുള്ള ഏക ലോകമാണ് ഭൂമി. നമ്മുടെ ജീവിവർഗ്ഗങ്ങൾക്ക് സമീപ ഭാവിയിൽ കുടിയേറാൻ കഴിയുന്ന ഒരിടവും തല്‍ക്കാലം ഇല്ല. സന്ദർശിക്കാൻ ആണേൽ, അതെ. സ്ഥിരതാമസമാക്കാൻ ആണേൽ ഇതുവരെ ഇല്ല. ഇഷ്‌ടപ്പെട്ടാലും ഇല്ലേലും ഈ നിമിഷത്തിൽ നമ്മുടെ നിലനിൽപ്പ് എന്നത് ഭൂമിയാണ്, ഭൂമി മാത്രമാണ്. ജ്യോതിശാസ്ത്രം എളിമപ്പെടുത്തുന്നതും വ്യക്തിത്വം ഉളവാക്കുന്നതുമായ ഒരു അനുഭവമാണെന്ന് പറയാറുണ്ട്. ഒരു പക്ഷെ മനുഷ്യന്റെ വക്രതയുടെ ഭോഷത്തിനെ തുറന്ന് കാട്ടാൻ നമ്മുടെ ചെറിയ ലോകത്തിന്റെ ഈ വിദൂര ചിത്രത്തേക്കാൾ ഒരു ഉത്തമ ഉദാഹരണം കാണില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് നമ്മുടെ ഉത്തരവാദിത്വങ്ങളെ അടിവരയിടുന്നു, പരസ്പരം കൂടുതൽ അനുകമ്പയോടെ കൂടി ഇടപെടാനും, ആ നീലപ്പൊട്ടിനെ പരിപാലിക്കാനും പരിപോഷിപ്പിക്കാനും നമ്മൾ ബാധ്യസ്ഥരാണ് എന്ന സാക്ഷാത്‌കാരം. നമുക്കറിയാവുന്ന ഒരേയൊരു വീട് – ‘നീലപ്പൊട്ട്.’

നീലപ്പൊട്ടിനെ പറ്റിയുള്ള കാൾ സേഗന്റെ ഈ വിവരണം ഇരുപതാം നൂറ്റാണ്ടിലെ മാത്രമല്ല, മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും പ്രാമുഖ്യം അർഹിക്കുന്ന രേഖകളിൽ ഒന്നാണ്. മനുഷ്യവർഗ്ഗം കാലഹരണപ്പെട്ടാലും നമ്മൾ ഒരിക്കൽ നിലനിന്നിരുന്നതിന്റെ അവസാന അടയാളമായി വോയേജെർ വൺ ഏകാന്തതയുടെ ആഴക്കയങ്ങളിൽ എന്നും വിഹരിക്കുന്നുണ്ടാവും.

 

അനന്തു രാജ്.  തിരുവല്ല, കാവുംഭാഗം സ്വദേശി.കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തു നിന്നും ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.ഇപ്പോൾ തിരുവല്ല,മാർത്തോമ കോളേജിൽ ബി.എസ്‌.സി. ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്.