ജോജി തോമസ്

ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ സത്യസന്ധതയെ എതിരാളികള്‍ പോലും സംശയിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പേരില്‍ മാപ്പുപറയുന്ന തിരക്കിലാണ് അദ്ദേഹം. രാഷ്ട്രീയ എതിരാളികളുടെ മേല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് , അവരെ കരിവാരി തേക്കുന്ന വൈകൃതം നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് കെജ്‌രിവാള്‍ എന്ന് പ്രചരിപ്പിക്കുവാന്‍ ഈ അവസരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളും , മാധ്യമങ്ങളും നന്നായി ഉപയോഗിക്കുന്നുണ്ട് . രാഷ്ട്രീയ പാര്‍ട്ടികള്‍ നിയോഗിച്ചിരിക്കുന്ന ഐ ടി സെല്ലുകളെ ഉപയോഗപ്പെടുത്തി സോഷ്യല്‍ മീഡിയ വഴിയുള്ള കെജരിവാള്‍ വിരുദ്ധ പ്രചാരണങ്ങളും ശക്തമായി നടക്കുന്നുണ്ട് .

എന്നാല്‍ അഴുക്കുചാലുകള്‍ നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാതെ നില്‍ക്കുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാളായ കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നാണ് , ജനങ്ങളുടെ ഇടയിലും സോഷ്യല്‍ മീഡിയയിലും കെജ്‌രിവാളിന് അനുകൂലമായി ഉണ്ടായ ചലനങ്ങള്‍ തുറന്ന് കാട്ടുന്നത്. വന്‍കിട മാധ്യമങ്ങളുടെ സഹായത്തോടെ വലിയ തോതിലുള്ള പ്രചാരണം കെജ്‌രിവാളിന്റെ മാപ്പുപറച്ചിലുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇത് കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. കാരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കറപുരളാത്ത വ്യക്തിത്വങ്ങളായ എ.കെ ആന്റണി , മനോഹര്‍ പരീക്കര്‍ , വി . എസ് അച്യുതാനന്ദന്‍ തുടങ്ങിയവരുടെ പിന്‍തലമുറക്കാരനായി ജനങ്ങള്‍ മനസില്‍ താലോലിക്കുന്ന കെജ്‌രിവാളിനെ തകര്‍ക്കാന്‍ ഇത്തരത്തിലുള്ള ആസൂത്രിതമായ നീക്കങ്ങള്‍ ഇതിനുമുമ്പും ധാരാളം ഉണ്ടായിട്ടുണ്ട്.

അഴിമതി ആരോപണങ്ങളില്‍ കെജ്‌രിവാളിനെ നിരായുധനാക്കിയതില്‍ അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ക്ക് നിര്‍ണായക സ്ഥാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല പ്രമുഖ ദേശീയ പാര്‍ട്ടികളുടെയും നേതാക്കള്‍ക്കെതിരെ കെജ്‌രിവാള്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ഫയലുകള്‍ ദേശീയ ഏജന്‍സികളെ ഉപയോഗിച്ച് പിടിച്ചെടുത്തതായി കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ആരോപണം ഉന്നയിച്ചിരുന്നു. മാത്രമല്ല ഒരു സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ വീടും ഓഫീസും റെയ്ഡ് ചെയ്യുക എന്ന വളരെ അസ്വാഭാവികമായ നീക്കത്തിന് തക്കതായ വിശദീകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോ പ്രസ്തുത ഏജന്‍സികള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല.

കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ , കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി ദേശീയ അധ്യക്ഷനായ നിതിന്‍ ഗഡ്കരി , അകാലിദള്‍ മന്ത്രിയായിരുന്ന ബിക്രം മജിതിയ തുടങ്ങിയവരോടാണ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം അപകീര്‍ത്തി കേസുകളില്‍ മാപ്പുപറഞ്ഞത് . അകാലിദള്‍ നേതാവ് മജിതിയോട് മാപ്പു പറഞ്ഞത് എ.എ.പിയുടെ പഞ്ചാബ് ഘടകത്തില്‍ ഭിന്നതയ്ക്കും സംസ്ഥാന അധ്യക്ഷന്റെ രാജിക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകള്‍ നഷ്ടപ്പെട്ട കെജ്‌രിവാളിന്റെ തന്ത്രപരമായ പിന്‍മാറ്റമാണ് മാപ്പുപറച്ചില്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. അഴിമതിയുടെ പൂരപറമ്പായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ സന്നാഹങ്ങളുമായി കെജ്‌രിവാള്‍ ശക്തമായി ആഞ്ഞടിക്കാനാണ് സാധ്യത . മാത്രമല്ല കേസുകളുടെ നൂലാമാലകളില്‍ നിന്ന് ഒഴിവായി ഡല്‍ഹി ഭരണത്തിലും , അതോടൊപ്പം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനുമാണ് കെജ്‌രിവാള്‍ ലക്ഷ്യമിടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് .

സത്യത്തെ ജയിപ്പിച്ച് വീണ്ടും കെജ്രിവാള്‍ ; നാണംകെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; റബര്‍ സ്റ്റാമ്പായി രാഷ്ട്രപതി ; ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ചെങ്ങന്നൂരില്‍ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു ; ഭയപ്പാടോടെ ഇടത് – വലത് – ബി ജെ പി മുന്നണികള്‍ ; നൂറുകണക്കിന് വിദേശ മലയാളികള്‍ രാജീവ് പള്ളത്തിനുവേണ്ടി പ്രചാരണത്തിനെത്തുന്നു