കലയുടെ ഉത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി: പ്രതിഭകളെ സ്വീകരിക്കാൻ ലിവർപൂൾ ഡേ ലാ സാലെ അക്കാഡമി ഒരുങ്ങി

കലയുടെ ഉത്സവത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി: പ്രതിഭകളെ സ്വീകരിക്കാൻ ലിവർപൂൾ ഡേ ലാ സാലെ അക്കാഡമി ഒരുങ്ങി
November 15 15:30 2019 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന മൂന്നാമത് ബൈബിൾ കലോത്സവത്തിന്റെ രൂപതാതല മത്സരങ്ങൾ നാളെ ലിവർപൂൾ കാർ ലെയിൻ ഈസ്റ്റിലുള്ള ‘ഡേ ലാ സാലെ അക്കാഡമി’യിൽ (L11 4SG) നടക്കും. രൂപതയുടെ എട്ടു റീജിയനുകളിൽ നടന്ന പ്രാഥമികതലത്തിലെ വിജയികളാണ് രൂപതാതല മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. രാവിലെ ഒൻപതു മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

ബൈബിൾ കലാമാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി, വികാരി ജനറാൾ മോൺ. ജിനോ അരീക്കാട്ട് MCBS, ബൈബിൾ അപ്പൊസ്‌റ്റോലറ്റ് ചെയർമാൻ റെവ. ഫാ. പോൾ വെട്ടിക്കാട്ട് CST, അസ്സോസിയേറ്റ് കോർഡിനേറ്റർ റെവ. ഫാ. ജോർജ്ജ് ഏറ്റുപറയിൽ, കോ. കോർഡിനേറ്റർമാരായ മി. റോമിൽസ് മാത്യു, മി. സിജി വൈദ്യാനത്ത് എന്നിവർ അറിയിച്ചു. പതിനൊന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധസമയങ്ങളിലായി 1200 ഓളം മത്സരാർത്ഥികൾ കലാപ്രകടനങ്ങൾ അവതരിപ്പിക്കും. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി മിഷൻലീഗ്, യൂത്ത് മൂവ്മെന്റ്, അല്മായപ്രതിനിധികൾ എന്നിവരിൽനിന്നായി പ്രത്യേകപരിശീലം നേടിയ 180 ൽ അധികം വോളണ്ടിയേഴ്‌സ് വേദികൾക്കു സമീപമുണ്ടാകും.

ദൂരെനിന്നു വരുന്നവരുടെ പ്രത്യേകസൗകര്യാർത്ഥവും പൊതുതാല്പര്യവും പരിഗണിച്ച്, മിതമായ നിരക്കിൽ രുചികരമായ ഭക്ഷണസാധനങ്ങൾ എല്ലാസമയങ്ങളിലും ലഭ്യമായിരിക്കുമെന്നു സംഘാടകസമിതി അറിയിച്ചു. രാവിലെ 8. 15 മുതൽ പ്രഭാതഭക്ഷണം ലഭ്യമായിത്തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. കോച്ചുകളിലും സ്വകാര്യവാഹനങ്ങളിലും വരുന്നവർക്ക് പാർക്കിങ്ങിനും സൗകര്യമുണ്ടായിരിക്കും. വിജയികളെക്കാത്ത് സർട്ടിഫിക്കറ്റുകളുടെയും ട്രോഫികളുടെയും ശേഖരവും ഒരുങ്ങിക്കഴിഞ്ഞു. യൂകെയുടെ വിവിധ മത്സരവേദികളിൽ വിധിനിർണ്ണയം നടത്തി മികവുതെളിയിച്ച പ്രഗത്ഭരായ വിധികർത്താക്കളാണ് ഇത്തവണയും മത്സരങ്ങളുടെ മൂല്യനിർണ്ണയം നടത്തുന്നത്.

പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ചാപ്പലിൽ രാവിലെ 8. 30 മുതൽ വൈകിട്ട് 5. 30 വരെ തുടർച്ചയായി ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരമുണ്ടായിരിക്കും. വിവിധ സമയങ്ങളിൽ ലിവര്പൂളിലെത്തുന്ന വൈദികർക്കും വിശ്വാസികൾക്കും വി. ബലിയർപ്പിക്കുന്നതിനായി 10: 30, 12: 30, 2: 30, 4: 30 എന്നീ സമയങ്ങളിൽ വി. കുര്ബാനയർപ്പണവും പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ചാപ്പലിൽ നടക്കും. വൈകിട്ട് 5: 00 മുതൽ 8: 00 വരെ സമാപന ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.

വൈകിട്ട് 5: 30 നു സമാപന ചടങ്ങുകൾ ആരംഭിക്കും. എട്ടു മണിയോടുകൂടി ചടങ്ങുകളെല്ലാം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മത്സരത്തിന് ആഥിത്യമരുളുന്ന ലിവർപൂൾ ഇടവക വികാരി റെവ. മോൺ. ജിനോ അരീക്കാട്ട് MCBS അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാനും പ്രോത്സാഹിപ്പിക്കാനായി എല്ലാവരെയും ലിവര്പൂളിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകസമിതി അറിയിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles