പാക്കിസ്ഥാന്‍ കമാന്‍ഡോകള്‍ നുഴഞ്ഞുകയറി ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഗുജറാത്ത് തീരത്ത് അതീവജാഗ്രത. സംഘര്‍ഷ സാഹചര്യത്തിന് ആക്കംകൂട്ടി പാക്കിസ്ഥാന്‍ ബാലിസറ്റിക് മിസൈല്‍ പരീക്ഷണവും നടത്തി. ഏതുവെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം മറുപടി നല്‍കി. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനിലെ നേതാക്കള്‍ നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകളെ ഇന്ത്യ അപലപിച്ചു.

ഗള്‍ഫ് ഒാഫ് കച്ച്, സര്‍ ക്രീക്ക് മേഖലകള്‍ വഴി വിദഗ്ധ പരിശീലനം കിട്ടിയ പാക് കമാന്‍ഡോകളും ഭീകരരും ചെറുബോട്ടുകളിലായി എത്തിയതായണ് റിപ്പോര്‍ട്ട്. കച്ചില്‍ രണ്ട് ബോട്ടുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബിഎസ്എഫ് കണ്ടെത്തിയിരുന്നു. ഗുജറാത്തിലെ എല്ലാ തുറമുഖങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അസാധാരണ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ അദാനി പോര്‍ട്ട് ജീവനക്കാര്‍ക്കുള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള കരയില്‍ നിന്ന് കരയിലേയ്ക്ക് തൊടുക്കാവുന്ന ഗസ്ന‍വി മിസൈലാണ് രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചത്.

മിസൈല്‍ പരീക്ഷണം നടത്തുന്നതിനാല്‍ ഒാഗസ്റ്റ് 28 മുതല്‍ 31വരെ കറാച്ചിക്ക് മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. 2005ല്‍ ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നതായി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

വ്യോമപാത അടച്ചിടുമെന്ന് അറിയിച്ചിട്ടില്ല. കമാന്‍ഡോകള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. ഇന്ത്യയുമായി ഒക്ടോബറില്‍ യുദ്ധമുണ്ടാകുമെന്ന് പാക് റെയില്‍വേ മന്ത്രി പറഞ്ഞതടക്കം പാക്കിസ്ഥാന്‍ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരമായ പ്രസ്താവനങ്ങളെ ഇന്ത്യ അപലപിച്ചു.കശ്മീരിനായി അവകാശവാദം ഉന്നയിക്കാന്‍ പാക്കിസ്ഥാന് അര്‍ഹതയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ലേയില്‍ പ്രതികരിച്ചു.