മനുഷ്യക്കടത്തിൽ മരിച്ച പാവങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾക്കായി ഉറ്റവർ ചിലവഴിക്കേണ്ടത് ലക്ഷങ്ങൾ

മനുഷ്യക്കടത്തിൽ മരിച്ച പാവങ്ങളുടെ  ഭൗതികാവശിഷ്ടങ്ങൾക്കായി ഉറ്റവർ   ചിലവഴിക്കേണ്ടത് ലക്ഷങ്ങൾ
November 28 00:01 2019 Print This Article

ഹാനോയ്∙ ബ്രിട്ടനിൽ ശീതീകരിച്ച ട്രക്കിൽ നിന്നു മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ എല്ലാവരും വിയറ്റ്നാം സ്വദേശികളാണെന്ന് ഏകദേശ സ്ഥിരീകരണം. ഇവരിൽ 16 പേരുടെ മൃതദേഹം ബുധനാഴ്ച രാവിലെ വിയറ്റ്നാമിലെത്തിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ 23ന് ലണ്ടന് 20 കിലോമീറ്റര്‍ അകലെ ഗ്രേയ്‌സിലുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിനടുത്തു നിർത്തിയിട്ടിരുന്ന ട്രക്കിൽ നിന്നാണ് 39 മൃതദേഹങ്ങൾ കണ്ടെത്തിയത്.

മരിച്ചവരിൽ 31 പുരുഷന്മാരും എട്ടു വനിതകളുമുണ്ടായിരുന്നു. ആദ്യഘട്ടത്തിൽ ചൈന സ്വദേശികളാണെന്നു കരുതിയെങ്കിലും പിന്നീടാണ് വിയറ്റ്നാമിൽ നിന്നുള്ളവരാണു മരിച്ചവരിലേറെയുമെന്നു കണ്ടെത്തിയത്. കണ്ടെയ്നറില്‍ തണുത്തു മരവിച്ചായിരുന്നു എല്ലാവരുടെയും മരണം. മനുഷ്യക്കടത്ത് കേസില്‍ നിലവിൽ അന്വേഷണം തുടരുകയാണ്. ഐറിഷ്–ബ്രിട്ടിഷ് പൊലീസ് സംയുക്തമായാണ് അന്വേഷണം.

വിയറ്റ്നാം എയർലൈൻസിന്റെ വിമാനത്തിലാണ് 19 മൃതദേഹങ്ങളും ലണ്ടനിൽ നിന്ന് ഹാനോയിലെ നോയി ബായി വിമാനത്താവളത്തിൽ എത്തിച്ചത്. ഇവിടെ കാത്തുനിന്ന ആംബുലൻസുകളിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മൃതദേഹങ്ങൾ മാറ്റി. മധ്യ വിയറ്റ്നാമിലെ മൂന്ന് പ്രവിശ്യകളിൽ നിന്നുള്ളവരാണ് 16 പേരും. ആഴ്ചകളായി മൃതദേഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ബന്ധുക്കൾ. ‘താങ്ങാനാകാത്ത സങ്കടമുണ്ട്. പക്ഷേ ഒടുവിൽ എന്റെ മകൻ മടങ്ങിവരുന്നുവെന്ന സന്തോഷമുണ്ട്…’ ഗദ്ഗദകണ്ഠനായി ങുയേൻ ഡിൻ ജിയ എന്ന പിതാവ് പറയുന്നു. ഇദ്ദേഹത്തിന്റെ മകൻ ങുയേൻ ഡിൻ ലുവോങ് അപകടത്തിൽ മരിച്ചിരുന്നു.

ങേ ആൻ പ്രവിശ്യയിലേക്കാണ് അഞ്ചു മൃതദേഹങ്ങൾ എത്തിച്ചത്. ഹാ ടിൻ, ക്വാങ് ബിൻ പ്രവിശ്യകളിൽ നിന്നുള്ളവരാണ് ശേഷിക്കുന്ന 10 പേർ. അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ ബന്ധുക്കളും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയിരുന്നു. മറ്റു മൃതദേഹങ്ങളും വരുംനാളുകളിൽ എത്തുമെന്ന് വിയറ്റ്നാം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ കൃത്യമായ ദിവസം പറഞ്ഞിട്ടില്ല. അതിനിടെ മൃതദേഹം വിയറ്റ്നാമിലെത്തിക്കാൻ സർക്കാർ തലത്തിൽ സംവിധാനമുണ്ടായില്ല എന്നതു വിവാദമായിട്ടുണ്ട്.

മൃതദേഹം എത്തിച്ചതിന്റെ പേരിൽ വൻ തുകയാണ് അധികൃതർക്കു നൽകേണ്ടി വരിക. സർക്കാർ മുന്നോട്ടു വച്ചത് രണ്ടു സാധ്യതകളായിരുന്നു. ചിതാഭസ്മമായി തിരികെ എത്തിക്കണമെങ്കിൽ ഏകദേശം 1.25 ലക്ഷം രൂപ നൽകുക, മൃതദേഹം ശവപ്പെട്ടിയിൽ ഭദ്രമായി എത്തിക്കണമെങ്കില്‍ രണ്ടു ലക്ഷവും. വിയറ്റ്നാം സർക്കാർ നിർദേശിച്ചത് ചിതാഭസ്മമായി കൊണ്ടുവരാനായിരുന്നു. എന്നാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്കരിക്കാൻ ആഗ്രഹിക്കുന്നവരായതിനാൽ ഭൂരിപക്ഷം പേരും ചിതാഭസ്മം വേണ്ടെന്നു പറയുകയായിരുന്നു. സർക്കാർ നടപടി ബന്ധുക്കൾക്കിടയിൽ വൻ അമർഷത്തിനുമിടയാക്കി.

 

തുടർന്ന് ആദ്യഘട്ടത്തിൽ സർക്കാർ പണം നൽകാമെന്നേറ്റു. ഇതു പിന്നീട് തിരിച്ചടയ്ക്കണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബ്രിട്ടനിലേക്ക് കടക്കാൻ മക്കൾക്കും ബന്ധുക്കൾക്കുമെല്ലാം വേണ്ടി ഇതിനോടകം വൻ തുക കടം വാങ്ങിയ കുടുംബങ്ങൾ, പ്രിയപ്പെട്ടവരുടെ മുഖം അവസാനമായൊന്നു കാണാൻ വീണ്ടും വൻതുക മുടക്കേണ്ട അവസ്ഥയാണ്. ഈ കടം എങ്ങനെ തിരിച്ചടയ്ക്കുമെന്നു പോലും പലർക്കും അറിയില്ല. 15നും 44നും ഇടയിൽ പ്രായമുള്ളവരാണു മരിച്ചവരെല്ലാം. ഹയ്ഫോങ്, ഹയ് ഡുവോങ്, ഹ്യു പ്രവിശ്യകളിൽ നിന്നുള്ളവരുടെ മൃതദേഹങ്ങളാണ് ഇനി എത്താനുള്ളത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles