കെയ്‌റോ: നൈജീരിയയിൽ ഏറ്റവും അധികം ക്രൈസ്തവരെ കൊന്നൊടുക്കിയ ഇസ്ലാമിക തീവ്രവാദ സംഘടന ‘ബൊക്കോഹറാ’മിന് ആയുധങ്ങൾ നൽകുന്നത് തുർക്കിയാണെന്ന ഗുരുതര ആരോപണവുമായി ഈജിപ്തിലെ ടെൻ ടി.വിയുടെ റിപ്പോർട്ട്. ഏതാനും വർഷം മുമ്പ് ചോർത്തപ്പെട്ട ഫോൺ വിളിയുടെ അടിസ്ഥാനത്തിലാണ് ടെൻ ടി.വി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുർക്കി പ്രസിഡന്റ് എർദോഗനും സർക്കാരും തുർക്കിയിൽനിന്ന് ആയുധങ്ങൾ കടത്തുന്നുണ്ടെന്നും ഇത് നൈജീരിയയിലെ ബൊക്കോ ഹറാം സംഘടനക്ക് വേണ്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വാർത്ത പുറത്തുവന്നതോടെ, തീവ്രവാദത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നവർ എന്ന ആരോപണം നേരിടുന്ന തുർക്കി വലിയ സമ്മർദത്തിലായിരിക്കുകയാണ്. വാർത്തയുടെ പശ്ചാത്തലത്തിൽ, എർദോർഗൻ ഇസ്ലാമിക് സ്റ്റേറ്റിനെ സഹായിക്കുന്നുണ്ടെന്ന ആരോപണം ശരിയാണെന്ന് ആവർത്തിച്ച് ‘ഡേവിഡ് ഹോറോവിറ്റ്‌സ് ഫ്രീഡം’ സെന്ററിലെ ഫെല്ലോ ജേർണലിസ്റ്റ് റെയ്മണ്ട് ഇബ്രാഹിം രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്.

‘തുർക്കിക്ക് പങ്കുണ്ടെന്ന വാർത്തയിൽ ഒട്ടും തന്നെ അത്ഭുതപ്പെടുന്നില്ല. 2014- 2015 കാലയളവിൽ റെക്കോർഡ് ചെയ്യപ്പെട്ട ടേപ്പാണിത്. ബൊക്കോഹറാമിന്റെ ആയുധങ്ങൾ വളരെ സങ്കീർണ്ണമാണ്. ഫുലാനി ഗോത്രം പോലെയുള്ളവരിലേക്കും ബുർക്കിനാ ഫാസോ പോലെയുള്ള ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും ഇവ വിതരണം ചെയ്യപ്പെടുന്നതും അന്താരാഷ്ട്ര നിരീക്ഷകരുടെ നിരീക്ഷണത്തിലാണ്,’ റെയ്മണ്ട് ഇബ്രാഹിം കൂട്ടിച്ചേർത്തു.

ഐസിസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടത് തുർക്കി അതിർത്തിയിൽനിന്ന് വെറും മൂന്നു മൈൽ ദൂരത്താണെന്ന കാര്യവും അദ്ദേഹം ഉന്നയിച്ചു. ജനാധിപത്യത്തെ തകിടം മറിച്ച് ഇസ്ലാമിക ഖാലിഫേറ്റ് സ്ഥാപിക്കാനാണ് എർദോർഗൻ ശ്രമിക്കുന്നതെന്ന ആരോപണം നേരത്തേ മുതൽ ശക്തമാണെന്നതുകൂടി കണക്കിലെടുക്കുമ്പോൾ ടെൻ ടി.വിയുടെ വെളിപ്പെടുത്തൽ കൂടുതൽ പ്രസക്തമാകുന്നു.

വടക്ക്കിഴക്കൻ സിറിയയിലെ സ്വയംഭരണാവകാശമുള്ള ജനാധിപത്യ ഭരണകൂടവും എർദോർഗന്റെ വിമർശകരും ഇക്കാര്യം പലവട്ടം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും അത് പിന്നീട് പരിഗണിക്കാതെ പോയി. ഗ്രീസ്, സിറിയ, ഇറാഖ് എന്നിവയുടെ ചില ഭാഗങ്ങളെ തുർക്കിയുടെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടുള്ള ഭൂപടം അടുത്തകാലത്ത് തുർക്കിയുടെ പ്രതിരോധ മന്ത്രി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും തുർക്കിയുടെ ഇസ്‌ളാമിക അധിനിവേശ ചിന്താഗതിയെ സ്ഥിരീകരിക്കുകയാണ്.