പെരുന്നാൾ പിറ, അതിജീവന നാളുകളിലെ ആഘോഷം : റമദാൻ ദിനത്തിൽ മലയാളംയുകെയിൽ അൻവർഷാ ജൗഹരി എഴുതുന്നു

പെരുന്നാൾ പിറ, അതിജീവന നാളുകളിലെ ആഘോഷം : റമദാൻ ദിനത്തിൽ മലയാളംയുകെയിൽ അൻവർഷാ ജൗഹരി എഴുതുന്നു
May 24 03:00 2020 Print This Article

അൻവർഷാ ജൗഹരി

റമദാൻ, വ്രതശുദ്ധിയുടെ യും ആരാധനകളുടെയും പുണ്യദിനങ്ങൾ ആണ് കടന്നു പോയത്. വിശുദ്ധമാസത്തിൽ തറാവീഹ് നമസ്കാരം ഉൾപ്പെടെ വീട്ടിൽ നിസ്കരിച്ചു പള്ളിയിലേക്ക് ആരാധനാ കർമങ്ങൾ നിർവഹിക്കാൻ പോകാതെ ഗൃഹങ്ങൾ സൽകർമങ്ങൾ കൊണ്ട് നിറച്ചും മുപ്പത് ദിനങ്ങൾ. വിശ്വാസി വിശപ്പിന്റെ മഹത്വവും പ്രാർത്ഥനയുടെ ശുദ്ധിയും ഉള്ളറിഞ്ഞ അനുഭവിച്ചതിനുശേഷം, ഇന്ന് ചെറിയ പെരുന്നാൾ. കൊറോണ കാലത്തെ സാമൂഹ്യ അകലം വെപ്പിനും മുൻപുവരെ ഹസ്തദാനം നൽകിയും ആലിംഗനം ചെയ്തും ഈദ്ഗാഹ് കൂടിയും ബന്ധുജനങ്ങളെ സന്ദർശിച്ചും ആണ് ഈദുൽ ഫിത്തർ ആഘോഷിച്ചതെങ്കിൽ ഇത്തവണ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. ശവ്വാലമ്പിളി വിണ്ണിൽ ഉദിക്കുമ്പോൾ വിശ്വാസികൾ ഈദ് ഗാഹ് ഒരുക്കുന്നത് സ്വന്തം മുറ്റത്ത് തന്നെയാണ്.

പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ വീടുകളിൽ തന്നെ കഴിയണം എന്നാണ് വന്ദ്യരായ നേതാക്കളെല്ലാം നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ അയൽപക്കങ്ങളിൽ ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറയ്ക്കാൻ അവൻ നമ്മിൽ പെട്ടവനല്ല എന്ന തിരു നബിയുടെ വചനം ലോക് ഡൗൺ കാലം മുഴുക്കെ നമ്മൾ ഓർമ്മിക്കണം. മലയാളിയുടെ ഐക്യവും സ്നേഹവും സഹനവും ഈ നോമ്പുകാലത്ത് ദൃശ്യമായിരുന്നു. ഒട്ടിയ വയറുകളോ ഒഴിഞ്ഞ മരുന്നു പാത്രമോ തനിക്കു ചുറ്റും ഇല്ലെന്ന് ഉറപ്പുവരുത്താൻ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു.

ഒരു നോമ്പുകൊണ്ട് ശരീരത്തെ നരകത്തിൽ നിന്ന് 70 വർഷക്കാലത്തെ വഴി ദൂരം അകലത്തിൽ ആക്കാൻ കെൽപ്പുള്ള വിശ്വാസിക്ക് സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സ്വർഗത്തിലേക്കുള്ള വഴി ദൂരമത്രയും നടന്നു കയറാൻ കഴിയണം. വിശ്വാസത്തിന്റെ ബലത്തിൽ അതിജയിക്കാനാകുമെന്ന് നമ്മൾ പഠിച്ചു. അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്. അകലങ്ങളിൽ ആയിരുന്നു കൊണ്ട് കുടുംബബന്ധങ്ങൾ ചേർക്കാം, സൗഹൃദങ്ങൾ പുതുക്കാം, ചുറ്റും പട്ടിണി ഇല്ലെന്ന് ഉറപ്പു വരുത്താം. നന്മയുടെ 30 ദിനരാത്രങ്ങൾക്ക് ശേഷം കൈവന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് അടുത്ത റമദാനിലേക്ക് നമുക്ക് ഹൃദയം കോർക്കാം. മലയാളം യുകെയുടെ വായനക്കാർക്ക് പെരുന്നാൾ ആശംസകൾ.

അൻവർഷാ ജൗഹരി, മഖ്ദൂമിയ്യ,

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles