ദ് ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ച വലിയ വാര്‍ത്തയായിരുന്നു. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിയ്ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഗോപികയ്ക്ക് കിങ് ഖാന്‍ സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചിരുന്നു. ഷാരൂഖ് സമ്മാനം നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു.

സ്‌കോളര്‍ഷിപ്പിപ്പ് സമ്മാനിക്കുന്നതിന്റെ ഭാഗമായി ഷാരൂഖ് ഗോപികയെ ഗവേഷകരുടെ കോട്ട് ധരിപ്പിച്ചു. അതിനിടെ കോട്ടിനുള്ളില്‍ ഗോപികയുടെ തലമുടി കുടുങ്ങി. അതോടെ ഈ പെണ്‍കുട്ടി ആകെ പ്രശ്‌നത്തിലായി. ഇതുകണ്ട ഷാരൂഖ് വെറുതെ നിന്നില്ല. ഗോപികയുടെ മുടി ഒതുക്കി വയ്ക്കുകയും കോട്ട് ധരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളാണ് വൈറലായി മാറിയത്.

രാജ്യത്തെ 800 പേരില്‍ നിന്നുമാണ് ഗോപികയെ 95 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുത്തത്. നാല് വര്‍ഷത്തേക്കാണ് സ്കോളര്‍ഷിപ്പ്. കാര്‍ഷിക മേഖലയിലെ ഉപരിപഠനത്തിനായാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്.സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്സിറ്റി 2019 മുതലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ ആരംഭിച്ചത്