ഫാ. ഹാപ്പി ജേക്കബ്

കർത്താവിൽ പ്രിയരേ വലിയനോമ്പിലെ പകുതിയോളം ദിവസങ്ങൾ പിന്നിട്ട ഈ ആഴ്ചയിൽ നമ്മുടെ മുമ്പിൽ കണ്ടുകൊണ്ടിരിക്കുന്ന ദാരുണമായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ദൈവസന്നിധിയിൽ ആയി സമർപ്പിക്കുവാനും കഠിനമായ പ്രാർത്ഥനയിലൂടെ ദൈവസന്നിധിയിൽ നിന്ന് അനുഗ്രഹങ്ങളും സൗഖ്യങ്ങളും പ്രാപിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാം.വലിയ നോമ്പിലെ ഓരോ ആഴ്ചയിലും രോഗ സൗഖ്യവും അതിലൂടെ ജനത്തിന് ലഭിക്കുന്ന അനുഗ്രഹങ്ങളും ആണ് ചിന്തയിൽ കടന്നു വരുന്നത്. ഈ ആഴ്ചയിലും ഇതുപോലെതന്നെ കൂനിയായ ഒരു സ്ത്രീ ദേവാലയത്തിൽ നിൽക്കുന്നത് കണ്ടിട്ട് നമ്മുടെ കർത്താവ് അവളെ വിളിച്ചു അവളുടെ കൂന് സൗഖ്യമാക്കുന്ന വേദ ചിന്തയാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. വിശുദ്ധ ലൂക്കോസ്ൻറെ സുവിശേഷം 13 ആം അധ്യായം 10 മുതൽ 17 വരെയുള്ള വാക്യങ്ങൾ.

നിരന്തരമായ പ്രാർത്ഥനകളുമായി നാം പല അവസരങ്ങളിലും ദേവാലയത്തിൽ എത്താറുണ്ട് . എന്നാൽ കൂടുതൽ നമ്മുടെ സന്ദർശനങ്ങളും കേവലം ചടങ്ങ് മാത്രമായി ഭവിക്കുന്നു. നിശ്ചയം ആയിട്ടും ഇവിടെ ഈ സ്ത്രീ കടന്നു വന്നത് അവളെ ബാധിച്ചിരിക്കുന്ന ബന്ധനങ്ങളെ മാറ്റുവാൻ ആയിരിക്കാം. 18 വർഷമായി അവളെ പിന്തുടർന്നു വന്ന ഈ ബന്ധനത്തെ ആണ് ഈ ദിവസം കർത്താവ് അഴിച്ചുവിട്ടത് .എല്ലാ ദിനങ്ങളിലും അവൾ ദേവാലയത്തിൽ വന്നിരുന്നു എങ്കിലും കൂന് നിമിത്തം അവൾക്ക് നിവർന്നു നിൽക്കാനോ ദൈവമുഖത്തേക്കു നോക്കുവാനോ കഴിഞ്ഞിരുന്നില്ല. നിശ്ചയമായും ദൈവ മുമ്പിൽ ഇതൊരു കുറവ് തന്നെ ആണ്.

ഇത്തരത്തിൽ നാം ചിന്തിക്കുമ്പോൾ ശാരീരികമായും ആത്മീയമായും ധാരാളം ബന്ധനങ്ങളും കുറവുകളും കാരണം ദൈവ മുഖത്തേക്ക് നോക്കുവാൻ കഴിവില്ലാത്തവരാണ് നാമോരോരുത്തരും. പ്രതീകാത്മകമായി കൂന് നമുക്ക് തരുന്ന അർത്ഥം നമ്മൾ മാത്രമായി, നമ്മളിലേക്ക് മാത്രമായി നോക്കുന്ന സ്വാർത്ഥതയുടെ അടയാളമാണ്. ചുറ്റുമുള്ളവരെ കാണുവാനോ സൃഷ്ടാവായ ദൈവത്തിങ്കലേക്കു ദൃഷ്ടി ഉയർത്തുവാനോ സാധ്യമാകാതെ വരുന്നു. ആത്മീയതയുടെ തലങ്ങളിൽ ചിന്തിക്കുമ്പോൾ ഈ കുറവിനെ പാപം എന്നോ, ദോഷം എന്നോ , ശിക്ഷ എന്നോ , രോഗം എന്നോ മനസ്സിലാക്കണം. ഇങ്ങനെ ബന്ധിതനായി കഴിയുന്ന നാമോരോരുത്തരും നമ്മളിലേയ്ക്ക് നോക്കുന്ന അല്ലെങ്കിൽ നമ്മളിൽ വന്ന കുറവുകളെ കണ്ടുപിടിക്കുവാൻ ഉതകുന്ന സമയമാണ് പരിശുദ്ധ നോമ്പിലൂടെ നമുക്ക് ലഭിക്കുന്നത്.

ഈ ദിനങ്ങളിൽ സ്വയം എന്നത് അർത്ഥമില്ലാത്ത അനുഭവം എന്നും നമ്മുടെ ജീവിതം അത് സഹോദര തുല്യരായി അനുഭവിക്കേണ്ട യാഥാർത്ഥ്യം ആണ് എന്നുള്ളതും ദൈവീകമായി  നിലനിർത്തേണ്ടതാണ് എന്നുള്ളതും ആണ് എന്ന് മനസ്സിലാക്കണം. നാം അധിവസിക്കുന്ന ഈ നാട്ടിൽ ഈ കാലഘട്ടത്തിൽ റോഡരികിലും പൂന്തോട്ടങ്ങളിലും പൂത്തുനിൽക്കുന്ന ഡാഫോഡിൽ പൂക്കളെ നാം ശ്രദ്ധിച്ചിട്ടുണ്ടോ . സ്വയം എന്ന മാനസിക അവസ്ഥയെ സൂചിപ്പിക്കുവാൻ ഈ അടയാളം വളരെ അർത്ഥവത്താണ്. തന്നെ തന്നെ നോക്കുന്ന , തന്നിൽ തന്നെ സൗന്ദര്യംആസ്വദിക്കുന്ന എന്ന തരത്തിലാണ് ആണ് ഈ പൂവ് ചെടിയിൽ നിൽക്കുന്നത്. നാം കൂന് ബാധിച്ചവരാണെങ്കിൽ നമുക്കുചുറ്റും ഉള്ളവരെ കാണുവാനോ അവരുടെ വിഷമങ്ങളും സന്തോഷങ്ങളും അനുഭവിക്കുവാനോ നമുക്ക് കഴിയുകയില്ല.

ഈ ദിനങ്ങളിൽ ദൈവീകമായി നാം സമർപ്പിക്കുകയും നമ്മുടെ പാപ കൂനുകളെ നീക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ലോകം മുഴുവനും ഭയങ്കരമായ വ്യാധിയിൽ കഴിയുകയും ധാരാളം കുടുംബങ്ങൾ അനാഥമായി തീരുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ അടക്കുവാനോ ഉചിതമായ ശവസംസ്കാരം നിർവ്വഹിക്കുവാൻ പോലും സാധിക്കുന്നില്ല. ഈ സാഹചര്യങ്ങളിൽ നാം കൂന് ഇല്ലാത്തവരായി നിവർന്ന് നിന്ന് നമ്മുടെ ചുറ്റും മറ്റുള്ളവരുടെ അവസ്ഥകളെ കാണുവാനും അവർക്കുവേണ്ടി ദൃഷ്ടി ഉയർത്തി ദൈവത്തോട് അപേക്ഷിക്കുവാൻ, കരങ്ങൾ നീട്ടി അവർക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്യുവാനും നമുക്ക് കഴിഞ്ഞാൽ മാത്രമേ ഈ നോമ്പ് അനുഗ്രഹം ആവുകയുള്ളൂ.

ഈ സ്ത്രീയുടെ കാര്യം നോക്കുമ്പോൾ കഴിഞ്ഞ 18 വർഷമായി അവൾ തന്നെയും ഈ ഭൂമിയെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇവ രണ്ടും ക്ഷണികവും ഭൗതികവും ആണ് . എന്നാൽ നിത്യമായ രക്ഷയുടെ അനുഭവമായി ദൈവദർശനം ലഭിച്ചപ്പോൾ അവൾ ദൈവത്തെ കാണുവാനും സമസൃഷ്ടി കളെ അറിയുവാനും ഇടയായി. അപ്രകാരം ഈ നോമ്പിൻറെ ദിനങ്ങളിൽ ദൈവീക ദർശനത്താൽ നമ്മുടെ പാപ കൂനുകളെ മാറ്റുവാൻ ഇടയാക്കണമേ എന്ന് പ്രാർത്ഥിക്കുകയാണ്. അതുമാത്രമല്ല ഏത് ബന്ധനങ്ങൾ ആയാലും അതിന് പരിഹാരം നൽകുവാൻ ദൈവ സന്നിധിമാത്രമേ ഉണ്ടാവുകയുള്ളൂ എന്നും ഞാൻ എൻറെ കൂനുകളെ മാറ്റണമെങ്കിൽ ദൈവമുമ്പാകെ കടന്നുവരണമെന്ന് എന്നും നാം ഓർക്കണം.

ഈ സൗഖ്യ ദാന ശുശ്രൂഷ വായിക്കുന്നതിനു തൊട്ടുമുമ്പുള്ള വാക്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. കർത്താവ് ഒരു ഉപമ പറഞ്ഞു ഒരു മനുഷ്യൻ തൻെറ തോട്ടത്തിൽ നിൽക്കുന്ന വൃക്ഷത്തിൽ നിന്ന് ഫലം എടുക്കുവാൻ തക്കവണ്ണം ചെല്ലുന്നു ഒന്നും ലഭിക്കുന്നില്ല. അവൻ തോട്ടക്കാരനോട് പറയുന്നു ഞാൻ മൂന്നു വർഷമായി ഇതിൽനിന്ന് ഫലം തിരയുന്നു എന്നാൽ എനിക്ക് ഒന്നും ലഭിക്കുന്നില്ല . അതിനാൽ ഇതിനെ വെട്ടി വെടിപ്പാക്കി നിലം ഒരുക്കുവാൻ തോട്ടക്കാരനോട് പറഞ്ഞു .അപ്പോൾ തോട്ടക്കാരൻ ഈ വർഷം കൂടി കൂടി ഇതു നിൽക്കട്ടെ , ഞാൻ മണ്ണിളക്കി വളം ചേർത്ത് ഒരു വർഷം കൂടി നോക്കട്ടെ .മേലാൽ കായിച്ചില്ലെങ്കിലോ നമുക്ക് ഇതിനെ വെട്ടി കളയാം. ഇതുപോലെ അല്പം കരുണ ലഭിച്ച ജീവിതമല്ലേ നമുക്കുള്ളത്. നമ്മളിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് ലഭിക്കാതിരുന്നിട്ടും നമ്മുടെ കർത്താവ് ഈ ദിവസം വരെയും നമ്മെ കാത്തു പരിപാലിക്കുമ്പോൾ നാം ഓർക്കുക ഈ വൃക്ഷത്തിനു ലഭിച്ചതുപോലെ ഒരു വർഷം കൂടി നമുക്ക് ആയുസ്സും
ബലവും സൗഖ്യവും ഒക്കെ ലഭിച്ചിരിക്കുന്നത് ദൈവകൃപ ഒന്ന് മാത്രമാണ്.

ആ ദൈവകൃപ തിരിച്ചറിഞ്ഞെങ്കിലും തിരികെ ദൈവസന്നിധിയിൽ കടന്നുവന്നു , അനുതപിച്ച് , പശ്ചാത്താപത്തോടെ പാപങ്ങളെ ഏറ്റു പറഞ്ഞു പാപ കൂനുകളെ നീക്കുവാൻ ദൈവംതമ്പുരാനോട് അപേക്ഷിക്കാം. നമ്മുടെ അനുതാപ ത്തിലൂടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് രോഗങ്ങൾ സൗഖ്യമാക്കുകയും അതുമൂലം ഈ ലോകത്തിനു തന്നെ കരുണ ലഭിക്കുവാൻ തക്കവണ്ണം നാം നമ്മെ തന്നെ ഒരുക്കുക.

ഈ അവസരത്തിൽ ഞാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു ,നിങ്ങളുടെ അനു ദിനമായ പ്രാർത്ഥനകളിൽ ,കുർബാനകളിൽ ഇന്ന് ലോകത്തെ ബാധിച്ചിരിക്കുന്ന ഈ രോഗത്തെ അകറ്റുവാൻ തക്കവണ്ണം ദൈവം പ്രവർത്തിക്കണമെന്ന് പ്രാർത്ഥിക്കുക. ഈ വ്യാധി മൂലം മൂലം കഷ്ടതകൾ അനുഭവിക്കുന്ന ഏവരെയും ദൈവസന്നിധിയിൽ ഓർത്തു പ്രാർത്ഥിക്കണമേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു .

സ്നേഹത്തോടെ നിങ്ങളുടെ ഹാപ്പി ജേക്കബ് അച്ഛൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.