ഫാ. ഹാപ്പി ജേക്കബ്

പരമ കാരുണ്യവാനായ ദൈവം നമുക്ക് ഓരോരുത്തർക്കും ദൈവഹിതം അറിയുവാനും ശുദ്ധമുള്ള നോമ്പിലൂടെ ശുദ്ധീകരിക്കപ്പെടുവാനും ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. സാധാരണ ജീവിത ക്രമീകരണങ്ങളിൽ നിന്നും മാറി ആത്മീകതയെ പുൽകി ദൈവചൈതന്യത്തെ തിരഞ്ഞെടുക്കുവാൻ ഈ അവസരത്തെ നമുക്ക് വിനിയോഗിക്കാം.നോമ്പിന്റെ ആദ്യദിനത്തിൽ ചിന്തക്കും ധ്യാനത്തിനും ആയി ലഭിച്ചിരിക്കുന്ന വേദഭാഗം വി. യോഹന്നാൻ 3 :1 – 6. നമ്മുടെ കർത്താവ് ആദ്യമായി ചെയ്ത അടയാളമായി ഈ ഭാഗം നാം വായിക്കുന്നു. പരിവർത്തനത്തിലൂടെ അമൂല്യമായ തലത്തിലേക്ക് മാറ്റപ്പെടുന്ന ഒരു ചിന്തയാണ് ഈ ഭാഗം നമുക്ക് കാണിച്ചു തരുന്നത്. ഒരുപാട് അർത്ഥതലങ്ങൾ ഈ വേദചിന്തയിൽ നമുക്ക് മനസ്സിലാക്കാം. അതിനാൽ ചിലതും ഇന്ന് നാം ഓർക്കേണ്ടതുമായ ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കുന്നു.

നമ്മുടെ വളർച്ചയും, സാമൂഹിക ഉന്നതിയും, ജീവിതനിലവാരവും ഒക്കെ ദൈവാനുഗ്രഹമായും കഴിവിന്റെ ഫലങ്ങളായും ഒക്കെ നാം കരുതാറുണ്ട്.അതിൽ യാതൊരു തെറ്റും കാണാനും ഇല്ല. എന്നാൽ ഓരോ പടി നാം കയറുമ്പോഴും പല അവസരങ്ങളിലും ദൈവിക ബോധ്യം നഷ്ടപ്പെടുകയും സ്വയം എന്ന ചിന്ത ഉയരുകയും ചെയ്യും. എല്ലാ സൃഷ്ടികളിൻ മേലും തനിക്ക് അധികാരം ഉണ്ടെന്നും വാക്ക്‌ കൊണ്ട് പോലും അവസ്ഥകൾക്ക് മാറ്റം വരുത്തുവാൻ ദൈവത്തിനു കഴിയും എന്ന് നാം ഓർക്കുകയും വിശ്വസിക്കുകയും ചെയ്യണമെന്ന് ഈ ഭാഗം നമ്മെ ഓർമ്മിപ്പിക്കുന്നു. ജീവന്റെയും ആത്മാവിന്റെയും പ്രതീകമായി രൂപാന്തരത്തിലൂടെ ലഭിച്ച വീഞ്ഞിനെ നമുക്ക് കാണാം. ലോക മോഹങ്ങളിൽ ഉറ്റിരുന്ന ഓരോരുത്തരും നോമ്പിലൂടെ പുതുജീവൻ പ്രാപിക്കാനുള്ള ആഹ്വാനമായി നാം മനസ്സിലാക്കുക. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടിയാകുന്നു. പഴയത് കഴിഞ്ഞു പോയി ഇതാ അവൻ പുതുതായി തീർന്നിരിക്കുന്നു.2 കോരി 5 :17.

സാമാന്യ ബോധ ചിന്തയിൽ മാറ്റം എല്ലാ സൃഷ്ടികൾക്കും അനിവാര്യമാണ്. മാറ്റപ്പെടുവാൻ പറ്റാത്ത ഒന്നു മാത്രമേയുള്ളൂ മരണം. എന്നാൽ ഓരോ ദിവസവും നാം മാറ്റപ്പെട്ട് കൊണ്ടിരിക്കുന്നു. രൂപത്തിലും, പ്രായത്തിലും സംസാരത്തിലും – അതല്ല ഇവിടെ പ്രതിപാദിക്കുന്നത്. ആത്മീകമായ മാറ്റം. അതിന് നാം ആശ്രയിക്കേണ്ടത് ദൈവിക ധ്യാനവും പ്രാർഥനയും ആണ്. ആഗ്രഹം ഉണ്ട് എങ്കിലും ഈ മാറ്റത്തിന് വിഘാതമായി നിൽക്കുന്ന എല്ലാ സ്വഭാവങ്ങളും നോമ്പിലേക്ക് പ്രവേശിക്കും മുൻപ് തന്നെ നാം ഉപേക്ഷിക്കണം. അല്ല എങ്കിൽ അതൊക്കെ പ്രലോഭനങ്ങളായി നമ്മെ പിന്തുടരും.

ദൈവികമായ മഹത്വം വെളിപ്പെടുത്തി അനേകം ആളുകൾക്ക് നമ്മുടെ കർത്താവ് ദൈവീക പാത കാട്ടിക്കൊടുത്തു. ഈ ചിന്തകൾ കടന്നുവരുമ്പോഴും മനസ്സിനെ അലട്ടുന്ന ധാരാളം സംഭവങ്ങൾ ലോകത്തിന്റെ പല കോണുകളിലും നടമാടുന്നു.അല്പം ശ്രദ്ധ, അല്പം വീണ്ടുവിചാരം, അല്പം ക്ഷമ, അല്പം സ്നേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ഓരോ സംഭവങ്ങളും കാണുമ്പോൾ ഓർമവരുന്നു. വളർത്തി വലുതാക്കിയ മാതാപിതാക്കളെ നൊന്തപ്പെറ്റ മക്കളെ ഒക്കെ കൊലയ്ക്ക് കൊടുക്കുവാൻ ഒരു ലജ്ജയും ഇല്ലാത്ത തലമുറ നമ്മുടെ ഇടയിൽ തന്നെ ഉണ്ട് എന്ന് വിസ്മരിക്കരുത്. എന്തിന് ഇത് ഇവിടെ പറഞ്ഞു എന്ന് ചോദിച്ചാൽ ഒരുത്തരമേ ഉള്ളൂ. പരിചാരകരോടെ അവൻ പറയുന്നത്‌ പോലെ ചെയ്യുവിൻ എന്ന് പറഞ്ഞ പരിശുദ്ധ മാതാവ് ദൈവീക പ്രവർത്തനം നടക്കുവാൻ നാം ചെയ്യേണ്ടത് എന്താണ് എന്ന് പഠിപ്പിച്ച് തരുന്നു.

നാമും നമ്മുടെ കൂടെ ഉള്ളവരും വിശുദ്ധിയുടെ അടുത്തേയ്ക്ക് വരുവാൻ അവൻ (കർത്താവ് ) പറയും പോലെ അനുസരിക്കുക. നിന്റെ ഏതവസ്ഥ ആയാലും അതിൽ നിന്നും രൂപാന്തരപ്പെടുവാൻ വിശ്വാസത്തോടെ നോമ്പിലേക്ക് പ്രവേശിക്കാം. നോമ്പ് ശാരീരിക അഭ്യാസമല്ല ഭക്ഷണപദാർത്ഥങ്ങൾ വർജിക്കണം. ആത്മീകമായി ബലപ്പെടണം. നോമ്പ് ശത്രുവായ സാത്താന് എതിരായുള്ള യുദ്ധം ആണ്. പല പ്രലോഭനങ്ങളിലും പിശാച് നമ്മെ വീഴ്ത്തും. എന്നാൽ അവിടെ വീണു പോകാതെ നിലനിൽക്കണം എങ്കിൽ ആത്മീകമായ ബലം ധരിക്കണം.

ധ്യാനത്തിന്റേയും പ്രാർത്ഥനയുടെയും ഉപവാസത്തിന്റേയും അമ്പത് ദിനങ്ങൾ ആരംഭിക്കുകയാണ്. ഓരോദിനവും മരിക്കപ്പെടുവാനല്ല പകരം പുതുക്കപ്പെടുവാൻ നമുക്ക് ഇടയാകണം. മനുഷ്യർ കാണുന്നതിനല്ല പകരം ദൈവം കരുണ കാണിക്കുവാനാകണം നോമ്പ് നോൽക്കേണ്ടത്. വീണ്ടെടുപ്പിന്റെ ദിനങ്ങളിലേയ്ക്ക് അടുത്തു വരുവാൻ ദൈവമേ എനിക്കും ഇടവരുത്തണമേ എന്ന് പ്രാർത്ഥിച്ച് ശുദ്ധമുള്ള ഈ നോമ്പിനെ നമുക്ക് സ്വാഗതം ചെയ്യാം. ശുദ്ധമുള്ള നോമ്പേ സമാധാനത്താലെ വരിക. പ്രാർത്ഥനയിൽ

റവ. ഫാ. ഹാപ്പി ജേക്കബ്ബ്

മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.