Air Prime
ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ഡോര്‍സ്‌റ്റെപ് ഡെലിവറി ബ്രിട്ടനില്‍ നടപ്പാക്കാനൊരുങ്ങി ആമസോണ്‍. ഡ്രോണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തും. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടും ഇതിനായി നടത്തിയ ചര്‍ച്ചകളില്‍ ആമസോണിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെന്ന് ആമസോണ്‍ യുകെ മേധാവി ഡൗഗ് ഗര്‍ പറഞ്ഞു. എയര്‍ പ്രൈം എന്ന പേരിലാണ് ഡ്രോണ്‍ സര്‍വീസ് തുടങ്ങുന്നത്. ഇതിന്റെ ട്രയലിനാണ് ഇപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ അനുമതി ലഭിച്ചിരിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തില്‍ സംസാരിക്കുമ്പോളാണ് ഗര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസായ പ്രൈം നൗവിലൂടെ ആദ്യഘട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ ഡെലിവറികള്‍ സാധ്യമാക്കാനാകും. പിന്നീട് ഡ്രോണുകള്‍ ഉപയോഗിച്ച് ഈ സമയ ദൈര്‍ഘ്യം അര മണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗര്‍ വ്യക്തമാക്കി. സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യുന്ന സംവിധാനത്തിന്റെ പരീക്ഷണം നടന്നു വരികയാണ്. സിഎഎ ഡിഎഫ്ടി എന്നിവയുമായി ധാരണയിലെത്തിയതിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഡ്രോണുകളുടെ പരീക്ഷണം നടത്തി വരികയാണ്. എന്നാല്‍ ഔദ്യോഗികമായി ഈ സേവനം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്നത് വെളിപ്പെടുത്താന്‍ ഗര്‍ വിസമ്മതിച്ചു.
RECENT POSTS
Copyright © . All rights reserved