യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയ് തയ്യാറാക്കിയ പിന്മാറ്റക്കരാര് മൂന്നു തവണയാണ് പാര്‍ലമെന്റ് തള്ളിയത്. ലേബറുമായി സമയവായത്തിലെത്താനായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മേയ് ഇപ്പോള്‍ ഉള്ളത്. വിത്ത്ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ ഇന്ന് അവതരിപ്പിക്കാനാണ് മേയ് ഉദ്ദേശിക്കുന്നത്. ഇത് നിയമമാക്കി മാറ്റേണ്ടതുണ്ട്. ബ്രെക്സിറ്റ് നടപ്പാക്കാനുള്ള അവസാന അവസരം എന്നാണ് ഇതിനെ മേയ് വിശേഷിപ്പിക്കുന്നത്. ഒരു കസ്റ്റംസ് യൂണിയന് സംവിധാനവും മറ്റൊരു ഹിതപരിശോധന സംബന്ധിച്ച് പാര്‍ലമെന്റ് വോട്ടും അനുവദിക്കാനുള്ള മേയുടെ പുതിയ നീക്കം ടോറികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്.
പഴയത് വീണ്ടും അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ഇതിനെ പിന്തുണക്കാനാവില്ലെന്നും ലേബര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ബ്രെക്സിറ്റ് നടപ്പാക്കാന്‍ സഹായിക്കില്ലെന്നാണ് കോമണ്‍സ് ലീഡര്‍ സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെച്ച ആന്‍ഡ്രിയ ലീഡ്സം പറഞ്ഞത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഹോം സെക്രട്ടറി സാജിദ് ജാവീദ്, ഫോറിന് സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബില്ലില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ബ്രെക്സിറ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഇന്ന് പരിശോധന നടത്തുമെന്ന് ഇലക്ടറല്‍ കമ്മീഷന് വക്താവാണ് അറിയിച്ചത്. 500 പൗണ്ടിനു മേലുള്ള സംഭാവനകളെ സംബന്ധിച്ചും അവ ഏതു വിധത്തിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. നിയമലംഘനം നടന്നതായി വ്യക്തമായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ശരിയായ വിധത്തില്‍ അംഗങ്ങളുടെ പിന്‍ബലമില്ലാത്ത ബ്രെക്സിറ്റ് പാര്‍ട്ടി ദാതാക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലാത്ത പേയ്പാല് അക്കൗണ്ടിലൂടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. ഇത് പുറത്തു വന്നതോടെ വിവാദവും ആരംഭിക്കുകയായിരുന്നു. 2016ല്‍ ഹിതപരിശോധനാ സമയത്ത് ഫരാഷിന്റെ ക്യാംപെയിന് ഗ്രൂപ്പായിരുന്ന ലീവ്.ഇയുവിനെക്കുറിച്ചും അതിന്റെ സ്ഥാപകനായ ആരോണ്‍ ബാങ്ക്സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗോര്‍ഡന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു.
അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ബ്രെക്സിറ്റ് പാര്‍ട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് പറഞ്ഞു. അസൂയയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നത് ഇലക്ടറല്‍ കമ്മീഷന് അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാരിന്റെ ബ്രെക്സിറ്റ് പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഒരു തെരഞ്ഞെടുപ്പ് നടത്തുകയോ ആണ് ലേബര്‍ മുന്നോട്ടു വെക്കുന്ന മാറ്റങ്ങള്‍. ഇവയൊന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ ഒരു ഹിതപരിശോധനയെന്ന ആവശ്യമാണ് ലേബറിനുള്ളത്. ബ്രെക്സിറ്റില്‍ രണ്ടാം ഹിതപരിശോധനയെന്ന ആവശ്യം മറ്റു പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു കരാറിനും സമ്മതം മൂളണോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണ വോട്ട് എന്ന ആശയവും ഉയരുന്നുണ്ട്. യാതൊരു വിധ ഉടമ്പടികളുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള ഓപ്ഷനും പുതിയ ഹിതപരിശോധനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു.
ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രഖ്യാപനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സ്റ്റാമര്‍ പറഞ്ഞു. നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കണ്‍ഫര്‍മേറ്ററി വോട്ട് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാമര്‍ വ്യക്തമാക്കി.
ചര്‍ച്ചകള്‍ നിര്‍ത്തിയത് വളരെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് കോമണ്‍സില്‍ അവതരിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന് വിത്ഡ്രോവല്‍ എഗ്രിമെന്റിലെ വോട്ടെടുപ്പിനു ശേഷം സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് ടൈംടേബിള്‍ അവതരിപ്പിക്കാമെന്നാണ് തെരേസ മേയ് വ്യക്തമാക്കിയിരിക്കുന്നത്. മേയ് അവതരിപ്പിച്ച ഡീല്‍ മൂന്നു വട്ടം കോമണ്‍സ് തള്ളിയതിനെത്തുടര്‍ന്നാണ് മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ബ്രെക്സിറ്റ് ഒക്ടോബര്‍ 31ലേക്ക് മാറ്റിവെച്ചത്. ഇതിനിടയില്‍ ഡീല്‍ സംബന്ധിച്ച് ആശയ സമന്വയത്തിനായി ടോറികളും ലേബറും തമ്മില്‍ ചര്‍ച്ചയും ആരംഭിച്ചു. രണ്ടാം ഹിതപരിശോധന, യൂറോപ്യന്‍ യൂണിയന് കസ്റ്റംസ് യൂണിയനില്‍ അംഗത്വം തുടരല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്ത അഭിപ്രായമാണ് പിന്തുടരുന്നത്.
ഡീലില്‍ കണ്‍സര്‍വേറ്റീവിലും തെരേസ മേയ് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. വരാനിരിക്കുന്ന നേതൃത്വ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ മേയ്ക്കെതിരെയുള്ള വികാരം ശക്തമായേക്കും. ഈ പ്രശ്നങ്ങള്‍ക്കിടയിലും കോമണ്‍സില്‍ ഡീല്‍ വീണ്ടും അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള മേയുടെ പുറത്തേക്കു പോക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്.
പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ഇയാന്‍ വാട്ട്സണ് പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്സണ് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി.
ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്ബിന് സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.