ബ്രെക്‌സിറ്റില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബറും തമ്മില്‍ നടത്തിവന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് നടപടി. തങ്ങളാല്‍ കഴിയുന്നതിന്റ പരമാവധി ചര്‍ച്ചയുമായി സഹകരിച്ചുവെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ വര്‍ദ്ധിച്ചു വരുന്ന സ്ഥിരതയില്ലായ്മയും ദൗര്‍ബല്യങ്ങളും ഒരു സമവായത്തിലെത്തുന്ന സാഹചര്യം ഇല്ലാതാക്കുകയായിരുന്നുവെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തി. അതേസമയം രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ ലേബറില്‍ അഭിപ്രായ സമന്വയം ഇല്ലാതിരുന്നത് ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാക്കിയെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. ഇനി എംപിമാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് ഓപ്ഷനുകള്‍ വെക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ചര്‍ച്ചകള്‍ നിര്‍ത്തിയത് വളരെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് കോമണ്‍സില്‍ അവതരിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ എഗ്രിമെന്റിലെ വോട്ടെടുപ്പിനു ശേഷം സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് ടൈംടേബിള്‍ അവതരിപ്പിക്കാമെന്നാണ് തെരേസ മേയ് വ്യക്തമാക്കിയിരിക്കുന്നത്. മേയ് അവതരിപ്പിച്ച ഡീല്‍ മൂന്നു വട്ടം കോമണ്‍സ് തള്ളിയതിനെത്തുടര്‍ന്നാണ് മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ബ്രെക്‌സിറ്റ് ഒക്ടോബര്‍ 31ലേക്ക് മാറ്റിവെച്ചത്. ഇതിനിടയില്‍ ഡീല്‍ സംബന്ധിച്ച് ആശയ സമന്വയത്തിനായി ടോറികളും ലേബറും തമ്മില്‍ ചര്‍ച്ചയും ആരംഭിച്ചു. രണ്ടാം ഹിതപരിശോധന, യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ അംഗത്വം തുടരല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്ത അഭിപ്രായമാണ് പിന്തുടരുന്നത്.

ഡീലില്‍ കണ്‍സര്‍വേറ്റീവിലും തെരേസ മേയ് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. വരാനിരിക്കുന്ന നേതൃത്വ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ മേയ്‌ക്കെതിരെയുള്ള വികാരം ശക്തമായേക്കും. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കോമണ്‍സില്‍ ഡീല്‍ വീണ്ടും അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള മേയുടെ പുറത്തേക്കു പോക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്.