brexit
പ്രധാനമന്ത്രി തെരേസ മേയ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം ഇന്ന് അറിയിക്കുമെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍മാര്‍ പറയുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നേതൃത്വത്തിനായുള്ള മത്സരം ജൂണ്‍ 10ന് ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇതിന് അനുസൃതമായി തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള സമയക്രമം ഇന്നു തന്നെ തെരേസ മേയ് പ്രഖ്യാപിക്കുമെന്നാണ് എംപിമാര്‍ പ്രതീക്ഷിക്കുന്നത്. ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെ ചെയര്‍മാനുമായി മേയ് കൂടിക്കാഴ്ച നടത്തുന്നതും ഇന്നു തന്നെയാണ്. ബ്രെക്‌സിറ്റ് ഉടമ്പടികളില്‍ ടോറി എംപിമാര്‍ കൂടി എതിര്‍പക്ഷത്തായതോടെയാണ് സ്ഥാനമൊഴിയാന്‍ മേയ്ക്കു മേല്‍ സമ്മര്‍ദ്ദമേറിയത്. യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ച ചെയ്ത് മേയ് തയ്യാറാക്കിയ പിന്‍മാറ്റക്കരാര്‍ മൂന്നു തവണയാണ് പാര്‍ലമെന്റ് തള്ളിയത്. ലേബറുമായി സമയവായത്തിലെത്താനായി നടത്തിയ ചര്‍ച്ചകളും പരാജയപ്പെട്ടതോടെ സ്ഥാനമൊഴിയുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന അവസ്ഥയിലാണ് മേയ് ഇപ്പോള്‍ ഉള്ളത്. വിത്ത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ ഇന്ന് അവതരിപ്പിക്കാനാണ് മേയ് ഉദ്ദേശിക്കുന്നത്. ഇത് നിയമമാക്കി മാറ്റേണ്ടതുണ്ട്. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള അവസാന അവസരം എന്നാണ് ഇതിനെ മേയ് വിശേഷിപ്പിക്കുന്നത്. ഒരു കസ്റ്റംസ് യൂണിയന്‍ സംവിധാനവും മറ്റൊരു ഹിതപരിശോധന സംബന്ധിച്ച് പാര്‍ലമെന്റ് വോട്ടും അനുവദിക്കാനുള്ള മേയുടെ പുതിയ നീക്കം ടോറികളെ ക്ഷുഭിതരാക്കിയിട്ടുണ്ട്. പഴയത് വീണ്ടും അവതരിപ്പിക്കുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും ഇതിനെ പിന്തുണക്കാനാവില്ലെന്നും ലേബര്‍ അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സഹായിക്കില്ലെന്നാണ് കോമണ്‍സ് ലീഡര്‍ സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെച്ച ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഹോം സെക്രട്ടറി സാജിദ് ജാവീദ്, ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരും ബില്ലില്‍ തങ്ങള്‍ക്കുള്ള ആശങ്ക അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
വിദേശ ഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായതിനെത്തുടര്‍ന്ന് നൈജല്‍ ഫരാഷ് നേതാവായ ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷണത്തിന് ഒരുങ്ങി ഇലക്ടറല്‍ കമ്മീഷന്‍. പാര്‍ട്ടി ആസ്ഥാനത്ത് കമ്മീഷന്‍ പരിശോധന നടത്തും. ഇന്നു നടത്തുന്ന പരിശോധനയില്‍ പാര്‍ട്ടിയുടെ വിവാദമായ ഫണ്ട് റെയ്‌സിംഗ് രീതികളായിരിക്കും പ്രധാനമായും അന്വേഷണ വിധേയമാക്കുക. പാര്‍ട്ടിയുടെ പേയ്പാല്‍ അക്കൗണ്ടിലേക്ക് ജനങ്ങള്‍ വിദേശ കറന്‍സിയിലാണോ നിക്ഷേപിക്കുന്നത് എന്ന കാര്യം അറിയില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയതോടെയാണ് വിവാദം ആരംഭിച്ചത്. അനധികൃതമായി ലഭിക്കുന്ന പണം സ്വീകരിക്കുന്നതിലൂടെ ബ്രെക്‌സിറ്റ് പാര്‍ട്ടി ജനാധിപത്യത്തിന് തുരങ്കം വെയ്ക്കുകയാണെന്ന വിമര്‍ശനം ഉയര്‍ത്തി ഗോര്‍ഡന്‍ ബ്രൗണാണ് ആദ്യം രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് പാര്‍ട്ടിയുടെ ഓഫീസില്‍ ഇന്ന് പരിശോധന നടത്തുമെന്ന് ഇലക്ടറല്‍ കമ്മീഷന്‍ വക്താവാണ് അറിയിച്ചത്. 500 പൗണ്ടിനു മേലുള്ള സംഭാവനകളെ സംബന്ധിച്ചും അവ ഏതു വിധത്തിലാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കുമെന്ന് വക്താവ് പറഞ്ഞു. നിയമലംഘനം നടന്നതായി വ്യക്തമായാല്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും വക്താവ് അറിയിച്ചു. ശരിയായ വിധത്തില്‍ അംഗങ്ങളുടെ പിന്‍ബലമില്ലാത്ത ബ്രെക്‌സിറ്റ് പാര്‍ട്ടി ദാതാക്കളുടെ വ്യക്തിവിവരങ്ങള്‍ ആവശ്യമില്ലാത്ത പേയ്പാല്‍ അക്കൗണ്ടിലൂടെയാണ് സംഭാവനകള്‍ സ്വീകരിച്ചത്. ഇത് പുറത്തു വന്നതോടെ വിവാദവും ആരംഭിക്കുകയായിരുന്നു. 2016ല്‍ ഹിതപരിശോധനാ സമയത്ത് ഫരാഷിന്റെ ക്യാംപെയിന്‍ ഗ്രൂപ്പായിരുന്ന ലീവ്.ഇയുവിനെക്കുറിച്ചും അതിന്റെ സ്ഥാപകനായ ആരോണ്‍ ബാങ്ക്‌സിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ലേബറിന്റെ മുന്‍ പ്രധാനമന്ത്രി കൂടിയായ ഗോര്‍ഡന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും പരിഹാസ്യവുമാണെന്ന് ബ്രെക്‌സിറ്റ് പാര്‍ട്ടി നേതാവായ റിച്ചാര്‍ഡ് ടൈസ് പറഞ്ഞു. അസൂയയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതയുമാണ് ഇത്തരം ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. സംഭാവനകള്‍ സ്വീകരിക്കുന്നത് ഇലക്ടറല്‍ കമ്മീഷന്‍ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണെന്നും അദ്ദേഹം വിശദീകരിച്ചു.
അടുത്ത മാസം പാര്‍ലമെന്റില്‍ വോട്ടിനിടുന്ന ബ്രെക്‌സിറ്റ് പിന്‍മാറ്റക്കരാറില്‍ ഒരു പബ്ലിക് വോട്ട് കൂടി ഉള്‍പ്പെടുത്തണമെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി കെയിര്‍ സ്റ്റാമര്‍. പ്രതിസന്ധി മാറണമെങ്കില്‍ ബ്രെക്‌സിറ്റില്‍ ഒരു രണ്ടാം ഹിതപരിശോധന അത്യാവശ്യമാണെന്ന് ലേബര്‍ നേതാവ് പറഞ്ഞുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രെക്‌സിറ്റില്‍ സമവായത്തിനായി ലേബറും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മില്‍ നടന്നു വന്ന ചര്‍ച്ചകള്‍ പരാജയമായിരുന്നു. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ഒരു വ്യത്യസ്തമായ ബ്രെക്‌സിറ്റ് ഓപ്ഷന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭൂരിപക്ഷാഭിപ്രായത്തിന് വിടുമെന്ന് തെരേസ മേയ് പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തുകയോ ഒരു തെരഞ്ഞെടുപ്പ് നടത്തുകയോ ആണ് ലേബര്‍ മുന്നോട്ടു വെക്കുന്ന മാറ്റങ്ങള്‍. ഇവയൊന്നും പ്രാവര്‍ത്തികമായില്ലെങ്കില്‍ ഒരു ഹിതപരിശോധനയെന്ന ആവശ്യമാണ് ലേബറിനുള്ളത്. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധനയെന്ന ആവശ്യം മറ്റു പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ തുടരണോ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏതു കരാറിനും സമ്മതം മൂളണോ എന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണ വോട്ട് എന്ന ആശയവും ഉയരുന്നുണ്ട്. യാതൊരു വിധ ഉടമ്പടികളുമില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകാനുള്ള ഓപ്ഷനും പുതിയ ഹിതപരിശോധനയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ചിലര്‍ ഉന്നയിക്കുന്നു. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം തുടരുന്നത് സംബന്ധിച്ചുള്ള രാഷ്ട്രീയ പ്രഖ്യാപനത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സ്റ്റാമര്‍ പറഞ്ഞു. നിലവിലുള്ള പ്രതിസന്ധി തരണം ചെയ്യാന്‍ കണ്‍ഫര്‍മേറ്ററി വോട്ട് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും സ്റ്റാമര്‍ വ്യക്തമാക്കി.
ബ്രെക്‌സിറ്റില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബറും തമ്മില്‍ നടത്തിവന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് നടപടി. തങ്ങളാല്‍ കഴിയുന്നതിന്റ പരമാവധി ചര്‍ച്ചയുമായി സഹകരിച്ചുവെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ വര്‍ദ്ധിച്ചു വരുന്ന സ്ഥിരതയില്ലായ്മയും ദൗര്‍ബല്യങ്ങളും ഒരു സമവായത്തിലെത്തുന്ന സാഹചര്യം ഇല്ലാതാക്കുകയായിരുന്നുവെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തി. അതേസമയം രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ ലേബറില്‍ അഭിപ്രായ സമന്വയം ഇല്ലാതിരുന്നത് ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാക്കിയെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. ഇനി എംപിമാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് ഓപ്ഷനുകള്‍ വെക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചര്‍ച്ചകള്‍ നിര്‍ത്തിയത് വളരെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് കോമണ്‍സില്‍ അവതരിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ എഗ്രിമെന്റിലെ വോട്ടെടുപ്പിനു ശേഷം സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് ടൈംടേബിള്‍ അവതരിപ്പിക്കാമെന്നാണ് തെരേസ മേയ് വ്യക്തമാക്കിയിരിക്കുന്നത്. മേയ് അവതരിപ്പിച്ച ഡീല്‍ മൂന്നു വട്ടം കോമണ്‍സ് തള്ളിയതിനെത്തുടര്‍ന്നാണ് മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ബ്രെക്‌സിറ്റ് ഒക്ടോബര്‍ 31ലേക്ക് മാറ്റിവെച്ചത്. ഇതിനിടയില്‍ ഡീല്‍ സംബന്ധിച്ച് ആശയ സമന്വയത്തിനായി ടോറികളും ലേബറും തമ്മില്‍ ചര്‍ച്ചയും ആരംഭിച്ചു. രണ്ടാം ഹിതപരിശോധന, യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ അംഗത്വം തുടരല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്ത അഭിപ്രായമാണ് പിന്തുടരുന്നത്. ഡീലില്‍ കണ്‍സര്‍വേറ്റീവിലും തെരേസ മേയ് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. വരാനിരിക്കുന്ന നേതൃത്വ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ മേയ്‌ക്കെതിരെയുള്ള വികാരം ശക്തമായേക്കും. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കോമണ്‍സില്‍ ഡീല്‍ വീണ്ടും അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള മേയുടെ പുറത്തേക്കു പോക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്.
ബ്രെക്‌സിറ്റില്‍ ജൂണ്‍ ആദ്യം പാര്‍ലമെന്റില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ചായിരിക്കും വോട്ടെടുപ്പ്. ലേബറുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനം എത്തിയാലും ഇല്ലെങ്കിലും വോട്ടെടുപ്പില്‍ മാറ്റമുണ്ടാവില്ലെന്ന് ഡൗണിംഗ് സ്ട്രീറ്റ് അറിയിച്ചു. എംപിമാരുടെ സമ്മര്‍ അവധിക്കു മുമ്പായി യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറണമെങ്കില്‍ ബ്രെക്‌സിറ്റ് നടപ്പാക്കല്‍ ബില്ലിലുള്ള വോട്ടെടുപ്പ് അനിവാര്യമാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. എന്നാല്‍ ഇത് ഒരിക്കലും പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് ഉടമ്പടിയിലുള്ള നാലാമത്തെ വോട്ടെടുപ്പല്ലെന്നും വക്താവ് പറഞ്ഞു. അതേസമയം ഉഭയകക്ഷി ധാരണയിലെത്താതെ ബില്ലിന് പിന്തുണ നല്‍കില്ലെന്ന് ലേബര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഡീല്‍ മൂന്നു പ്രാവശ്യം പാര്‍ലമെന്റ് തള്ളിയതോടെയാണ് ക്രോസ് പാര്‍ട്ടി സമവായത്തിന് സര്‍ക്കാര്‍ ശ്രമം ആരംഭിച്ചത്. ിത്‌ഡ്രോവല്‍ എഗ്രിമെന്റ് ബില്‍ മുന്നോട്ടുവെച്ച് സമ്മറിനു മുമ്പായി ബ്രെക്‌സിറ്റ് നടപ്പിലാക്കാനാണ് തെരേസ മേയ് ശ്രമിക്കുന്നത്. എന്നാല്‍ പ്രതിപക്ഷവുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ സമവായം സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുമില്ലെന്ന് ബിബിസി പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ഇയാന്‍ വാട്ട്‌സണ്‍ പറയുന്നു. ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്ന ബില്‍ ചര്‍ച്ചകള്‍ തുടരുന്നതിന് കൂടുതല്‍ സമയവും സ്ഥലവും നല്‍കുമെന്നും വാട്ട്‌സണ്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ തെരേസ മേയും കോര്‍ബിനും ചൊവ്വാഴ്ച വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയില്‍ വിലയിരുത്തി. ചര്‍ച്ചകള്‍ ഫലപ്രദമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. ചര്‍ച്ചകള്‍ തീരുമാനത്തിലേക്ക് എത്തിക്കാനും ഹിതപരിശോധനാ ഫലം നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെരേസ മേയ് വ്യക്തമാക്കിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. അതേസമയം കണ്‍സര്‍വേറ്റീവ് എംപിമാരും ക്യാബിനറ്റ് മിനിസ്റ്റര്‍മാരും പ്രധാനമന്ത്രിയെ മാറ്റാന്‍ ശ്രമം നടത്തുന്നതിനാല്‍ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്‍ കോര്‍ബിന്‍ സംശയം പ്രകടിപ്പിച്ചുവെന്നാണ് ലേബര്‍ വക്താവ് പറഞ്ഞത്.
Copyright © . All rights reserved