car crash
ന്യൂസ് ഡെസ്ക് ബ്രിട്ടീഷ് പാർലമെൻറിന്റെ സെക്യൂരിറ്റി ബാരിയറിലേയ്ക്ക് കാർ ഇടിച്ചു കയറ്റി. ഇന്നു രാവിലെ 7.37 നാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. വെസ്റ്റ് മിൻസ്റ്റർ സായുധ സേനയുടെ നിയന്ത്രണത്തിലാണ്. വെസ്റ്റ് മിൻസ്റ്റർ ട്യൂബ് സ്റ്റേഷൻ ഇതിനെത്തുടർന്ന് അടച്ചു. സ്കോട്ട്ലൻഡ് യാർഡും ആൻറി ടെററിസം യൂണിറ്റും അന്വേഷണം തുടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് ഒരു ഭീകരാക്രമണമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. മനപ്പൂർവ്വം കാർ കാൽനടക്കാരുടെയും സെക്യൂരിറ്റി ബാരിയറിന്റെയും മേൽ ഇടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിൽബാങ്ക്, പാർലമെൻറ് സ്ക്വയർ, വിക്ടോറിയ ടവർ ഗാർഡൻസ് എന്നീ സ്ഥലങ്ങൾ പോലീസ് കോർഡണിലാണ്. ഇവിടേയ്ക്ക് ജനങ്ങൾക്ക് പോകാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്. പാർലമെന്റിനു സമീപം വെസ്റ്റ് ബൗണ്ട് റോഡിൽ യാത്ര ചെയ്തിരുന്ന കാർ പെട്ടെന്ന് എതിർദിശയിലേക്ക് പായുകയായിരുന്നു. സിഗ്നലിൽ കാത്തുനിന്ന സൈക്കിളിസ്റ്റിനെ ഇടിച്ചിട്ട കാർ വീണ്ടും പിന്നോട്ട് എടുത്ത് അതിവേഗതയിൽ പാഞ്ഞ് വന്ന് സെക്യൂരിറ്റി ബാരിയറിൽ വീണ്ടും ഇടിച്ചു. സിൽവർ നിറമുള്ള കാറാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ എമർജൻസി സർവീസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
ന്യൂസ് ഡെസ്ക് ഓസ്ട്രേലിയ മെൽബണിലെ ട്രഗനൈനയിൽ മലയാളി പെൺകുട്ടി കാർ അപകടത്തിൽ മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ചിരുന്ന ഫോർഡ് ഫോക്കസ് വാഹനത്തിലേക്ക് എതിർവശത്തു നിന്ന് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.ഒരു കാറിനെ ഓവർടേക്ക് ചെയ്തുവന്ന ഫോർഡ് ടെറിട്ടറിയാണ് നാലംഗ കുടുംബത്തിന്റെ കാറിൽ വന്നിടിച്ചതെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. കാറിലുണ്ടായിരുന്ന പത്തു വയസുള്ള പെൺകുട്ടി അവിടെ വച്ചു തന്നെ മരിച്ചു. മലയാളി കുടുംബത്തിന്റെ കാർ ശരിയായ ദിശയിൽ ആയിരുന്നു. എതിരേ വന്ന കാറാണ് ദുരന്തം ഉണ്ടാക്കിയത് എന്നറിയുന്നു. മരിച്ച പെൺകുട്ടിയുടെ മാതാവാണ് കാർ ഓടിച്ചത്. ഇവരും പെൺകുട്ടിയുടെ സഹോദരനും ഗുരുതരാവസ്ഥയിലാണ്‌. പിതാവിനും പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രിയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ രണ്ടു കാറുകളും റോഡിന് പുറത്തേക്ക് തെറിച്ചു പോയി. പൂർണമായി തകർന്ന അവസ്ഥയിലാണ് കാറുകൾ.ഫോർഡ് ടെറിട്ടറി ഓടിച്ചിരുന്ന 41കാരനും പരുക്കേറ്റെങ്കിലും ഗുരുതരമല്ല. റോക്ക്ബാങ്കിലുള്ള മലയാളി കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ വിശദാംശങ്ങൾ മലയാളി സമൂഹം പങ്കുവച്ചെങ്കിലും  ഇപ്പോൾ പേരുവിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ കഴിയില്ലെന്ന് വിക്ടോറിയ പൊലീസ് പറഞ്ഞു. വിക്ടോറിയ പൊലീസിന്റെ മേജർ കൊളിഷൻ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അപകട സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ആശുപത്രിയിലായവർക്കായി പ്രാർഥനകളുമായി മലയാളി സമൂഹം ചിലവിടുകയാണ്‌. ഓർത്തഡോക്സ് കമ്യൂണിറ്റിയിലെ അംഗങ്ങളാണ് ഇവരുടെ കുടുംബം.
ന്യൂസ് ഡെസ്ക് ലീഡ്സിൽ ഉണ്ടായ കാറപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു. രണ്ടു കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവർ 18 നും 21 നും വയസിനിടയിൽ പ്രായമുള്ളവരാണ്. 16ഉം 17ഉം വയസുള്ള രണ്ടു പെൺകുട്ടികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എല്ലാവരും ഒരേ കാറിൽ യാത്ര ചെയ്തിരുന്നവരാണ്. ഇവർ സഞ്ചരിച്ചിരുന്ന സിയറ്റ് ലിയോൺ കാർ യൂബർ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാക്സി ഓടിച്ചിരുന്ന 42 കാരനായ ബ്രാഡ് ഫോർഡുകാരനായ ഡ്രൈവറും പരിക്കുകളേറ്റ് ഹോസ്പിറ്റലിലാണ്. ലീഡ്സിലെ ഹോർസ് ഫോർത്തിൽ ഔട്ടർ റിംഗ് റോഡായ A6120 ൽ ആണ് ഇന്ന് അതിരാവിലെ 2.41 ന് അപകടം നടന്നത്. അപകടത്തിൽപ്പെട്ട സിയറ്റ് ലിയോൺ കാർ അമിത വേഗതയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പോലീസ് റോഡ് അടച്ചിരിക്കുകയാണ്. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസ് ഡെസ്ക് ഇന്ന് അതിരാവിലെയുണ്ടായ അപകടത്തിൽ M62 മോട്ടോർവേയിൽ രണ്ടു യുവാക്കൾ കൊല്ലപ്പെട്ടു. 34ഉം 37 ഉം വയസ് ഉള്ള യുവാക്കളാണ് അപകടത്തിൽ പെട്ടത്. തെറ്റായ ദിശയിൽ കാർ ഓടിച്ച 22 കാരനായ ഡ്രൈവർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. യുവാക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവർ വെളുത്ത സ്കോഡ കാറിലാണ് യാത്ര ചെയ്തിരുന്നത്. മദ്യപിച്ച് മോട്ടോർവേയിൽ തെറ്റായ ദിശയിൽ വണ്ടിയോടിച്ച കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വോക്സാൾ ഇൻസീനിയ ഓടിച്ചിരുന്ന ഇയാൾ ബ്രത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടു. രാവിലെ 2.34 ന് M62 ജംഗ്ഷൻ 26 നടുത്ത് ഹഡേഴ്സ് ഫീൽഡിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് മോട്ടോർവേ ജംഗ്ഷൻ 26നും 27നുമിടയിൽ അടച്ചിരുന്നു. ഇതേ തുടർന്ന് മോട്ടോർവേയിൽ മൈലുകൾ നീണ്ട ട്രാഫിക് ക്യൂ രൂപം കൊണ്ടു. ഈസ്റ്റർ ബാങ്ക് ഹോളിഡേ ആഘോഷത്തിനിറങ്ങിയ ആയിരക്കണക്കിന് പേർ മോട്ടോർവേയിൽ മണിക്കൂറുകൾ കുടുങ്ങി. 10 മണിക്ക് ശേഷമാണ് ട്രാഫിക് പുനരാരംഭിച്ചത്. തെറ്റായ ദിശയിൽ ഒരു കാർ യാത്ര ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വെസ്റ്റ് ബൗണ്ട് കാരിയേജ് വേയിൽ ഡ്രൈവർ എതിരേ ദിശയിൽ കാർ ഓടിക്കുകയായിരുന്നു. അല്പസമയത്തിനുശേഷം രണ്ടു കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായതായി പോലീസിന് സന്ദേശം ലഭിച്ചു. പോലീസ് ഉടൻ സംഭവസ്ഥലത്ത് എത്തിയെങ്കിലും യുവാക്കൾ മരിച്ചിരുന്നു. കൊളീഷൻ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്ത് എത്തി വിവരങ്ങൾ ശേഖരിച്ചു.
RECENT POSTS
Copyright © . All rights reserved