Chengannur Bypoll
കൊച്ചി : ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആം ആദ്മി പാര്‍ട്ടിയുടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ നിവേദനങ്ങളിന്മേല്‍ നടപടിയുണ്ടാവാത്തതിനേത്തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. 2013ലെ സുബ്രഹ്മണ്യന്‍ സ്വാമി വേഴ്സസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിധിയില്‍ വോട്ടര്‍മാരുടെ 'വിശ്വാസം പുനഃസ്ഥാപിക്കാന്‍' വിവിപാറ്റ് എല്ലാ ബൂത്തുകളിലും സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ വിധിയുണ്ട്. തുടര്‍ന്ന് അതു നടപ്പാക്കാത്തതു മൂലം വന്ന കോടതിയലക്ഷ്യ ഹര്‍ജ്ജിയില്‍ സുപ്രീംകോടതി ഇലക്ഷന്‍ കമ്മീഷന് വിവിപാറ്റ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കി. എന്നാല്‍ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ പോലും സ്ലിപ്പുകള്‍ 1% മുതല്‍ 5% വരെ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരില്‍ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പികളു എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കുമ്പൊഴേ വോട്ടര്‍മ്മാരുടെ ആശങ്ക ദൂരീകരിക്കാനാവൂ എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. കെ എം മാണിയുടെ എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കെ.എം മാണിയെ സന്ദര്‍ശിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. വി മുരളീധരന്‍ പറഞ്ഞു. പി. ജയരാജന് വധഭീഷണിയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശുഹൈബ് വധക്കേസില്‍ പ്രതിരോത്തിലായിരിക്കുന്ന ജയരാജനെ രക്ഷിക്കാനുള്ള സിപിഐഎമ്മിന്റെ നാടകമാണ് പുതിയ റിപ്പോര്‍ട്ടെന്ന് അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുന്നണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ഇന്ന് നടക്കാനിരിക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.
തിരുവനന്തപുരം: ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്നും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കെ.എം മാണിയുടെ പ്രതികരണത്തിന് അനുസരിച്ച് ഘടകകക്ഷികളുടെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ സംസ്ഥാന നേതൃത്വം പിരിച്ചു വിടുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം കെ.എം മാണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്.
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി പാളയം. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കള്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് മാണിയെ കണ്ടത്. ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും. കെഎം മാണിയെ എന്‍.ഡി.എ സഖ്യത്തിലെത്തിച്ച് ചെങ്ങന്നൂരില്‍ മുന്‍തൂക്കം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപി നേതാക്കളുമായി നടന്ന കൂടിക്കാഴ്ച വെറും സൗഹൃദസന്ദര്‍ശനമാണെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം പിരിച്ചുവിടുമെന്ന് നേരത്തെ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. ത്രികോണ മത്സരം ഉറപ്പായ ചെങ്ങന്നൂരില്‍ മൂന്നു മുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുമായി ചെങ്ങന്നൂരില്‍ സഹകരിക്കില്ലെന്ന ബിഡിജെഎസ് നിലപാട് എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടു ചെയ്യാനാവും കേരളാ കോണ്‍ഗ്രസ് അണികള്‍ നല്‍കാന്‍ പോകുന്ന നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാളെ നടക്കുന്ന മീറ്റിംഗില്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടാകും.
RECENT POSTS
Copyright © . All rights reserved