കൊച്ചി : ചെങ്ങന്നൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീനുകള്‍ ഉപയോഗിക്കണമെന്നാവിശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആം ആദ്മി പാര്‍ട്ടിയുടെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഴുവന്‍ ബൂത്തുകളിലേയും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 22ന് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ നിവേദനങ്ങളിന്മേല്‍ നടപടിയുണ്ടാവാത്തതിനേത്തുടര്‍ന്നാണ് ആംആദ്മി പാര്‍ട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും.

2013ലെ സുബ്രഹ്മണ്യന്‍ സ്വാമി വേഴ്സസ് ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ വിധിയില്‍ വോട്ടര്‍മാരുടെ ‘വിശ്വാസം പുനഃസ്ഥാപിക്കാന്‍’ വിവിപാറ്റ് എല്ലാ ബൂത്തുകളിലും സ്ഥാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് സദാശിവത്തിന്റെ വിധിയുണ്ട്. തുടര്‍ന്ന് അതു നടപ്പാക്കാത്തതു മൂലം വന്ന കോടതിയലക്ഷ്യ ഹര്‍ജ്ജിയില്‍ സുപ്രീംകോടതി ഇലക്ഷന്‍ കമ്മീഷന് വിവിപാറ്റ് ഘട്ടംഘട്ടമായി നടപ്പാക്കാന്‍ സമയം നീട്ടി നല്‍കി. എന്നാല്‍ മുഴുവന്‍ ബൂത്തുകളിലും വിവിപാറ്റ് ഉപയോഗിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ പോലും സ്ലിപ്പുകള്‍ 1% മുതല്‍ 5% വരെ മാത്രമേ എണ്ണാറുള്ളൂ. ചെങ്ങന്നൂരില്‍ മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പികളു എണ്ണി വോട്ടിംഗ് മെഷീനിലെ ഫലവുമായി ഒത്തുനോക്കുമ്പൊഴേ വോട്ടര്‍മ്മാരുടെ ആശങ്ക ദൂരീകരിക്കാനാവൂ എന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.