conservative
ബ്രെക്‌സിറ്റില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബറും തമ്മില്‍ നടത്തിവന്ന ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാതെ വന്ന സാഹചര്യത്തിലാണ് നടപടി. തങ്ങളാല്‍ കഴിയുന്നതിന്റ പരമാവധി ചര്‍ച്ചയുമായി സഹകരിച്ചുവെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ വര്‍ദ്ധിച്ചു വരുന്ന സ്ഥിരതയില്ലായ്മയും ദൗര്‍ബല്യങ്ങളും ഒരു സമവായത്തിലെത്തുന്ന സാഹചര്യം ഇല്ലാതാക്കുകയായിരുന്നുവെന്ന് കോര്‍ബിന്‍ കുറ്റപ്പെടുത്തി. അതേസമയം രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ ലേബറില്‍ അഭിപ്രായ സമന്വയം ഇല്ലാതിരുന്നത് ചര്‍ച്ചകള്‍ ബുദ്ധിമുട്ടേറിയതാക്കിയെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതികരിച്ചത്. ഇനി എംപിമാരുടെ ഭൂരിപക്ഷാഭിപ്രായത്തിന് ഓപ്ഷനുകള്‍ വെക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അവര്‍ പറഞ്ഞു. ചര്‍ച്ചകള്‍ നിര്‍ത്തിയത് വളരെ പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. ജൂണ്‍ മൂന്നിന് കോമണ്‍സില്‍ അവതരിപ്പിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിത്‌ഡ്രോവല്‍ എഗ്രിമെന്റിലെ വോട്ടെടുപ്പിനു ശേഷം സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് ടൈംടേബിള്‍ അവതരിപ്പിക്കാമെന്നാണ് തെരേസ മേയ് വ്യക്തമാക്കിയിരിക്കുന്നത്. മേയ് അവതരിപ്പിച്ച ഡീല്‍ മൂന്നു വട്ടം കോമണ്‍സ് തള്ളിയതിനെത്തുടര്‍ന്നാണ് മാര്‍ച്ച് 29ന് നടക്കേണ്ടിയിരുന്ന ബ്രെക്‌സിറ്റ് ഒക്ടോബര്‍ 31ലേക്ക് മാറ്റിവെച്ചത്. ഇതിനിടയില്‍ ഡീല്‍ സംബന്ധിച്ച് ആശയ സമന്വയത്തിനായി ടോറികളും ലേബറും തമ്മില്‍ ചര്‍ച്ചയും ആരംഭിച്ചു. രണ്ടാം ഹിതപരിശോധന, യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ അംഗത്വം തുടരല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വ്യത്യസ്ത അഭിപ്രായമാണ് പിന്തുടരുന്നത്. ഡീലില്‍ കണ്‍സര്‍വേറ്റീവിലും തെരേസ മേയ് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. വരാനിരിക്കുന്ന നേതൃത്വ തെരഞ്ഞെടുപ്പോടെ പാര്‍ട്ടിയില്‍ മേയ്‌ക്കെതിരെയുള്ള വികാരം ശക്തമായേക്കും. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും കോമണ്‍സില്‍ ഡീല്‍ വീണ്ടും അവതരിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തു നിന്നുള്ള മേയുടെ പുറത്തേക്കു പോക്ക് കൂടുതല്‍ വേഗത്തിലാക്കുമെന്നാണ് വിമര്‍ശകര്‍ കരുതുന്നത്.
ബ്രെക്‌സിറ്റ് ഡീലില്‍ സമവായത്തിനായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലേബര്‍ നേതൃത്വവുമായി നടന്ന ചര്‍ച്ച നീണ്ടത് നാലര മണിക്കൂര്‍. രണ്ടു ദിവസമായാണ് ചര്‍ച്ച നടന്നത്. ലേബറുമായുള്ള ചര്‍ച്ച സമഗ്രവും ഫലപ്രദവുമായിരുന്നെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഏതു വിധത്തിലുള്ള ഡീലിനും ഒരു സ്ഥിരീകരണ ഹിതപരിശോധന എന്ന ആശയം ചര്‍ച്ച ചെയ്തുവെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ബ്രെക്‌സിറ്റ് വീണ്ടും ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ നല്‍കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റ് ബുധനാഴ്ച പിന്തുണ നല്‍കിയിരുന്നു. ഈ ബില്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് പൊതുവായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുന്നതു വരെ ഇതിന്‍മേല്‍ ലോര്‍ഡ്‌സ് വിശദമായി ചര്‍ച്ച നടത്തില്ലെന്നാണ് വിവരം. എന്തായാലും തിങ്കളാഴ്ച വരെ അതുണ്ടാവില്ല. ക്രോസ് പാര്‍ട്ടി ചര്‍ച്ചകള്‍ക്കു ശേഷം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ കെയിര്‍ സ്റ്റാമര്‍ തയ്യാറായില്ല. ഗവണ്‍മെന്റുമായി ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നു മാത്രമാണ് അദ്ദേഹം പറഞ്ഞത്. ചര്‍ച്ചകള്‍ തുടരുകയാണെന്നും വീണ്ടും ചര്‍ച്ചക്കായി ഇരു പക്ഷവും യോഗം ചേരുമെന്നും ലേബര്‍ വക്താവ് അറിയിച്ചു. ഇരു പാര്‍ട്ടികളുടെയും സംഘങ്ങള്‍ ക്യാബിനറ്റ് ഓഫീസില്‍ നാലര മണിക്കൂറോളം ചര്‍ച്ചകള്‍ നടത്തിയെന്നും സിവില്‍ സര്‍വീസ് പിന്തുണയോടെയായിരുന്നു ചര്‍ച്ചകളെന്നും ഡൗണിംഗ് സ്ട്രീറ്റ് വക്താവ് വ്യക്തമാക്കി. ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമര്‍, ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി തുടങ്ങിയവരായിരുന്നു ലേബര്‍ സംഘത്തിലുണ്ടായിരുന്നത്. മുതിര്‍ന്ന ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ലിഡിംഗ്ടണ്‍, ബ്രെക്‌സിറ്റ് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേ, ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക്, പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാവിന്‍ ബാര്‍വെല്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. ബുധനാഴ്ച തെരേസ മേയും ജെറമി കോര്‍ബിനു തമ്മില്‍ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ഇന്നലത്തെ ചര്‍ച്ചകള്‍. ഏപ്രില്‍ 12ന് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകണം. എന്നാല്‍ ഇതുവരെ ഒരു ഡീല്‍ തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. കോമണ്‍സില്‍ ഇതിനുവേണ്ടി നടന്ന ശ്രമങ്ങളെല്ലാം പരാജയമാകുകയായിരുന്നു. ലേബറിന്റെ യിവറ്റ് കൂപ്പര്‍ മുന്നോട്ടു വെച്ച ബാക്ക്‌ബെഞ്ച് ബില്‍ അപ്രതീക്ഷിത നോ-ഡീലിന് വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പുമായി അതിനിടെ മിനിസ്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. കോമണ്‍സില്‍ ബുധനാഴ്ച ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഈ ബില്‍ പാസായത്.
ലണ്ടന്‍: എനര്‍ജി ബില്ലുകളിലെ അനിശ്ചിതത്വത്തില്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റനെ കുറ്റപ്പെടുത്തി ലേബര്‍ പാര്‍ട്ടി. എനര്‍ജി നിരക്ക് ഇനത്തില്‍ ഓരോ കുടുംബത്തിനും 1000 പൗണ്ടിന്റെ അധികച്ചെലവാണ് ടോറികള്‍ വരുത്തിവെച്ചിരിക്കുന്നതെന്ന് ലേബര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കിടെ ഇലക്ട്രിസിറ്റി, ഗ്യാസ് കമ്പനികള്‍ വരുത്തിയ നിരക്കു വര്‍ദ്ധനകള്‍ നിയന്ത്രിക്കാന്‍ തുടര്‍ച്ചയായി അധികാരത്തിലെത്തിയ ടോറി ഗവണ്‍മെന്റുകള്‍ പരാജയപ്പെട്ടുവെന്നും ഇപ്പോള്‍ എനര്‍ജി പ്രൈസ് ക്യാപ് ഏര്‍പ്പെടുത്തേണ്ടി വരുന്നത് കാലങ്ങളായി ഉദാസീന സമീപനം സ്വീകരിച്ചതിനാലാണെന്നും പ്രധാന പ്രതിപക്ഷകക്ഷിയായ ലേബര്‍ ആരോപിക്കുന്നു. 2010 മുതല്‍ എനര്‍ജി ബില്ലുകള്‍ വര്‍ദ്ധിക്കുന്നതിനെതിരെ നടപടിയെടുക്കുമെന്നാണ് ഗവണ്‍മെന്റുകള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ നിരക്കുകള്‍ വര്‍ദ്ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന് ഷാഡോ ബിസിനസ് സെക്രട്ടറി റെബേക്ക ലോംഗ് ബെയിലി പറഞ്ഞു. 2010ല്‍ സാധാരണ മട്ടില്‍ ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന ഒരു വീടിന് ഇരു ബില്ലുകളിലുമായി 1038 പൗണ്ടായിരുന്ന വര്‍ഷം നല്‍കേണ്ടി വന്നിരുന്നത്. 2017ല്‍ ഇത് 1116 പൗണ്ടായി മാറി. എന്നാല്‍ ചില വര്‍ഷങ്ങളില്‍ ഈ തുക 1200 പൗണ്ടിന് മുകളിലെത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഹൗസ് ഓഫ് കോമണ്‍സ് ലൈബ്രറി തയ്യാറാക്കിയ കണക്കുകള്‍ അനുസരിച്ച് ശരാശരി വീടുകള്‍ക്ക് 957 പൗണ്ടിന്റെ അധികച്ചെലവ് പ്രതിവര്‍ഷം എനര്‍ജി ബില്ലുകളില്‍ ഉണ്ടാകുന്നുണ്ട്. കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിന് നേരത്തേ തടയിട്ടിരുന്നെങ്കില്‍ ജനങ്ങള്‍ക്കു മേല്‍ ഈ അധികഭാരം ഉണ്ടാവില്ലായിരുന്നു. ഇതിന്റെയൊക്കെ ഫലമായി ബിഗ് സിക്‌സ് എന്നറിയപ്പെടുന്ന എനര്‍ജി ഭീമന്‍മാരുടെ ലാഭത്തില്‍ പതിന്‍മടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 2.5 മില്യന്‍ ജനങ്ങള്‍ ഇതു മൂലം കഷ്ടത അനുഭവിക്കുന്നുണ്ടെന്നും ലേബര്‍ പറഞ്ഞു.
RECENT POSTS
Copyright © . All rights reserved