E.ON
ഉപഭോക്താക്കള്‍ക്കുള്ള വിവിധ ഡിസ്‌ക്കൗണ്ടുകള്‍ പിന്‍വലിക്കുന്നതായി ഇന്ധന വിതരണ കമ്പനിയായ ഇ-ഓണ്‍ അറിയിച്ചു. വൈദ്യുതി, ഗ്യാസ് എന്നിവ രണ്ടും ഉപയോഗിക്കുന്നവര്‍ക്കുള്ള ഇരുപത് പൗണ്ടിന്റെ വാര്‍ഷിക ഡിസ്‌ക്കൗണ്ടാണ് കമ്പനി നിര്‍ത്തലാക്കിയത്. ഇതോടൊപ്പം പേപ്പര്‍ രഹിത ബില്ലിംഗ് ഉള്ളവരുടെ അഞ്ച് പൗണ്ട് വാര്‍ഷിക ഡിസ്‌ക്കൗണ്ടും കമ്പനി ഇല്ലാതാക്കി. ഉയര്‍ന്ന ചിലവുകളുടേയും വിപണിയിലെ മറ്റ് മാറ്റങ്ങളുടേയും ഫലമായാണ് ഡിസ്‌ക്കൗണ്ടുകള്‍ എടുത്തു കളയുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. ഒരു വര്‍ഷം ഉപഭോക്താവിന് വരുന്ന ശരാശരി വര്‍ദ്ധനവ് 22 പൗണ്ട് മാത്രമാണെന്നും കമ്പനി പറഞ്ഞു. ഏത് രീതിയിലാണ് പണമടക്കുന്നത് എന്നതിനെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം വൈദ്യതി ഗ്യാസ് നിരക്കുകളില്‍ കമ്പനി വര്‍ദ്ധനവ് വരുത്തിയിട്ടില്ല. നിലവിലെ സ്റ്റാന്‍ഡേര്‍ഡ് വേരിയബിള്‍ താരിഫ് ഉപഭോക്താക്കള്‍ക്ക് ഏപ്രില്‍ 19 മുതലും പുതിയ ഫിക്‌സഡ് താരിഫ് ഉപഭോക്താക്കള്‍ക്ക് മാര്‍ച്ച് ഒന്നുമുതലുമാണ് വര്‍ദ്ധനവ് നിലവില്‍ വരിക. മാര്‍ച്ച് ഒന്നിന് മുന്‍പ് ഫിക്‌സഡ് താരിഫ് പദ്ധതി എടുത്തിട്ടുള്ളവര്‍ക്ക് നിലവിലെ കാലാവധി കഴിയുന്നത് വരെ നിരക്ക് വര്‍ദ്ധനവ് ഉണ്ടാവില്ല. അതേസമയം കമ്പനിയുടെ തീരുമാനത്തിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നു. ധനകാര്യ വിദഗ്ദനായ മാര്‍ട്ടിന്‍ ലൂയിസ് ഇത് പിന്‍വാതില്‍ വിലവര്‍ദ്ധനവാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് കമ്പനികള്‍ക്ക് ഈ നടപടി ആവേശം പകരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
RECENT POSTS
Copyright © . All rights reserved