fine
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം കൊറോണ വൈറസിൻെറ വ്യാപനം തടയാൻ പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൗൺ നവംബർ അഞ്ചാം തീയതി ആരംഭിച്ചു . പല സ്ഥാപനങ്ങളും ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . സ്ഥാപനങ്ങൾക്ക് മാത്രമല്ല ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് വീട്ടിൽനിന്ന് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്ന ജനങ്ങളും പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. നിഷ്കർഷിക്കപ്പെട്ട കാര്യങ്ങൾക്കൊഴികെ വീട്ടിൽനിന്ന് പുറത്തു പോകുന്നവർക്ക് 200 പൗണ്ട് പിഴ ശിക്ഷ ഈടാക്കാൻ പോലീസിന് കഴിയും. രണ്ടാം ലോക്ക്ഡൗണിൻ്റെ ഭാഗമായി രോഗപ്രതിരോധത്തിനായി വളരെ കർക്കശമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ലോക്ക് ഡൗൺ അവസാനിക്കുന്ന ഡിസംബർ 2 വരെ ഇവ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ് . ലോക്ക് ഡൗൺ വ്യവസ്ഥകൾ മനസ്സിലാക്കുന്നത് പിഴ ശിക്ഷ ഒഴിവാക്കാൻ സഹായകരമായിരിക്കും . ഓരോ വ്യക്തിയുടെയും താമസസ്ഥലം എന്നതിൻറെ പരിധിയിൽ വീട് ,പൂന്തോട്ടം , ഗാരേജുകൾ, ഔട്ട് ഹൗസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .എന്നാൽ ഈ പരിധിയിൽ രണ്ടാമത്തെ ഭവനമോ അവധിക്കാല വസതികളോ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . അതുപോലെ തന്നെ യാതൊരു തരത്തിലുമുള്ള പ്രതിഷേധ പ്രകടനങ്ങളും ഈ കാലഘട്ടത്തിൽ പാടുള്ളതല്ല. ലോക്ക് ഡൗൺ നിയമങ്ങളിൽ ആദ്യമായി ഏതെങ്കിലും തെറ്റിക്കുകയാണെങ്കിൽ 200 പൗണ്ട് പിഴ ഈടാക്കി കോടതി നടപടികൾ ഒഴിവാക്കാൻ സാധിക്കും. 14 ദിവസത്തിനുള്ളിൽ പിഴ ഒടുക്കിയാൽ 100 പൗണ്ട് അടച്ചാൽ മതിയാകും . ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ചതായി തെളിയിക്കപ്പെടാതെ , സംശയത്തിൻ്റെ പേരിലും പിഴ ഈടാക്കാൻ പോലീസിന് കഴിയുമെന്ന് നിയമ ലംഘകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് ഓരോ പ്രാവശ്യവും പിഴത്തുക ഇരട്ടിയായി 6400 പൗണ്ട് വരെയാകും . ലോക്ക്ഡൗണിൽ വീടിന് പുറത്തു പോകാവുന്ന അത്യാവശ്യ കാര്യങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ടത് ഇനി പറയുന്നവയാണ്. നിങ്ങൾക്കോ ജീവനക്കാരനോ സഹായം വേണ്ട മറ്റാർക്കെങ്കിലും വേണ്ടിയോ അവശ്യവസ്തുക്കൾ മേടിക്കാൻ നിയമം അനുവദിക്കുന്നു. പണം പിൻവലിക്കാനോ നിഷേപിക്കാനോ ബാങ്കിൽ പോകാൻ സാധിക്കും. രണ്ട് ആളുകൾക്ക് വരെ വ്യായാമ ആവശ്യങ്ങൾക്കായി വീടിന് പുറത്ത് പോകാം. ആരാധനാലയങ്ങളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ നിയമം അനുവദിക്കുന്നു. വീടുകൾ വാടകയ്ക്ക് എടുക്കുവാനും കാണിച്ചു കൊടുക്കുവാനും, കോടതിസംബന്ധമായ കാര്യങ്ങളുടെ നടത്തിപ്പിനായും പോകാൻ ഇളവുകൾ ഉണ്ട് . അതുപോലെ തന്നെ വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കാത്ത ജോലിക്കായോ വിദ്യാഭ്യാസത്തിനോ, പരിശീലനത്തിനോടനുബന്ധിച്ചുള്ള കാര്യങ്ങൾക്കോ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. രണ്ടാം ലോക്ക്ഡൗണിൻെറ ആവശ്യകത ഉൾക്കൊണ്ട് ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ പരമാവധി ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്ത് അഭ്യർത്ഥിച്ചിരുന്നു. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയാനുള്ള പോരാട്ടത്തിൽ ജനങ്ങൾ പിന്തുണയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് പിഴശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കും. വായു മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍ത്തിയിട്ട വാഹനങ്ങളുടെ എന്‍ജിന്‍ ഐഡില്‍ ചെയ്യുന്ന ഡ്രൈവര്‍മാരെ ഒന്നിലേറെത്തവണ പിടികൂടിയാല്‍ അപ്പോള്‍ത്തന്നെ പിഴ നല്‍കാന്‍ കഴിയുന്ന നിയമമാണ് തയ്യാറാകുന്നത്. കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സൃഷ്ടിക്കുന്നതിനേക്കാള്‍ കൂടുതല്‍ മലിനീകരണം ഐഡില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന ചില ലണ്ടന്‍ കൗണ്‍സിലുകളുടെ ആവശ്യം അംഗീകരിക്കുകയാണെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവ് പറഞ്ഞു. നിലവിലുള്ള നിയമത്തിനു കീഴില്‍ ഐഡിലിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ ആരും തന്നെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഈ നിയമം അനുസരിച്ച് പോലീസിന് ആദ്യം താക്കീത് കൊടുക്കാനേ കഴിയൂ. ഒരു മിനിറ്റിലേറെ സമയം നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഴ നല്‍കാം. ലോക്കല്‍ അതോറിറ്റികള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കനുസരിച്ച് ഈ പിഴ 20 പൗണ്ട് മുതല്‍ 80 പൗണ്ട് വരെയാകാം. 2017 മുതല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ ഇതനുസരിച്ച് 37 പേരില്‍ നിന്നു മാത്രമാണ് പിഴയീടാക്കിയിരിക്കുന്നത്. കുറ്റം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പിഴയീടാക്കാനുള്ള നീക്കം പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്നാണ് ഗോവ് ദി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ പുതിയ അധികാരങ്ങള്‍ കൗണ്‍സിലുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചില കമ്പനികളുടെ ഡ്രൈവര്‍മാര്‍ നിരന്തരം ഈ കുറ്റം ചെയ്യുന്നുണ്ടെന്നും ആവശ്യപ്പെട്ടാലും അവര്‍ അനുസരിക്കാന്‍ കൂട്ടാക്കാറില്ലെന്നും വെസ്റ്റ്മിന്‍സ്റ്റര്‍ സിറ്റി കൗണ്‍സില്‍ ലീഡര്‍ നിക്കി ഐകെന്‍ പറഞ്ഞു. ഇത്തരം കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തി കൗണ്‍സില്‍. ഈസ്റ്റ് എയര്‍ഷയര്‍ കൗണ്‍സിലാണ് എല്ലാ ഹൈസ്‌കൂളുകളിലും ഇത് നടപ്പിലാക്കിയിരിക്കുന്നത്. മാലിന്യം അലക്ഷ്യമായി ഇടുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് 80 പൗണ്ട് ഈടാക്കാനാണ് നിര്‍ദേശം. അധികൃതരുടെ മേല്‍നോട്ടത്തില്‍ മാലിന്യം ശരിയായ വിധത്തില്‍ സംസ്‌കരിക്കാന്‍ തയ്യാറായാല്‍ ഈ പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഗാല്‍സ്റ്റണിലെ ലൗഡന്‍ അക്കാഡമിയില്‍ നടത്തിയ ട്രയല്‍ വിജയകരമായ സാഹചര്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ഇത് വ്യാപകമാക്കുന്നതിന് അംഗീകാരം നല്‍കിയത്. റബ്ബിഷ് പാര്‍ട്ടി കൗണ്‍സിലറായ സാലി കോഗ്ലിയാണ് ഈ ക്യാംപെയിനിന് നേതൃത്വം നല്‍കിയത്. യുകെയില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കമെന്ന് അവര്‍ പറഞ്ഞു. യുകെയില്‍ ഇതുവരെ നടപ്പിലാകാത്ത കാര്യമാണ് ഈസ്റ്റ് എയര്‍ഷയറില്‍ സംഭവിക്കുന്നത്. ലൗഡന്‍ അക്കാഡമിയില്‍ കുട്ടികളുടെ മനോഭാവം മാറാന്‍ ഇതു സഹായിച്ചുവെന്ന് അവര്‍ വിശദീകരിച്ചു. വളരെ ശക്തമായ മാറ്റം കുട്ടികളിലുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് ഇതെന്നും അവര്‍ പറഞ്ഞു. മാലിന്യവും അവ അലക്ഷ്യമായി വലിച്ചെറിഞ്ഞാലുണ്ടാകുന്ന പ്രശ്‌നങ്ങളെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി 2017ലാണ് സാലി കോഗ്ലി റബ്ബിഷ് പാര്‍ട്ടി സ്ഥാപിച്ചത്. പാര്‍ട്ടി രൂപീകരിച്ച് രണ്ടു മാസം കഴിഞ്ഞ് മെയ് മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കുട്ടികള്‍ക്ക് പിഴയേര്‍പ്പെടുത്തിയെങ്കിലും അവ ഒരു കാരണവശാവും കുട്ടികളെ ക്രിമിനലുകളാക്കുകയല്ല ചെയ്യുന്നതെന്നും അവര്‍ വിശദീകരിച്ചു. മാലിന്യം വലിച്ചെറിയല്‍, നായകളെ പൊതുസ്ഥലത്ത് മലവിസര്‍ജനം ചെയ്യിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നിരീക്ഷണത്തിനായി എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ അടങ്ങിയ സംഘത്തെ നിയോഗിക്കാനും അവര്‍ കൗണ്‍സിലില്‍ നിര്‍ദേശം വെച്ചിട്ടുണ്ട്. മാലിന്യം വലിച്ചെറിയുന്നത് സ്‌കോട്ട്‌ലന്‍ഡില്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. 80 പൗണ്ടാണ് പിടിക്കപ്പെടുന്നവരില്‍ നിന്ന് ഈടാക്കുന്നത്.
കുറഞ്ഞ ശമ്പളക്കാരായ എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്ന് പാര്‍ക്കിംഗ് ഫൈന്‍ ഇനത്തില്‍ ഈടാക്കുന്നത് അവരുടെ ഒരു ദിവസത്തെ വരുമാനത്തേക്കാള്‍ കൂടിയ തുകയെന്ന് സര്‍വേ. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു നഴ്‌സിന് ശരാശരി 94.20 പൗണ്ടാണ് ഒരു ദിവസത്തെ ശമ്പളം. ഒരു ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് 71.44 പൗണ്ടും ലഭിക്കുന്നു. എന്നാല്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ പെര്‍മിറ്റ് പ്രദര്‍ശിപ്പിച്ചിരുന്നില്ലെന്ന കുറ്റത്തിന് ഒരു നഴ്‌സിന് 140 പൗണ്ടാണ് പാര്‍ക്കിംഗ് കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പനി ചുമത്തിയത്. ഒരു സ്റ്റുഡന്റ് മിഡ് വൈഫിന്റെ കാര്‍ കെട്ടിവലിച്ച് മാറ്റുകയും 135 പൗണ്ട് പിഴയിടുകയും ചെയ്തു. പാര്‍ക്കിംഗ് പെര്‍മിറ്റ് വാങ്ങുന്ന പത്തിലൊന്ന് ജീവനക്കാര്‍ക്ക് മാത്രമേ തങ്ങള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പാര്‍ക്കിംഗിനായി സ്ഥലം ലഭിക്കാറുള്ളുവെന്ന് യൂണിസണ്‍ പറയുന്നു. അഞ്ചിലൊന്നു പേര്‍ക്ക് പാര്‍ക്കിംഗ് സ്ഥലം അന്വേഷിച്ച് അര മണിക്കൂറിലേറെ നഷ്ടമാകുകയും ചെയ്യുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ പാര്‍ക്കിംഗിന്റെ പേരില്‍ വന്‍ കൊള്ളയാണ് നടത്തുന്നതെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്. പാര്‍ക്കിംഗ് പെര്‍മിറ്റ് പാസഞ്ചര്‍ സീറ്റില്‍ കാണാവുന്ന വിധത്തില്‍ ഉണ്ടായിരുന്നുവെന്നും അത് ഡാഷ് ബോര്‍ഡില്‍ എടുത്തു വെക്കാന്‍ മറന്നതാണ് തനിക്ക് ഫൈന്‍ ലഭിക്കാന്‍ കാരണമായതെന്ന് 140 പൗണ്ട് പിഴ ലഭിച്ച നഴ്‌സ് പറയുന്നു. നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഒരു സ്റ്റുഡന്റ് മിഡി വൈഫിന്റെ കാറാണ് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്ന് മാറ്റിയത്. 135 പൗണ്ട് പിഴയും ഈടാക്കി. തന്റെ കാര്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് ആദ്യം കരുതിയതെന്ന് ഇവര്‍ പറഞ്ഞു. തനിക്ക് ഒരു മാസത്തോളം സാമ്പത്തിക ബുദ്ധിമുട്ടുകളും ഈ സംഭവത്തിന്റെ പേരില്‍ നേരിടേണ്ടി വന്നു. 3500 എന്‍എച്ച്എസ് ജീവനക്കാരില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. എന്‍എച്ച്എസ് ജീവനക്കാര്‍, രോഗികള്‍, സന്ദര്‍ശകര്‍ തുടങ്ങിയവരില്‍ നിന്ന് ആശുപത്രികള്‍ ഈടാക്കുന്ന പാര്‍ക്കിംഗ് ഫൈന്‍ ഇനത്തില്‍ ഇംഗ്ലണ്ടില്‍ മാത്രം കഴിഞ്ഞ വര്‍ഷം ലഭിച്ചത് 226 മില്യന്‍ പൗണ്ടാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്തരം ചാര്‍ജുകള്‍ ഒഴിവാക്കണമെന്നാണ് യൂണിസണ്‍ ആവശ്യപ്പെടുന്നത്. നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന ജീവനക്കാരുടെ പാര്‍ക്കിംഗ് സൗജന്യമാക്കണമെന്നും യൂണിസണ്‍ ആവശ്യപ്പെടുന്നു.
വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് നിര്‍ബന്ധമാണോ? നല്ല വെയിലുള്ള ദിവസമാണെങ്കില്‍ അത് വേണ്ടി വരുമെന്ന് വാഹനമോടിക്കുന്നവര്‍ പറയും. എന്നാല്‍ സമ്മറില്‍ വാഹനമോടിക്കുമ്പോള്‍ സണ്‍ഗ്ലാസ് ധരിക്കണമെന്നത് നിര്‍ബന്ധിതമാണെന്ന് എത്ര പേര്‍ക്ക് അറിയാം? തെളിഞ്ഞ കാലാവസ്ഥയില്‍ ബോണറ്റില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം പോലും ഡ്രൈവറുടെ കാഴ്ചയെ മറച്ചേക്കാമെന്നതിനാല്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുന്നത് നിര്‍ബന്ധമാണ്. തെളിഞ്ഞ ദിവസങ്ങളില്‍ സണ്‍ഗ്ലാസ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2500 പൗണ്ട് വരെ പിഴയും ലഭിച്ചേക്കും. നിയമപരമായി സണ്‍ഗ്ലാസ് ധരിക്കണമെന്ന് നിര്‍ബന്ധമല്ലെങ്കിലും സൂര്യപ്രകാശം മൂലം കാഴ്ച മറഞ്ഞ് ഡ്രൈംവിംഗിനെ ബാധിക്കുകയാണെങ്കില്‍ അത് അശ്രദ്ധമായ ഡ്രൈവിംഗിന് ചാര്‍ജ് ചെയ്യപ്പെടാന്‍ മതിയായ കാരണമാണ്. പിഴയും ലൈസന്‍സില്‍ പോയിന്റുകള്‍ ലഭിക്കാന്‍ വരെ ഇത് ഇടയാക്കിയേക്കും. ഓണ്‍ ദി സ്‌പോട്ട് പിഴയായി 100 പൗണ്ടാണ് ഈടാക്കാറുള്ളത്. എന്നാല്‍ കോടതിയിലെത്തിയാല്‍ പിഴ കൂടുതല്‍ കനത്തതാകും. സൂര്യപ്രകാശം നിങ്ങളുടെ കാഴ്ചയെ ബാധിക്കുന്നുണ്ടെങ്കില്‍ വാഹനം നിര്‍ത്തണമെന്നാണ് ഹൈവേ കോഡ് പറയുന്നത്. കോഡിന്റെ വെതര്‍ സെക്ഷനിലെ 237-ാമത് റൂളിലാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശമുള്ളത്. എന്നാല്‍ എല്ലാ വിധത്തിലുള്ള സണ്‍ഗ്ലാസുകളും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ല. വെയിലിന്റെ കാഠിന്യമനുസരിച്ച് പ്രവര്‍ത്തിക്കുന്ന വേരിയബിള്‍ ടിന്റ് ലെന്‍സുകള്‍ അനുവദനീയമല്ല. കാറിന്റെ വിന്‍ഡ് സ്‌ക്രീനുകള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളെ ഫില്‍റ്റര്‍ ചെയ്യുന്നതിനാല്‍ ഇത്തരം ഗ്ലാസുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. കൂടുതല്‍ ടിന്റഡ് ആയ ഗ്ലാസുകളും അനുവദനീയമല്ല. ഡ്രൈവിംഗിന് അനുയോജ്യമായ സണ്‍ഗ്ലാസുകളാണ് വാങ്ങുന്നതെന്ന് ശ്രദ്ധിക്കണമെന്നാണ് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ നല്‍കുന്ന നിര്‍ദേശം. കാറില്‍ ഒരു ജോഡി സണ്‍ഗ്ലാസുകള്‍ എപ്പോഴും സൂക്ഷിക്കണമെന്നും എഎ നിര്‍ദേശിക്കുന്നു.
RECENT POSTS
Copyright © . All rights reserved