അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കൊറോണ വൈറസിൻെറ വ്യാപനം തടയാൻ പ്രഖ്യാപിച്ച രണ്ടാം ലോക്ക്ഡൗൺ നവംബർ അഞ്ചാം തീയതി ആരംഭിച്ചു . പല സ്ഥാപനങ്ങളും ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു . സ്ഥാപനങ്ങൾക്ക് മാത്രമല്ല ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് വീട്ടിൽനിന്ന് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്ന ജനങ്ങളും പിഴ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. നിഷ്കർഷിക്കപ്പെട്ട കാര്യങ്ങൾക്കൊഴികെ വീട്ടിൽനിന്ന് പുറത്തു പോകുന്നവർക്ക് 200 പൗണ്ട് പിഴ ശിക്ഷ ഈടാക്കാൻ പോലീസിന് കഴിയും.

രണ്ടാം ലോക്ക്ഡൗണിൻ്റെ ഭാഗമായി രോഗപ്രതിരോധത്തിനായി വളരെ കർക്കശമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ലോക്ക് ഡൗൺ അവസാനിക്കുന്ന ഡിസംബർ 2 വരെ ഇവ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ് . ലോക്ക് ഡൗൺ വ്യവസ്ഥകൾ മനസ്സിലാക്കുന്നത് പിഴ ശിക്ഷ ഒഴിവാക്കാൻ സഹായകരമായിരിക്കും . ഓരോ വ്യക്തിയുടെയും താമസസ്ഥലം എന്നതിൻറെ പരിധിയിൽ വീട് ,പൂന്തോട്ടം , ഗാരേജുകൾ, ഔട്ട് ഹൗസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട് .എന്നാൽ ഈ പരിധിയിൽ രണ്ടാമത്തെ ഭവനമോ അവധിക്കാല വസതികളോ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . അതുപോലെ തന്നെ യാതൊരു തരത്തിലുമുള്ള പ്രതിഷേധ പ്രകടനങ്ങളും ഈ കാലഘട്ടത്തിൽ പാടുള്ളതല്ല.

ലോക്ക് ഡൗൺ നിയമങ്ങളിൽ ആദ്യമായി ഏതെങ്കിലും തെറ്റിക്കുകയാണെങ്കിൽ 200 പൗണ്ട് പിഴ ഈടാക്കി കോടതി നടപടികൾ ഒഴിവാക്കാൻ സാധിക്കും. 14 ദിവസത്തിനുള്ളിൽ പിഴ ഒടുക്കിയാൽ 100 പൗണ്ട് അടച്ചാൽ മതിയാകും . ലോക്ക് ഡൗൺ നിയമങ്ങൾ തെറ്റിച്ചതായി തെളിയിക്കപ്പെടാതെ , സംശയത്തിൻ്റെ പേരിലും പിഴ ഈടാക്കാൻ പോലീസിന് കഴിയുമെന്ന് നിയമ ലംഘകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് ഓരോ പ്രാവശ്യവും പിഴത്തുക ഇരട്ടിയായി 6400 പൗണ്ട് വരെയാകും . ലോക്ക്ഡൗണിൽ വീടിന് പുറത്തു പോകാവുന്ന അത്യാവശ്യ കാര്യങ്ങളുടെ പട്ടികയിൽ പ്രധാനപ്പെട്ടത് ഇനി പറയുന്നവയാണ്.

നിങ്ങൾക്കോ ജീവനക്കാരനോ സഹായം വേണ്ട മറ്റാർക്കെങ്കിലും വേണ്ടിയോ അവശ്യവസ്തുക്കൾ മേടിക്കാൻ നിയമം അനുവദിക്കുന്നു. പണം പിൻവലിക്കാനോ നിഷേപിക്കാനോ ബാങ്കിൽ പോകാൻ സാധിക്കും. രണ്ട് ആളുകൾക്ക് വരെ വ്യായാമ ആവശ്യങ്ങൾക്കായി വീടിന് പുറത്ത് പോകാം. ആരാധനാലയങ്ങളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാൻ നിയമം അനുവദിക്കുന്നു. വീടുകൾ വാടകയ്ക്ക് എടുക്കുവാനും കാണിച്ചു കൊടുക്കുവാനും, കോടതിസംബന്ധമായ കാര്യങ്ങളുടെ നടത്തിപ്പിനായും പോകാൻ ഇളവുകൾ ഉണ്ട് . അതുപോലെ തന്നെ വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കാത്ത ജോലിക്കായോ വിദ്യാഭ്യാസത്തിനോ, പരിശീലനത്തിനോടനുബന്ധിച്ചുള്ള കാര്യങ്ങൾക്കോ ലോക്ക്ഡൗണിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.

രണ്ടാം ലോക്ക്ഡൗണിൻെറ ആവശ്യകത ഉൾക്കൊണ്ട് ജനങ്ങൾ വീടുകളിൽ തന്നെ കഴിയാൻ പരമാവധി ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തെ അഭിസംബോധന ചെയ്ത് അഭ്യർത്ഥിച്ചിരുന്നു. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കി രോഗവ്യാപനം തടയാനുള്ള പോരാട്ടത്തിൽ ജനങ്ങൾ പിന്തുണയ്ക്കണം എന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.