Mamata Banerjee
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ബഹുദൂരം പിന്നിലാക്കി മുന്നേറിയ ബി.എസ്.പി-എസ്.പി സഖ്യത്തെ അഭിനന്ദിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ട്വിറ്റര്‍ സന്ദേശത്തിലാണ് മമത ഇക്കാര്യ പറഞ്ഞത്. ഇതൊരു അന്ത്യത്തിന്റെ തുടക്കമാണെന്ന് മമത ട്വീറ്റ് ചെയ്തു. ബിജെപിയുടെ നാശത്തെയാണ് ട്വീറ്റില്‍ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നത്. ബീഹാറിലെ അരാരിയ, ജെഹനാബാദ് ഉപതിരഞ്ഞെടുപ്പുകളിലെ വിജയത്തിന് ആര്‍ജെഡിയെയും ലാലു പ്രസാദ് യാദവിനെയും മമതാ ബാനര്‍ജി അഭിനന്ദിച്ചു. മഹത്തായ വിജയമാണിതെന്ന് ലാലുവിനെ അഭിനന്ദിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഗോരക്പൂരിലെ വോട്ടെണ്ണല്‍ 14 റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21000 ത്തിലേറെ വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സമീപകാലത്തെ ശത്രുതകള്‍ മറന്ന് ബിഎസ്പി-എസ് പിയും ഒന്നായതിനു ശേഷമുള്ള ആദ്യ തെരെഞ്ഞെടുപ്പാണ് ഗോരക്പൂരിലേത്. ഫുല്‍പുരില്‍ എസ്പിയുടെ നാഗേന്ദ്ര സിങ് പട്ടേല്‍ പതിനയ്യായിരത്തിലധികം വോട്ടിനു മുന്‍പിലാണ്. ഇവിടെ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലാണു രണ്ടാമത്. അതേസമയം ബീഹാറില്‍ ആര്‍ജെഡി വലിയ മുന്നേറ്റം നടത്തുകയാണെന്നാണ് വിവരം. സിറ്റിംഗ് സീറ്റുകളില്‍ വന്‍ പരാജയമേറ്റു വാങ്ങേണ്ടി വരുമോയെന്ന ഭീതിയിലാണ് ബിജെപി പാളയം. ഇരു സംസ്ഥനങ്ങളിലെയും ബിജെപിയുടെ ഭരണ പരാജയമാണ് തെരെഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.  
RECENT POSTS
Copyright © . All rights reserved