Mar Alancherry
രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവാദ ഭൂമിയിടപാട് വിഷയത്തെ പരോക്ഷമായി സൂചിപ്പിച്ച് ചേര്‍ത്തല കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തിലാണ് ആലഞ്ചേരിയുടെ പ്രസ്താവന. രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമയാണ്. എന്നാല്‍, ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടതെന്നും ആലഞ്ചേരി പറഞ്ഞു. കോടതി വിധി ഉപയോഗിച്ച് സഭയെ നിയന്ത്രിക്കാനാവും എന്ന ധാരണയുള്ള ആളുകള്‍ സഭയ്ക്കുള്ളില്‍ തന്നെയുണ്ടെന്നും അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി ദുഃഖവെള്ളി പ്രാര്‍ഥനക്കിടെ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. സഭ അനുശാസിക്കുന്ന നിയമങ്ങള്‍ക്കാണ് വിശ്വാസിയായ ഒരാള്‍ പ്രാമുഖ്യം നല്‍കേണ്ടതെന്നും ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു. വിവാദ ഭൂമിയിടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ നടത്തിയിരിക്കുന്ന പ്രസ്താവന ഹൈക്കോടതിക്കുള്ള പരോക്ഷ മറുപടിയാണെന്നാണ് സൂചനകള്‍. കര്‍ദിനാള്‍ രാജാവല്ലെന്നും സഭയുടെ സ്വത്ത് നോക്കിനടത്തുന്നയാള്‍ മാത്രമാണെന്നും സിവില്‍ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കാന്‍ കോടതികളുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
  കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ കാലതാമസം വന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് മേധാവി നേരിട്ടെത്തി കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവുണ്ടായിട്ടും എജിയുടെ ഉപദേശത്തിനായി കാത്തിരുന്നതിനുള്ള കാരണവും ഡിജിപി വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെതാണ് നിര്‍ദേശം. വിവാദ ഭൂമി ഇടപാട് നടത്തിയ ആലഞ്ചേരിക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് നടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ച സമയത്തേക്കാള്‍ ആറ് ദിവസം വൈകിയിരുന്നു. ഈ കാലതാമസം ആരുടെ നിര്‍ദേശപ്രകാരമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ നാളെ നേരിട്ട് ഹാജരായി വിശദികരണം നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി വെറും 13.51 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി, വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയവയ്ക്കാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഫാ.ജോഷി പുതുവ രണ്ടാം പ്രതിയും ഫാ. സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ സജു വര്‍ഗീസ് എന്നിവര്‍ മൂന്നും നാലും പ്രതികളുമാകും. കോടതിയുത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഭൂമിയിടപാട് വിവാദത്തില്‍ പേലീസിന് കേസെടുക്കാമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരെയാണ് മാര്‍ ആലഞ്ചേരി ഹര്‍ജി വനല്‍കിയിരിക്കുന്നത്. നേരത്തേ കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് കോടതി ഉന്നയിച്ചത്. കര്‍ദിനാള്‍ രാജാവല്ലെന്നും രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് വിധേയനാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിധി പുറത്ത് വന്ന് മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കേസെടുക്കാത്തതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പരാതിക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
കോട്ടയം: ഭൂമി വില്‍പ്പന വിവാദം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ചേക്കും. പ്രശ്‌നത്തില്‍ വത്തിക്കാന്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തു വന്നതോടെയാണ് പുതിയ നീക്കത്തിന് സഭ ഒരുങ്ങുന്നത്. അതിരൂപത വിഭജിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് വത്തിക്കാന്റെ അഭിപ്രായം തേടുമെന്ന് ഉറപ്പായിട്ടുണ്ട്. മാര്‍ ജോര്‍ജ് ആലഞ്ചേരി ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രധിഷേധകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് സഭാ നേതൃത്വം. അതിരൂപത വിഭജിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗങ്ങളടക്കം ചര്‍ച്ചയില്‍ വിഷയമാകും. എന്നാല്‍ അതിരൂപത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വത്തിക്കാന്‍ അനുമതിയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല. നേരത്തെ മേജര്‍ ആര്‍ച് ബിഷപ്പിനായി പുതിയ അതിരൂപത സ്ഥാപിക്കാനുള്ള അനുമതി തേടി സീറോ മലബാര്‍ സിനഡ് വത്തിക്കാനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു. പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വത്തിക്കാന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. കാക്കനാട് സെന്റ് തോമസ് കേന്ദ്രമാക്കി ഒരു ചെറിയ രൂപത നിര്‍മ്മിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഇതിന്റെ ചുമതല ജോര്‍ജ് ആലഞ്ചേരിക്കായിരിക്കും. അതേ സമയം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും മെത്രാന് കൈമാറുകയും ചെയ്യും. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സഭാ നേതൃത്വം.
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി കച്ചവട വിവാദത്തെ തുടര്‍ന്ന് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം. നേരത്തെ ഭൂമി ഇടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് വൈദികരുടെ ആവശ്യം. ഭൂമി ഇടപാട് വിവാദമാകുകയും സംഭവത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലെ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രൂപത വൈദിക സമിതി ചെയര്‍മാനും അങ്കമാലി ഫൊറോന പള്ളി വികാരിയുമായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വികാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍ ആലഞ്ചേരി അനുശോചനം അറിയിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം സംഘടിപ്പിച്ച വൈദികര്‍ മാര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അതിരൂപതയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നേരത്തെ ആലഞ്ചേരിയെ അനുകൂലിച്ച് രംഗത്തു വന്ന ഒരുപറ്റം വൈദികര്‍ പ്രതിഷേധകരെ തടയാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ മറ്റു വൈദികര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.
RECENT POSTS
Copyright © . All rights reserved