ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണത്തിനും നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ ) ഒരാളെ ഒരാളെ അറസ്റ്റ് ചെയ്തു. യുകെയിലെ ഹൗൺസ്ലോയിൽ താമസിക്കുന്ന ഉന്ദർ പാൻസിംഗ് ഗാബയാണ് അറസ്റ്റിലായത്. ഇയാളെ ഡൽഹിയിൽ നിന്നാണ് എൻഐഎ പിടികൂടിയത്.

കഴിഞ്ഞവർഷം മാർച്ച് 19നും മാർച്ച് 22നും ഇടയിൽ ലണ്ടനിൽ വച്ച് നടന്ന സംഭവങ്ങളുടെ പിന്നിൽ വൻ ഗൂഢാലോചന നടന്നിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഹീനമായ ആക്രമണം നടത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു . ഖാലിസ്ഥാൻ അനുകൂല വിഘടനവാദിയായ അമൃത് പാൽ സിംഗിനെതിരെ പഞ്ചാബ് പോലീസ് നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ഖാലിസ്ഥാൻ അനുകൂലികൾ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടത്.

500 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ക്രിമിനൽ അതിക്രമം, ഇന്ത്യയുടെ ദേശീയ പതാകയോട് അനാദരവ്, പൊതു സ്വത്ത് നശിപ്പിക്കൽ, ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർക്ക് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിരുന്നു . ഗുർചരൺ സിംഗ് എന്നയാളാണ് ആക്രമണം സംഘടിപ്പിച്ചതിന് നേതൃത്വം നൽകിയത് . ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സിലെ അവതാർ സിംഗ് ഖണ്ഡ, ജസ്വീർ സിംഗ് അവരുടെ കൂട്ടാളികളായ ഇന്ത്യൻ പൗരന്മാരും വിദേശികളും ഉൾപ്പെടെയുള്ളവരെ നേരെത്തെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ അവതാർ സിംഗ് ഖണ്ഡ 2023 ജൂൺ 15-ന് ബർമിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞിരുന്നു.