online
16 മുതല്‍ 24 വരെ പ്രായമുള്ള യുവാക്കളില്‍ പകുതിയോളം പേരും ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലെന്ന് പഠനം. ഏഴു മണിക്കൂറിലേറെ ഇവര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുവെന്നാണ് ഓഫ്‌കോം ഡേറ്റ വ്യക്തമാക്കുന്നത്. 65 വയസുള്ളവരില്‍ ഒരു ശതമാനവും 55-64 പ്രായപരിധിയിലുള്ളവരില്‍ 6 ശതമാനവും ആഴ്ചയില്‍ 50 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. അതേസമയം 16-24 പ്രായപരിധിയിലുള്ളവരില്‍ 18 ശതമാനവും മിക്ക സമയങ്ങളിലും ഓണ്‍ലൈനിലായിരിക്കും. ബ്രിട്ടീഷുകാര്‍ ഓരോ 12 മിനിറ്റിലും തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ പരിശോധിക്കുന്നുണ്ടെന്നാണ് ഓഫ്‌കോം പറയുന്നത്. ഇത്തരത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വ്യക്തിബന്ധങ്ങളെയും ഉദ്പാദനക്ഷമതയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ഓണ്‍ലൈന്‍ വിദഗ്ദ്ധര്‍ പറയുന്നു. നാലു മണിക്കൂറോളം സ്‌ക്രീനില്‍ ചെലവഴിക്കുന്ന 15 വയസുകാരുടെ മാനസികാരോഗ്യത്തില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് കഴിഞ്ഞ വര്‍ഷം ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നത് ഈ പ്രശ്‌നങ്ങള്‍ ഗുരുതരമാകാനേ സഹായിക്കൂ എന്ന് ടൈം ടു ലോഗ് ഓഫ് എന്ന ഡിജിറ്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍സി വിദഗ്ദ്ധ താനിയ ഗുഡിന്‍ പറയുന്നു. 16-24 പ്രായ ഗ്രൂപ്പിലുള്ള 95 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ പ്രധാനമായും സ്മാര്‍ട്ട്‌ഫോണുകളെയാണ് ആശ്രയിക്കുന്നത്. മുതിര്‍ന്നവരേക്കാള്‍ 25 ശതമാനം അധികമാണ് ഇത്. എങ്കിലും ഇന്റര്‍നെറ്റ് ഉപയോഗം സൃഷ്ടിക്കുന്ന മോശം ഫലങ്ങളെക്കുറിച്ച് യുവാക്കള്‍ക്ക് അറിവുണ്ടെന്നതും വസ്തുതയാണ്. ഫോണില്‍ നിന്ന് അകലം പാലിച്ചാല്‍ റിവാര്‍ഡുകള്‍ നല്‍കുന്ന ആപ്പ് ഒരു ലക്ഷത്തോളം ബ്രിട്ടീഷ് യുവാക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് പുറത്തിറക്കിയ ഹോള്‍ഡ് എന്ന നോര്‍വീജിയന്‍ കമ്പനി അവകാശപ്പെടുന്നു.
തീവ്രവാദ ഭീഷണി ഒഴിവാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍. സംശയകരമായ ഓര്‍ഡറുകളെക്കുറിച്ച് എംഐ5ന് വിവരം നല്‍കണമെന്ന് ഓണ്‍ലൈന്‍ റീട്ടെയിലര്‍മാര്‍ക്കുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കത്തികള്‍, രാസവസ്തുക്കള്‍ എന്നിവക്കായി ലഭിക്കുന്ന ഓര്‍ഡറുകള്‍ അറിയിക്കണമെന്ന് ഇ കൊമേഴ്‌സ് സൈറ്റുകളോട് ആവശ്യപ്പെടാനാണ് പദ്ധതി. മാഞ്ചസ്റ്റര്‍ അറീന ഭീകരാക്രമണത്തിനായുള്ള ആയുധങ്ങള്‍ നിര്‍മിക്കാന്‍ സല്‍മാന്‍ അബേദി ഓണ്‍ലൈനിലാണ് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വിവിധ പേരുകളിലായിരുന്നു അബേദി ഈ വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയത്. പക്ഷേ എല്ലാം ഒരു അഡ്രസില്‍ തന്നെ ഡെലിവര്‍ ചെയ്യുകയും ചെയ്തു. ഇത്തരം സംഭവങ്ങളില്‍ നിരീക്ഷണത്തിലുള്ള ആളുകളില്‍ ഏജന്‍സികള്‍ പ്രത്യേകം ശ്രദ്ധ നല്‍കാനും തീരുമാനമുണ്ട്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ കൗണ്‍സിലുകള്‍, ലോക്കല്‍ പോലീസ് സേനകള്‍, ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയിലേക്കും കൈമാറും. ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കൊപ്പം ഈ സംവിധാനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ഉദ്ദേശിക്കുന്നത്. ഈ സര്‍ക്കാര്‍ ഭീകരവാദത്തിനെതിരായി കഴിയാവുന്ന എല്ലാ മാര്‍ഗ്ഗങ്ങളും തേടുമെന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ വിധത്തില്‍ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ഭീകരവാദത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
ആലുവ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം മമ്പാട് പരതമ്മല്‍ അറപ്പച്ചാലിക്കുഴിയില്‍ അനീഷി(26)നെയാണ് നെടുമ്പാശേരി എമിഗ്രേഷന്‍ അധികൃതര്‍ ഇന്നലെ പിടികൂടിയത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതി പ്രകാരമായിരുന്നു അറസ്റ്റ്. ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയുടെ ലീഡറായിരുന്നു പിടിയിലായ അനീഷ്. അടുത്തിടെ അന്തരിച്ച യുവ ഡോക്ടര്‍ ഷാനവാസായിരുന്നു ഈ സംഘടനയുടെ സ്ഥാപകന്‍. അദ്ദേഹം നടത്തിയിരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രശസ്തമായതോടെ ധാരാളം പേര്‍ ഈ സംഘടനയില്‍ ആകൃഷ്ടരായി എത്തി. ഇദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം അനീഷ് ഏറ്റെടുക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് യുവതി സംഘടനയും അനീഷുമായി അടുക്കുന്നത്. എന്‍ജിനീയറിംഗ് ബിരുദദാരിയായ യുവതി കോഴിക്കോട് വച്ച് അനീഷുമായി നേരില്‍ കാണുകയും കൂടുതല്‍ അടുക്കുകയും ചെയ്തു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. എംബിഎ കാരനായ പ്രതി മലപ്പുറത്തെ ഒരു ധനിക കുടുംബത്തിലെ അംഗമാണ്. എന്നാല്‍ ഇതു മറച്ചുവച്ചുകൊണ്ട് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ച് യുവതിയോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം യുവതി സന്ദര്‍ശന വിസയില്‍ ദുബൈയില്‍ എത്തി ജോലി ചെയ്തു. തുടര്‍ന്ന് അനീഷിന് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അനീഷ് മറ്റൊരു വിസയില്‍ സൗദി അറേബ്യയിലേക്ക് കടക്കുകയും ചെയ്തു. ചതി തിരിച്ചറിഞ്ഞ യുവതി നാട്ടിലെത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അനീഷ് ഇത്തരത്തില്‍ മറ്റു യുവതികളെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. എമിഗ്രേഷന്‍ വിഭാഗം നെടുമ്പാശേരി പോലീസിന് കൈമാറിയ പ്രതിയെ പിന്നീട് ഗുരുവായൂര്‍ പോലീസിന് വിട്ടുകൊടുത്തു. സിഐയുടെ നേതൃത്വത്തില്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഘടനയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞതുകൊണ്ടാണ് അതിന് നേതൃത്വം നല്‍കുന്ന അനീഷുമായി കൂടുതല്‍ അടുത്തതെന്ന് പരാതിക്കാരിയായ യുവതി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും ഇനിയൊരു പെണ്‍കുട്ടിയും ഇത്തരത്തില്‍ വഞ്ചിക്കപ്പെടാന്‍ ഇടയാവരുതെന്നും യുവതി പറഞ്ഞു. അനീഷിന്റെ ബന്ധുക്കള്‍ യുവതി പരാതി നല്‍കിയതായി അറിഞ്ഞതിനെ തുടര്‍ന്ന് സാമ്പത്തിക സഹായമടക്കം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരുന്നു. എന്നാല്‍ യുവതി അത് നിരസിക്കുകയായിരുന്നു
മസ്‌കറ്റ്: പ്രവാസി തൊഴിലന്വേഷകര്‍ക്ക് തിരിച്ചടിയായി ഒമാനില്‍ രണ്ടുവര്‍ഷത്തെ വിസാനിരോധനം കര്‍ശനമാക്കുന്നു ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടുവര്‍ഷത്തെ വിസാനിരോധനം ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുന്നു. പഴയ സ്‌പോണ്‍സറുടെ എന്‍ഒസിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവുകൂടി എടുത്തുകളയാന്‍ തീരുമാനിച്ചതായി ഒമാനിലെ പ്രമുഖ ദിനപത്രം ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഒമാനില്‍നിന്ന് ജോലി ഒഴിവാക്കി പോവുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കണം. പഴയ തൊഴിലുടമ എന്‍ഒസി നല്‍കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കാതെ പുതിയ വിസക്ക് അപേക്ഷിക്കാമെന്ന ഇളവ് നിലവിലുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ ഇളവാണ് എടുത്തുമാറ്റുന്നത്. ഇതോടെ രണ്ടുവര്‍ഷ വിസാ കാലാവധി കഴിഞ്ഞോ അല്ലാതെയോ ഏതുരീതിയില്‍ ജോലിയുപേക്ഷിക്കുന്നവരായാലും പുതിയ വിസക്ക് രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരും. എന്നാല്‍, അതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലിമാറുന്നവര്‍ക്ക് നിരോധനം ബാധകമല്ല. കഴിഞ്ഞദിവസം പഴയ തൊഴിലുടമയുടെ എന്‍ഒസി സഹിതം നല്‍കിയ വിസ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. പഴയ തൊഴിലുടമ എമിഗ്രേഷനില്‍ നേരി ട്ടെത്തി ആവശ്യപ്പെട്ടാല്‍മാത്രമെ വിസക്ക് ക്ലിയറന്‍സ് ലഭിക്കുകയുള്ളൂവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. തൊഴിലുടമയത്തെിയതോടെ വിസയും ലഭിച്ചിരുന്നു. ഒമാനില്‍ നേരത്തെ ആര്‍ക്കും എപ്പോഴും തൊഴില്‍മാറാമായിരുന്നു. പുതിയ അവസരം ലഭിക്കുമ്പോള്‍ പഴയ കമ്പനി ഒഴിവാക്കി നിരവധിപേര്‍ പോയിരുന്നു. ഇത് തൊഴിലന്വേഷകര്‍ക്ക് അനുഗ്രഹവുമായിരുന്നു. പറ്റിയ അവസരം ലഭിച്ചാല്‍ മാറാന്‍ കഴിയുമെന്നത് തൊഴില്‍ സുരക്ഷിതത്വവും നല്‍കിയിരുന്നു.
ന്യൂഡല്‍ഹി: കുഞ്ഞ് അനുജത്തി കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചിട്ടും തളരാതെ മറ്റ് രണ്ട് ജീവന്‍ രക്ഷിച്ച എട്ടു വയസ്സുകാരിക്ക് കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം. തെലുങ്കാന സ്വദേശി ശിവംപേട്ട് രുചിത എന്ന എട്ടു വയസ്സുകാരിക്കാണ് ഇത്തവണത്തെ കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം തേടിയെത്തിയത്. സ്‌കൂള്‍ ബസ് ട്രെയിന്‍ അപകടത്തില്‍ നിന്ന് രണ്ടുപേരെ രക്ഷിച്ചതിനാണ് രുചിതയെ തേടി ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പുരസ്‌കാരം എത്തിയത്. 2014 ജൂലൈ 24നു രാവിലെ കളിചിരിയുമായി രുചിതയും അനുജത്തിയും കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ബസില്‍ പോകുമ്പോള്‍ ലവല്‍ക്രോസില്‍വച്ച് ബസ് കേടായി. സ്റ്റാര്‍ട്ട് ചെയ്യുംമുന്‍പ് ട്രെയിന്‍ പാഞ്ഞുവന്നു. രുചിതയും മറ്റു കൂട്ടുകാരും ഡ്രൈവര്‍ക്കു മുന്നറിയിപ്പു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രുചിത ഉടന്‍ പുറത്തിറങ്ങി രണ്ടു സുഹൃത്തുക്കളെ ബസിന്റെ ജനാലവഴി പുറത്തേക്കു വലിച്ചിട്ടു. സ്വന്തം സഹോദരിയെ രക്ഷിക്കും മുന്‍പ് ട്രെയിന്‍ ബസില്‍ ഇടിച്ചു. ആകെ 36 കുട്ടികളാണു ബസിലുണ്ടായിരുന്നത്. രുചിതയുടെ അനുജത്തി ഉള്‍പ്പെടെ 18 പേര്‍ ദുരന്തത്തില്‍ മരിച്ചു. സഹോദരിയുടെ മരണം മനസ്സില്‍ നൊമ്പരമായി ശേഷിക്കുമ്പോഴും രണ്ടു പേരുടെ ജീവന്‍ രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പുരസ്‌കാരം വാങ്ങാന്‍ കൊച്ചുരുചിത ഡല്‍ഹിയില്‍ എത്തിയത്. പെണ്‍കുട്ടികളിലെ അസാമാന്യ ധീരതയ്ക്കുള്ളതാണ് ഗീത ചോപ്ര പുരസ്‌കാരം. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗീത ചോപ്ര എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പേരിലുള്ളതാണ് പുരസ്‌കാരം. ഗീതയെയും സഹോദരന്‍ സഞ്ജയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രംഗ, ബില്ല എന്നിവരെ തൂക്കിലേറ്റിയിരുന്നു.
RECENT POSTS
Copyright © . All rights reserved