ന്യൂഡല്‍ഹി: കുഞ്ഞ് അനുജത്തി കണ്‍മുന്നില്‍ പിടഞ്ഞുമരിച്ചിട്ടും തളരാതെ മറ്റ് രണ്ട് ജീവന്‍ രക്ഷിച്ച എട്ടു വയസ്സുകാരിക്ക് കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം. തെലുങ്കാന സ്വദേശി ശിവംപേട്ട് രുചിത എന്ന എട്ടു വയസ്സുകാരിക്കാണ് ഇത്തവണത്തെ കുട്ടികളിലെ ധീരതയ്ക്കുള്ള ഗീത ചോപ്ര പുരസ്‌കാരം തേടിയെത്തിയത്. സ്‌കൂള്‍ ബസ് ട്രെയിന്‍ അപകടത്തില്‍ നിന്ന് രണ്ടുപേരെ രക്ഷിച്ചതിനാണ് രുചിതയെ തേടി ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ പുരസ്‌കാരം എത്തിയത്.

2014 ജൂലൈ 24നു രാവിലെ കളിചിരിയുമായി രുചിതയും അനുജത്തിയും കൂട്ടുകാര്‍ക്കൊപ്പം സ്‌കൂള്‍ബസില്‍ പോകുമ്പോള്‍ ലവല്‍ക്രോസില്‍വച്ച് ബസ് കേടായി. സ്റ്റാര്‍ട്ട് ചെയ്യുംമുന്‍പ് ട്രെയിന്‍ പാഞ്ഞുവന്നു. രുചിതയും മറ്റു കൂട്ടുകാരും
ഡ്രൈവര്‍ക്കു മുന്നറിയിപ്പു കൊടുത്തെങ്കിലും ഫലമുണ്ടായില്ല. രുചിത ഉടന്‍ പുറത്തിറങ്ങി രണ്ടു സുഹൃത്തുക്കളെ ബസിന്റെ ജനാലവഴി പുറത്തേക്കു വലിച്ചിട്ടു. സ്വന്തം സഹോദരിയെ രക്ഷിക്കും മുന്‍പ് ട്രെയിന്‍ ബസില്‍ ഇടിച്ചു. ആകെ 36 കുട്ടികളാണു ബസിലുണ്ടായിരുന്നത്. രുചിതയുടെ അനുജത്തി ഉള്‍പ്പെടെ 18 പേര്‍ ദുരന്തത്തില്‍ മരിച്ചു.

സഹോദരിയുടെ മരണം മനസ്സില്‍ നൊമ്പരമായി ശേഷിക്കുമ്പോഴും രണ്ടു പേരുടെ ജീവന്‍ രക്ഷിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് പുരസ്‌കാരം വാങ്ങാന്‍ കൊച്ചുരുചിത ഡല്‍ഹിയില്‍ എത്തിയത്. പെണ്‍കുട്ടികളിലെ അസാമാന്യ ധീരതയ്ക്കുള്ളതാണ് ഗീത ചോപ്ര പുരസ്‌കാരം. തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗീത ചോപ്ര എന്ന സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പേരിലുള്ളതാണ് പുരസ്‌കാരം. ഗീതയെയും സഹോദരന്‍ സഞ്ജയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രംഗ, ബില്ല എന്നിവരെ തൂക്കിലേറ്റിയിരുന്നു.