Short Story
റ്റിജി തോമസ് വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് അസസ്ഥമായിരുന്നു . നഷ്ടപ്പെടലുകൾ എപ്പോഴും ദുഃഖം സമ്മാനം തരുന്നവയാണ് . എൻെറ ചെരുപ്പുകൾ നഷ്ടപെട്ടിരിക്കുന്നു . വഴിയിലെ ഓരോ കൂർത്തകല്ലും അത് ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . പുതിയ ചെരുപ്പുകളാണ് , അതു കൊണ്ടു തന്നെ മനസ്സ് കൂടുതൽ വിഷമത്തിലേക്ക് എടുത്തു ചാടി. എന്തോ പ്രേരണയാൽ തിരിച്ചു നടന്ന് ചെരുപ്പുകൾ അഴിച്ചു വെച്ചിരുന്ന സ്ഥലമാകെ ഒന്നുകൂടി തിരഞ്ഞു . ഒരു പൊട്ടിച്ചിരി . . . .. കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വരം . ചുററിനും നോക്കി ആരെയും കാണാനില്ല . തേഞ്ഞുതീരാറായ ഒരു ജോഡി പഴയ ചെരുപ്പുകൾ മാത്രം അവിടെ കിടപ്പുണ്ട് . ആരെയും കാണുന്നില്ല . ആരാണ് ചിരി ച്ചത് ? ചെരുപ്പാണോ ചിരിക്കുന്നത് . എൻറ പരിഭ്രമം വർദ്ധിച്ചു . ഞാൻ ദേഷ്യത്തോടെ നോക്കി . ചിലപ്പോൾ എൻറ ചെരുപ്പുകളുടെ മോഷ്ടാവിൻെറതായിരിക്കും ആ ചിരി . " എന്താ ഇത്ര തുറിച്ചുനോക്കുന്നത് ? " വീണ്ടും പൊട്ടിച്ചിരി അതെ ചെരുപ്പാണ് ചോദിച്ചത് . എനിക്ക് ഉത്തരം മുട്ടി . പുതിയ ചെരുപ്പുകൾ വാങ്ങിക്കുന്ന സമയം വരെ എനിക്ക് അവയെ ആവശ്യമായിരുന്നു . ആ പഴയ ചെരുപ്പുകൾ ഞാൻ കാലിലണിഞ്ഞു ; “ ആ . . . അയ്യോ , അമ്മേ .. " സത്യത്തിൽ പരിഭ്രമിച്ചുപോയി . " നിങ്ങൾക്ക് ഞാൻ പാകമാവില്ല ...! " ശരിയാണ്. എൻെറകാലുകൾക്ക് ആ ചെരുപ്പുകൾ ചെറുതായിരുന്നു . നിഷ്‌ഠൂരനായ ചെരുപ്പുമോഷ്ടാവിനോടുള്ള പകയാൽ ചെരുപ്പുകളെ ദേഷ്യത്തോടെയാണ് ചവിട്ടിയത് . ഞാൻ ചെരുപ്പുകളെ അനുകമ്പാപൂർവ്വം നോക്കി . എൻെറ നോട്ടത്തിന് കണ്ണീരിൻറ നനവുണ്ടായിരുന്നു . കരച്ചിൽ അതാരുടെയാണെങ്കിലും എന്നെ വികാരഭരിതനാക്കിയിരുന്നു . ഞാൻ സൂക്ഷിച്ച് മെല്ലെ ചവിട്ടി വീട്ടിലേയ്ക്ക് നടന്നു . മനസ്സിൻെറ ഭാരം പകുതി കുറഞ്ഞിരിക്കുന്നു . . - - " എന്തൊരു പരുപരുത്ത കാലുകളാ ! " അപ്പോഴാണ് എൻെറ ചെളിപുരണ്ട പരുപരുത്ത കാലുകൾ ഞാൻ ശ്രദ്ധിച്ചത് . ചെരു പ്പുകളോടു തോന്നിയ അനുകമ്പ വഴിമാറി . നഷ്ട പ്പെടൽ വീണ്ടും ചിന്തയിൽ കടന്നു വന്നു . - " ആ കുട്ടിയുടെ അടുത്തായിരുന്നെങ്കിൽ . . . എന്തുചെയ്യാം യോഗം ഇല്ല . " " ഏത് കുട്ടിയുടെ ? " - . “ സുന്ദരി - ഭയങ്കരിയാ കേട്ടോ .. അല്ലേല് എന്നെ മറക്ക്വോ ... " “ കാണാൻ കൊളളാമോ " പെട്ടെന്ന് ഞാൻ ചോദിച്ചു ..." "പിന്നെ സുന്ദരിയെ കാണാൻ കൊളളുകയില്ലെ ? വീണ്ടും ചിരി .... .പരിഹസിക്കുന്നതുപോലെ. കഥയുടെ ചുരുളഴികയാണ് . മനസ്സ് പലതും ഊഹിച്ചു . ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ അലങ്കരിച്ച സൗഭാഗ്യവതികളാണ് എനിക്ക് കിട്ടിയ ചെരുപ്പുകൾ . സുന്ദരിയുടെ കൊലുസിട്ട , ചായം തേച്ച നഖങ്ങളുളള മാർദ്ദവമേറിയ രണ്ടു കാലടികൾ മനസ്സിൽ തെളിഞ്ഞു . മനസ്സിൽ ഉടലെടുത്ത വെറുപ്പ് മാഞ്ഞു പോയി . ചെരുപ്പുകളെപ്പററി ചിന്തിച്ചപ്പോൾ കൊലുസുകളുടെ മാനാഹര ശബ്ദം ശദ്ധിച്ചു . ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ താലോലിച്ചു . രാത്രിയിൽ ഉറങ്ങാൻ നേരം ചെരുപ്പ് പറഞ്ഞു . "....ഒററയ്ക്കിരിക്കാൻ പററില്ല . പേടിയാ.... " ഞാൻ ചെരുപ്പുകളെ മുറിയിലെടുത്തു വച്ചു . “ യ്യോ തണുക്കുന്നു... " അതിശയം തോന്നിയില്ല . നല്ല തണുപ്പുളള രാത്രിയാണ് .സുഖമുള്ള കുളിരാണ് . പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെന്ന് തോന്നുന്നു . ഞാൻ പുതപ്പെടുത്ത് ചെരുപ്പുകളെ പുതപ്പിച്ചു . കൈകൾ പിണച്ചുവെച്ച് കൊലുസുകളുടെ നിശബ്ദ സംഗീതവും ശ്രദ്ധിച്ച് ഞാനുറങ്ങി . ചെരുപ്പുകൾ ഇട്ടുകൊണ്ടു നടക്കുമ്പാൾഅഭിമാനം തോന്നി . മനസ്സിൽ പ്രത്യേകമായൊരു അനുഭൂതി തോന്നുന്നു . കൊലുസുകളുടെ സംഗീതം എൻെറ ഇടവേളകളെ ധന്യമാക്കി . നീല ഞരമ്പുകൾതെളിഞ്ഞു കാണുന്ന മൈലാഞ്ചി ചുവപ്പിച്ച പാദങ്ങൾ എൻെറ ആരാധനാ പാത്രങ്ങളായി. കാലിൽ എന്തൊ തട്ടുന്നതു പോലെ തോന്നിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . എൻെറ ചെരുപ്പിൻെറ വളളികൾ പൊട്ടിയിരിക്കുന്നു . ചുററും പരിചയമുളള മുഖങ്ങളാണ് . എവിടെ നിന്നൊക്കയോ പൊട്ടിച്ചിരികളുയരുന്നു . " - എവിടുന്നു കിട്ടി ഈ ചെരുപ്പ് ...." . " നിനക്ക് ചേരും.... " "കൊണ്ടെ കളയെടോ " ഞാൻ ചെരുപ്പിൻറ വളളികൾ ശരിയാക്കി ചമ്മിയ ചിരിയോടെ ചുററും നോക്കി . " ടാ ഇതാരുടെ ചെരുപ്പാണന്നറിയ്യാമോ... ? ഒരു സുന്ദരിയുടെ". വിളിച്ചു കൂവണമെന്നു തോന്നി . പക്ഷേ വിവരമറിഞ്ഞാൽ ആരെങ്കിലും ചെരുപ്പുകൾ മോഷ്ടിച്ചാലോ ? തിരി ഞ്ഞു നടന്നു . എതിരെ ചില സുന്ദരികൾ വരുന്നുണ്ട് .അവരുടെ ആരുടെയെങ്കിലും ആയിരിക്കുമോ ചെരുപ്പുകൾ . മുഖം ആവുന്നത്ര പ്രസന്നമാക്കി ഞെളിഞ്ഞു നടന്നു . തട്ടി വീഴാൻ തുടങ്ങും പോലെ - ചെരുപ്പിൻെറ വള്ളികൾ പൊട്ടിയിരിക്കുന്നു . അമർത്തിയ പൊട്ടിച്ചിരികൾ . . . . . ഏതോ വലിയ ഗർത്തത്തിൽ പതിച്ചതുപോലെ തോന്നി . വീട്ടിൽ ചെന്നപ്പോൾ ഞാൻ ദേഷ്യപ്പെട്ടു . " എന്താദ് എപ്പോഴും വളളി പൊട്ടുന്നത് ? " - " "വല്ലടത്തും നോക്കി നടന്നാൽ ഇങ്ങനെയിരിക്കും " ധിക്കാരം മിഴിച്ചു നിൽക്കുന്ന മറുപടി . എൻെറ കോപം പമ്പകടന്ന് പരിഭ്രമമായി . എന്തെങ്കിലും പറയാൻ സാധിക്കുന്നില്ല . കൂടുതൽ ദേക്ഷ്യപ്പെട്ടാൽ ഇനിയിതാവർത്തി ച്ചാലോ ? " നിലത്തപ്പിടി തണുപ്പാ " അന്നു കിടക്കാൻ നേരത്തു ചെരുപ്പു പറഞ്ഞു . അർത്ഥം വ്യക്തമായിരുന്നു . ചെരുപ്പുകളെ കട്ടിലിലെടുത്തു വച്ച് കിടന്നുറങ്ങി . പയ്യെയാണ് ഇപ്പോൾ ഞാൻ നടക്കുന്നത് . ഓരോ കാലടി വയ്ക്കുമ്പോഴും അകാരണമായ ഭയം എന്നെ പിടികൂടി . എതിരെ ഒരു പെൺകുട്ടി വരുന്നതുകണ്ട് ഞാൻ പേടിയാടെ നടന്നു . . . വീണിടത്തുനിന്നും സാവധാനം എഴുന്നേൽക്കാൻ ശ്രമിച്ചു . കൈ കൊണ്ട് തടവി നോക്കി. ചോര പൊടിഞ്ഞിട്ടുണ്ട് . പാവം പെൺകുട്ടി പേടിച്ചെന്നു തോന്നുന്നു . വളളി പൊട്ടിയ ചെരുപ്പ് കുലുങ്ങി കു ലുങ്ങിച്ചിരിക്കുകയാണ് . എനിക്ക് കരയണമെന്നു തോന്നി . എഴുന്നേററ് നടക്കാൻ പേടി യായിരുന്നു . ഞാൻ അവിടെ കുത്തിയിരുന്ന് കരഞ്ഞു . ആരൊക്കെയോ നോക്കി . ചിലർ ചില്ലറകളിട്ടു തന്നു . അവസാനം ചെരുപ്പൂരി തലയിൽ വച്ച് ഞാൻ വീട്ടിലേയ്ക്ക് നടന്നു . പുറത്തയ്ക്ക് ഇറങ്ങാൻ എനിക്ക് മടിയായി . പൊട്ടിച്ചിരികളുടെയും അമർത്തിയ ചിരികളുടെയും കിലുകിലാരവം ഞാൻ ഭയ പ്പെട്ടു . എപ്പോഴോ ഞാനുണർന്നത് പൊട്ടിച്ചിരി കേട്ടാണ് , ഒപ്പം കൊലുസിട്ട പാദങ്ങളുടെ സംഗീതവും . . ചെരുപ്പുകൾ എന്നെ നോക്കി ചിരിച്ചു . വേശ്യയുടെ പോലെ . മനസ്സിൽ തിരമാലകളുതിർ ക്കുന്ന വശ്യമായ ചിരി . ഞാൻ പുറത്തയ്ക്കു നടന്നു . പൊട്ടിച്ചിരികൾ . . . . ചുററും ആരൊക്കെയോ പൊട്ടിച്ചിക്കുന്നു . അപ്പോഴാണ് ഞാൻ ഓർമ്മിച്ചത് . എൻെറ തലയിൽ സുന്ദരിയുടെ ചെരുപ്പുകൾ .     റ്റിജി തോമസ് റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]     ചിത്രീകരണം : അനുജ കെ 
രഞ്ജിത്ത് ശിവഹരി ദേവികാ എന്റെ സൺസ്‌ക്രീൻ ലോഷൻ കണ്ടോ ?? കുക്കറിന്റെ മൂന്നാം വിസിലിനായി കാതോർത്തു നിൽക്കുന്ന അവർ പെട്ടെന്ന് മനോരാജ്യങ്ങളിൽ നിന്നുമുണർന്നു ..അതാ ദിവാന്റെ ചുവട്ടിൽ ഉണ്ടാവും ശ്രീയേട്ടാ ദാ വരുന്നു . ഒന്നും നോക്കിയെടുക്കാനും വയ്യ രാവിലെ തൊട്ട് ദേവികാ ദേവികാ ന്ന് അലറിക്കൊണ്ടിരിക്കും ചെയ്യും ന്നാ പിന്നെ അടുക്കളയിൽ വന്ന് എന്തെങ്കിലും ചെയ്യുക അതും ഇല്ല അല്ലെങ്കിലും അതെങ്ങെനെ ഞാൻ വെറും പത്താം ക്ലാസ്സുകാരിയും അങ്ങേര് വലിയ ബിസിനസ്കാരനും അല്ലെ ? തെക്കേലെ സൂമിം ജാനും ഒക്കെ പറയാ എന്താ ദേവു ന്റെ ഭാഗ്യം എന്നാ ??എന്ത് ഭാഗ്യം ചാണകം വാരിട്ടായാലും നാട്ടിൽ തന്നെ ജീവിക്ക്യാർന്നു നല്ലത് .അച്ഛന്റെയും അനിയന്റെയും ശബ്ദം കേട്ടിട്ട് തന്നെ എത്ര ദിവസമായി ?തന്റെ മകനെ കണ്ടിട്ട് എത്ര കാലമായി എല്ലാം താൻ തന്നെ വരുത്തി വച്ചതല്ലേ ഇനി പരിഭവം പറഞ്ഞിട്ടെന്ത് കാര്യം ?ശ്രീ ഏട്ടനെ ഒന്ന് മിണ്ടാൻ പോലും കിട്ടില്ല ,പിന്നിങ്ങനെ ആത്മഗതങ്ങളായി ജീവിക്കുന്നു ഹാ കൊക്കിലൊതുങ്ങിത് കൊത്താഞ്ഞിട്ടല്ലേ ഇനി അനുഭവിക്ക്യ തന്നെ ,നീണ്ട നെടുവീർപ്പിട്ടു കൊണ്ട് മനസ്സിലെ പിറുപിറുക്കൽ പുറമേക്ക് കേൾക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി അവൾ ബെഡ്റൂമിലേക്ക് നടന്നു .. ഈ സമയം കൊണ്ട് തന്നെ ശ്രീകുമാരൻ പോർട്ടിക്കോയിലെത്തിയിരുന്നു ...ശ്രീയേട്ടാ ഉച്ചയയൂണിനു നല്ല വെണ്ടയ്ക്ക മെഴുക്കുപുരട്ടിത് ഉണ്ടാക്കിട്ടുണ്ട് കൊണ്ട് വരട്ടെ ..വേണ്ട എന്ന ഒറ്റവക്കിൽ ഒതുക്കി അയാൾ അതിവേഗത്തിൽ കാർ എടുത്തു .. ഈയിടെ ഏട്ടന്റെ സ്വഭാവം വല്ലാതെ മാറിയിരിക്കുന്നു .കമ്പനിയിലെ സുന്ദരികളെ കണ്ട് എന്നെയൊന്നും പിടിക്കുന്നില്ലായിരിക്കും ..സാൻഫ്രാന്സിസ്കോയിലെ സുന്ദരി മദാമ്മകൾക്കു മുന്നിൽ താൻ ആരാ നാട്ടിൻപുറത്തെ ഒരു പൊട്ടിപെണ്ണ് ..പണ്ടൊക്കെ ശ്രീയേട്ടൻ പറഞ്ഞിരുന്നു ദേവു നിന്റെ പൊട്ടത്തരം ആണ് എനിക്ക് ഏറ്റവും ഇഷ്ടം എന്ന് ഹാ ഓന്ത് സ്വഭാവം മാറണ പോലെ അല്ലെ ഓരോരുത്തരുടെ സ്വഭാവം മാറണത് ..ദേവുവോ ആരേം കണ്ണടച്ചു വിശ്വസിക്കരുത് മോളെ അദ്ധ്യാപകനായ അച്ഛന്റെ വാക്കുകൾ അവളുടെ ചെവികളിൽ അലയടിച്ചു .... നീട്ടിയടിച്ച ഫോൺ ബെൽ അവളെ തെല്ല് അലസോരപ്പെടുത്തി ..ഈ സമയത്ത് ആരാണ് വിളിക്കുന്നത് ?മറുതലക്കലെ ശബ്ദം അവളെ അത്ഭുദപ്പെടുത്തി അച്ഛൻ ...അച്ഛനാണ് .. മോളെ എനിക്കിവിടെ നിൽക്കാൻ വയ്യ സ്വത്ത് ഭാഗം വെക്കണം എന്നൊക്കെ പറഞ് നിന്റെ അനിയനും ചേച്ചിയും എല്ലാവരും കൂടെ വഴക്കാണ് ..അപ്പോൾ നീ ഇങ്ങോട്ട് ഒന്നും പറയണ്ട ഞാൻ ഒരാഴ്ച കഴിഞ്ഞ് അങ്ങോട്ട് വരുന്നുണ്ട് ..മടുത്തു മോളെ ഈ വയ്യാത്ത കാലത്തും ഇനി മനസ്സ് വിഷമിപ്പിക്കാൻ വയ്യ ..ശ്രീകുമാറിനോട് പറയണം അച്ഛൻ വരുന്നുണ്ടെന്ന് അവന് വലിയ സന്തോഷം ആവും കഴിഞ്ഞ തവണ ലീവിന് വന്നപ്പോഴും പറഞ്ഞിരുന്നു എന്നോട് അങ്ങോട്ടൊന്ന് വരാൻ . ഒറ്റശ്വാസത്തിൽ അച്ഛനിത്രയും പറഞ്ഞപ്പോൾ അവൾക്കാകെ ഒരു മരവിപ്പാണ് അനുഭവപ്പെട്ടത് ..ശരി അച്ഛാ എന്ന് പറഞ്ഞ് അവൾ പെട്ടെന്ന് റീസിവർ നിലത്തു വെച്ചു .. സ്വത്ത് വേണ്ടവർ തന്നെ നോക്കികൂട്ടെ ഈ വയ്യാവേലികൾക്കിടയിൽ കൂടെ ഇതും കൂടെ എനിക്ക് തലയിൽ വെക്കാൻ വയ്യ ദേവിക ... ഈ പ്രായത്തിൽ അതും ഇങ്ങോട്ട് അതൊന്നും ശരിയാവില്ല ..എത്രയെത്ര ഓൾഡേജ് ഹോംസ് ഉണ്ട് നാട്ടിൽ അവിടെ ചെലവിനുള്ളത് എന്താച്ചാൽ കൊടുക്കാം താറ്റ്സ് ഓൾ ...അറുത്തുമുറിച്ച ഈ മറുപടി പ്രതീക്ഷിച്ചതു കൊണ്ട് ദേവികക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല .ബിസിനസ് തിരിക്കിന്റെ പേര് പറഞ്ഞു മകനെ വരെ ബോര്ഡിങ്ങിലാക്കിയ മനുഷ്യൻ ഇതല്ല ഇതിനപ്പുറവും പറയുന്നതിൽ എന്താണത്ഭുദം ..അയാളുടെ ലോകം അയാളുടെ സാമ്രാജ്യം അതിനിടയിൽ താൻ എന്തിനാണ് നിൽക്കുന്നത് എന്നവൾ പലപ്പോഴും ചിന്തിക്കാറുണ്ട് ഒരുപക്ഷെ ഒരു വേലക്കാരിയുടെ സ്ഥാനമാവാം ..ജീവിതത്തിൽ ചായം തേച്ചതല്ലേ കെട്ടിയാടുക തന്നെ .. പിറ്റേന്ന് തന്നെ കാര്യങ്ങൾ എല്ലാം അവൾ അച്ഛനെ വിളിച്ചു പറഞ്ഞു ..എത്താവുന്ന ദൂരം ആണെങ്കിൽ ഞാൻ വന്നേനെ അച്ഛാ ..പക്ഷെ ഇതിപ്പോ .. ഹാ സാരമില്ല മോളെ നീ സന്തോഷമായി ഇരുന്നാൽ മതി അച്ഛൻ പറഞ്ഞു നിർത്തി . സന്തോഷം ആ വാക്ക് അവളെ ഇരുപത് വർഷങ്ങൾക്കപ്പുറത്തേക്ക് കൊണ്ട് പോയി .വീട്ടിലെ നാലുകെട്ടിൽ വിരുന്നെത്തിയ ആ പൊടിമീശക്കാരൻ പയ്യൻ അവിടുത്തെ പെണ്ണുങ്ങളുടെ ഒക്കെ ആരാധനാപുരുഷൻ ആയി പെട്ടെന്ന് തന്നെ മാറി.കഴുത്തിൽ ടൈ ധരിച്ച ,അലക്കിത്തേച്ച വസ്ത്രവുമായി അയാൾ നടന്നു വരുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണെന്ന് പലരും അഭിപ്രായപ്പെട്ടു ...പക്ഷെ പൊടിമീശക്കാരന് കുപ്പിവളകൾ കൈകളിലണിഞ്ഞ ഇരുനിറക്കാരിയെ ആണ് ബോധിച്ചത് .. അന്നൊരല്പം അഹങ്കാരം ഒക്കെ തോന്നിത്തുടങ്ങിയിരുന്നു .അമ്മയില്ലാത്ത ആ കുട്ടി അന്ന് അനുരാഗത്തിന്റെ സുഗന്ധം നുകർന്ന് തുടങ്ങി ...ഏതാഗ്രഹത്തിനും എതിരു നിൽക്കാത്ത അച്ഛൻ ശ്രീകുമാർ എന്ന ആ പയ്യന് കൈപിടിച്ചു കൊടുക്കുമ്പോൾ ഒരു കാര്യം മാത്രമാണ് പറഞ്ഞത് .മോളെ നീ സന്തോഷമായി ഇരുന്നാൽ മതി ... ഭൂതകാലത്തിലെ ഓർമ്മകൾ അയവിറക്കി അതിലൊരാശ്വാസം കണ്ടെത്താറുള്ള അവൾക്ക് പക്ഷെ ഈ ഓർമ്മകൾ കനത്ത മുറിവാണ് ഏൽപ്പിച്ചത് ... ആഴ്ചകൾ കടന്ന് പോയി ശ്രീകുമാർ ബിസിനസ് ടൂർ ആയി സ്വിസർലാൻഡിലാണ് ..ഏകാന്തതയുടെ പാരമ്യത്തിൽ എത്തിയപ്പോൾ ദേവിക പതുക്കെ പുറത്തേക്കിറങ്ങി ..കുട്ടികളുടെ പാർക്കിലെ ആ കാഴ്ച്ച അവളെ വല്ലാതെ സ്പർശിച്ചു ഒരു കുട്ടിയെ അച്ഛൻ കൈപിടിച്ചു കൊണ്ട് പോവുകയാണ് ഇടയ്ക്കിടെ അവൾ തെന്നുന്നുണ്ടോ എന്നയാൾ നോക്കുന്നുണ്ട് .പണ്ട് ട്രെയിൻ കാണാൻ തന്നെ അച്ഛൻ കൊണ്ടുപോകാറുള്ളത് അവൾ പെട്ടെന്ന് ഓർത്തു .ചെറിയമ്മമാരുടെ കുത്തുവാക്കുകൾക്കിടയിലും അച്ഛൻ പറയും നീ എന്റെ രാജകുമാരി അല്ലെ പിന്നെന്താ ?? കണ്ണീരു വറ്റിയ തന്റെ കണ്ണിൽ നിന്നും ഒരു കണം താഴേക്ക് പതിച്ചതിൽ അവൾക്ക് അത്ഭുദം തോന്നി .. ഇവിടെ എത്തിയതിൽ പിന്നെ താൻ കരയാൻ പോലും മറന്നിരിക്കുന്നു .. അവൾ തിരക്കിട്ട് ഫോണിൽ നമ്പർ ഡയല് ചെയ്തു, ലിറ്റിൽ ഫ്ലവർ കോളേജിലെ മകനോട് രണ്ട് വാക്ക് സംസാരിക്കാൻ അവൾക്ക് ഏറെ പ്രയാസം അനുഭവപ്പെട്ടു ..മാസങ്ങൾക്ക് മുന്നേ കേട്ട ശബ്ദം ആണ് ,മോനെ നീ അച്ഛനെ നന്നായി നോക്കണം അതിപ്പോ നീ എത്ര തിരക്കായാലും കരച്ചിലടക്കി അവർ പറഞ്ഞുനിർത്തി തിരക്കിട്ട് കയ്യിൽ കിട്ടിയ പേപ്പറിൽ എഴുതി ഐആം സോറി ശ്രീകുമാർ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ ഒരു നന്നങ്ങാടി ആയി ജീവിക്കാൻ ഞാൻ വിചാരിക്കുന്നില്ല ..എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട് അഭിപ്രായങ്ങൾ ഉണ്ട് ,കാപട്യം നിറഞ്ഞ തന്റെ ജീവിതത്തിൽ ഇനി ഞാനില്ല .. ബൈ . തിരക്കിട്ട് അവൾ മണ്ണെണ്ണ പാത്രം എടുത്തു ******* അച്ഛാ ...ഇപ്പോഴത്തെ ഈ സുഖം ഉണ്ടല്ലോ അത് മതി നമുക്ക് ഈ നാലു ചുവരുകളും തരുന്ന ഒരാനന്ദം ഉണ്ട് അത് മതി അത് മാത്രം ..ഒന്നുടെ എന്നെ രാജകുമാരീ ന്ന് വിളിക്കുവോ അച്ഛന്റെ മടിയിൽ കിടന്ന് ദേവു ചോദിച്ചു നിറഞ്ഞൊഴുകിയ ആ വൃദ്ധന്റെ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടായിരുന്നു .. .. ഈ ആനന്ദ നിമിഷങ്ങൾക്ക് സാക്ഷിയായി സ്വർഗം എന്ന ആ ഓൾഡേജ് ഹോമിലെ അന്തേവാസികളും ഇന്ത്യൻ എംബസിയിലെ സുഷമയും നിൽപ്പുണ്ടായിരുന്നു ..ഒരു കള്ളച്ചിരിയോടെ തന്നെ തന്റെ അച്ഛന്റെ അടുത്ത് സുരക്ഷിതമായി എത്തിച്ച സുഷമയോട് അവൾ നന്ദി പറഞ്ഞു ...സാൻഫ്രാന്സിസ്കോ ഫ്ളാറ്റിലെ ശേഷിപ്പായ കല്യാണ ഫോട്ടോകളും ശ്രീകുമാർ അയച്ച പ്രണയലേഖനങ്ങളും കത്തിയമരുകയായിരുന്നു അപ്പോൾ ..അതെ ദേവിക മരിച്ചു ...അല്ല ദേവിക എന്ന നന്നങ്ങാടി മരിച്ചു.     രഞ്ജിത്ത് ശിവ ഹരി ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ ബികോം രണ്ടാം വർഷ വിദ്യാർത്ഥി. ആനുകാലികങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു സമ്മാനങ്ങൾ നേടിയിട്ടുണ്ട്       ചിത്രീകരണം : അനുജ കെ   
ഷിജോ ഇലഞ്ഞിക്കൽ ഒരു ക്യാംപസ്ക്കാലം മുഴുവൻ അവർ പ്രണയിച്ചു ... അവസാനം കാരിരുമ്പുതറച്ചപോലെ ആവാർത്ത അവളറിഞ്ഞു; തൻ്റെ കാമുകന് ശ്വാസകോശത്തിന് ക്യാൻസറാണ് ... ഉള്ള ശ്വാസവും വലിച്ചുപിടിച് അവൾ അവനെ ഉപേക്ഷിച്ചോടിപ്പോയി... വാർത്ത ക്യാംപസിൽ പരന്നു... ദിവ്യപ്രേമത്തിനുകുടപിടിച്ച കൂട്ടുകാർ അവളെ ഹാഷ്‌ടാഗ്‌ ചെയ്തു: വഞ്ചകി!!! രോഗവും വിരഹവും പുഞ്ചിരിയിലൊളിപ്പിച് കാമുകൻറ്റെ ബ്രേയ്ക്കിങ്‌ ന്യൂസ്: തൻ്റെ പ്രണയിനിക്കും ക്യാൻസറാണ്!!! മുറിയടച് മൊബൈലും തുറന്നിരുന്ന കാമുകിക്കുംകിട്ടി; 'ഇപ്പോൾക്കിട്ടിയ വാർത്ത' തന്നെക്കുറിച്ചു താൻപോലും അറിയാത്ത വാർത്ത!!! നഗരത്തിലെ ഏറ്റവുംമുന്തിയ ആശുപത്രിയിൽ എക്സ്പെൻസീവും എക്സ്ക്ലുസീവുമായി നടത്തിയ ക്യാൻസർ ടെസ്റ്റ് റിപ്പോർട്ട് തെല്ലഹങ്കാരത്തോടെ അവൾ കൂട്ടുകാർക്ക് അയച്ചു - cancer negative. കൂട്ടുകാർ റിപ്പോർട്ട് അവനെക്കാണിച്ചു... ഡോക്ടർ അവളുടെ ശരീരം പരിശോധിച്ച റിപ്പോർട്ടല്ലേ ഇത്? ഇത്രയുംപറഞ്ഞ് അവൻ ക്യാമ്പസിലെ വാകമരചുവട്ടിലേക്കുനടന്നു ... ക്യാംപസിലെ സന്നദ്ധ സംഘടനയായ നാഷണൽ സർവീസ് സ്കീംമിലെ ഒരുപറ്റം കൂട്ടുകാർ അവരുടെ തീംസോങ്ങ് പാടി പ്രാക്റ്റീസ് ചെയ്യുന്നു ... അവനും അവളും ചേർന്ന് ആ പാട്ട് ഒരുപാടുപാടിനടന്നിട്ടുണ്ട്... അതിലെ ആദ്യവരി വാകമരത്തിലെ ചില്ലയിൽതട്ടി താഴെ അവനിരുന്നിടത്തുവന്ന് വീണു... " മനസ്സ് നന്നാവട്ടെ..." അവളിലെ ആ വരികളിലേക്ക് മഹാരോഗത്തിൻ്റെ അണുക്കൾ നുഴഞ്ഞു കയറുകയായിരുന്നു... ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജിംസി മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് Email: [email protected] Mobile: 07466520634  
ഷിജോ ഇലഞ്ഞിക്കൽ അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി ... മനസ്സ് വിങ്ങിപൊട്ടുകയായണ്, ഒരുസമാധാനവുമില്ല ... ധ്യാനം കൂടിനോക്കി; ഒരുമാറ്റവുമില്ല!! പൂജിച്ച രക്ഷകെട്ടി; രക്ഷയില്ല!! ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം - പരാജയം!! ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോതടഞ്ഞു! ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി...സാധനം വിരലിലുടക്കി - നാക്ക്! ധ്യാനത്തിന് അലമുറയിട്ട നാക്ക്, രക്ഷകെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക്, തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക് ... ദൈവങ്ങളെക്കാണുമ്പോൾ ഒച്ചവെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ? ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്. സിദ്ധാർഥന് ബോധിവൃക്ഷം...എനിക്ക് തണുത്തകഞ്ഞി; ബോധോദയത്തിന് ഓരോരുത്തർക്കും ഓരോരോകാരണങ്ങൾ. പിറ്റേന്നുതന്നെ അവളെച്ചെന്നുകണ്ടു, സംസാരിച്ചു - സമാധാനം. ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടുകഞ്ഞി കുടിക്കുന്നു , നല്ലരുചി !!! വാക്കിലും,നാക്കിലും. ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ ഇംഗ്ലഡിലെ രേജിസ്റെർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം.UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ജിംസി മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് Email: [email protected] Mobile: 07466520634  

ഷിജോ ഇലഞ്ഞിക്കൽ

കളിവീടുണ്ടാക്കുമ്പോൾ നിന്നെ സഹായിക്കാനായിരിക്കും അവൾക്ക് കൂടുതൽ താൽപ്പര്യം…

ഒളിച്ചുകളിക്കുമ്പോൾ നിന്നോടോപ്പമായിരിക്കും അവൾ ഒളിക്കുക.

അവളാണ് ഒളിച്ചവരെ പിടിക്കുന്നതെങ്കിലോ! നിന്നെ ആദ്യം കണ്ടാലും അവൾ പിടിക്കുകല്ല, കണ്ണടച്ചുകാണിക്കും.

കഞ്ഞിയും കറിയും വച്ചുകളിക്കുമ്പോൾ നിന്റെ വീട്ടുകാരിയാകാനായിരിക്കും അവൾക്കിഷ്ടം.

പരസ്പരം മണ്ണുവാരിയെറിഞ്ഞു കളിക്കുമ്പോൾ അവളെ പ്രൊട്ടക്ട് ചെയ്യാൻ നീ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. എന്നാലും കൂട്ടുകാരൻ എറിഞ്ഞ ഒരുപിടിമണ്ണ് അവളുടെ ദേഹത്തുവീണു, കണ്ണിൽ മണ്ണുപോയ് അവൾ കരയാൻ തുടങ്ങി, അതോടെ കളിനിന്നു; ഇടിതുടങ്ങി, അവളുടെ കണ്ണിൽമണ്ണുവാരിയിട്ടവനെ നീ തിരഞ്ഞുപിടിച്ചിടിച്ചു.

കളികഴിഞ്ഞു തോട്ടിൽകുളിക്കുന്നതിനു മുൻപ് മീൻപിടിക്കാൻ തോർത്തു വിരിക്കുമ്പോൾ നിന്റെ തോർത്തിന്റെ അങ്ങേതലപ്പത് അവൾ പിടിക്കും,

നീ കുളിച്ചുകയറിവരുവോളം കരയ്ക്ക്‌ ഊരിവച്ച നിന്റെ   നിക്കറിലോ ഷർട്ടിലോ ഒരുതുള്ളിവെള്ളം വീഴാതെ അവൾ സൂക്ഷിക്കും.

സന്ധ്യയാകുമ്പോൾ കളിക്കൂട്ടം പിരിയും, തിരികെ വീട്ടിലേക്ക്‌ നടക്കാൻ അവൾ ഓടി നിന്റെയടുത്തുവരും, പിന്നെ ഒരുമിച്ച് വീട്ടിലേക്ക്.

വീട്ടുപടിക്കൽ എത്തുമ്പോൾ അവളുടെ മുത്തശ്ശി വിറയ്ക്കുന്ന സ്വരമുയർത്തി പറയും: "പെണ്ണിന് കളികൂടുന്നുണ്ട് സന്ധ്യക്കുമുന്പ് വീട്ടിൽക്കയറണ്ടേ, വല്ലാത്തകാലമാ ".

"എന്തിനാണമ്മേ പേടിക്കുന്നത് അവൾ ഉണ്ണിയുടെ കൂടയല്ലേ പോകുന്നത് ": അവളുടെ അമ്മ ഇതു പറയുന്നത് നിനക്ക് പടിപ്പുരയുടെ പുറത്തുനിന്നുകേൾക്കാം, അപ്പോൾ നിന്റെ നെഞ്ചുവിരിവ് രണ്ടിഞ്ചു കൂടും.

"ഉണ്ണീ വാ...കയറീട്ട് പോകാം...ശർക്കരയും തേങ്ങയും ചേർത്ത അവലുണ്ട് കഴിച്ചിട്ടുപോകാം": അവളുടെ അമ്മ സ്നേഹപൂർവ്വം വിളിക്കും.

"വേണ്ടമ്മേ... ഞാൻ നാളെവരാം".

ഇത്രയും പറഞ്ഞിട്ട് നീ വലതുകാൽ ഉയർത്തിച്ചവിട്ടി വണ്ടി സ്റ്റാർട്ട് ചെയ്തു, പിന്നെ വലതുകൈ തിരിച് ആക്‌സിലേറ്റർകൊടുത്തു. വായിൽനിന്ന് തുപ്പലുചീറ്റുന്നശബ്ദത്തിൽ വണ്ടി റെയ്‌സ് ചെയ്തു. ഇടതുകൈത്തിരിച് ഫസ്റ്റ് ഗിയർഇട്ടു, വായിൽ ശബ്ദവ്യത്യാസം, പിന്നെ സെക്കന്റ് ഗിയർ...തേർഡ് ഗിയർ...ഓട്ടത്തിന്റെ സ്പീഡ് അതനുസരിച്ചു കൂടി, വായിൽനിന്ന് തുപ്പലും ശബ്ദവും സ്പേറേപോലെ ചീറ്റി...

"ഛെ...എന്താണിത് വൃത്തികെട്ട ശബ്ദo കേൾപ്പിക്കുന്നത് ": ഭാര്യയുടെ ശബ്ദo കേട്ട് ഞാൻ ഞെട്ടി.

"ദേ കിറി മുഴുവൻ തുപ്പലൊഴുകിയിരിക്കുന്നു”, അവൾ സ്നേപൂർവം സാരിത്തുമ്പുകോണ്ട് എന്റെ മുഖം തുടച്ചു. "ഇതെന്താ കൊച്ചുകുട്ടികളെ പോലെ വണ്ടിയോടിച്ചുകളിക്കുകയാണോ? വാ, ദേ അത്താഴം വിളമ്പി വച്ചിരിക്കുന്നു."

മുറ്റത്തുകൈകഴുകാൻ ഇറങ്ങിയപ്പോൾ പടിപ്പുരക്കുപുറത്തുനിന്ന് അവൾ വീണ്ടും വിളിക്കുന്നു:

ഉണ്ണീ... വാ കളിക്കാൻ പോകാം...

RECENT POSTS
Copyright © . All rights reserved