University
ആത്മരതിയില്‍ മുഴുകുന്നയാളുകള്‍ ഏറെ നമുക്കു ചുറ്റുമുണ്ട്. പൊതുവിടങ്ങളില്‍ സ്വയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ കാട്ടുന്ന താല്പര്യം കൂടെ നില്‍ക്കുന്നവരെ നാണിപ്പിക്കുന്ന വിധത്തിലായിരിക്കുകയും ചെയ്യും. അത്തരമൊരാളാണ് ഡൊമിനിക് മാര്‍ക്കസ് ഷെല്ലാര്‍ഡ്. ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ അടുത്തിടെ സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലറാണ് ഇദ്ദേഹം. ഒരു ഫോട്ടോയില്‍ നിന്നോ യൂട്യൂബ് അപ്പിയറന്‍സില്‍ നിന്നോ ഒഴിയാന്‍ ഇദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. ഒരു സെല്‍ഫിയോ സ്വയം അഭിനന്ദിക്കുന്ന ട്വീറ്റോ അദ്ദേഹത്തില്‍ നിന്ന് മിക്കവാറും ഉണ്ടാകുകയും ചെയ്യും. ക്യാമ്പസില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായി ഇദ്ദേഹം കറങ്ങുന്നത് കണ്ടതായുള്ള റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക കണക്കുകള്‍ അദ്ദേഹത്തെ ഒന്നു കൂടി വെളിവാക്കും. യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ അനാവശ്യമായി ഇദ്ദേഹം ചെലവഴിച്ചിട്ടുണ്ടോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. 53 കാരനായ ഇദ്ദേഹമായിരുന്നു ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലര്‍. ഈ വര്‍ഷം ആദ്യം ഷെല്ലാര്‍ഡ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചു. വിദേശ യാത്രകള്‍ ഉള്‍പ്പെടെ ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ നിന്നുള്‍പ്പെടെയാണ് യൂണിവേഴ്‌സിറ്റികള്‍ ഫണ്ട് സ്വരൂപിക്കുന്നത്.  350,000 പൗണ്ട് ശമ്പളവും സൗജന്യ താമസവുംന്‍തുക യാത്രാച്ചെലവിനത്തില്‍ 57,000 പൗണ്ടുമൊക്കെയാണ് ഇയാള്‍ക്കു വേണ്ടി യൂണിവേഴ്‌സിറ്റി നല്‍കിയത്. ഷെല്ലാര്‍ഡ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും തന്റെ കീഴ് ജീവനക്കാരെ നിയമിക്കുന്നതില്‍ പക്ഷപാതിത്വം കാട്ടിയെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഹയര്‍ എജ്യുക്കേഷനിലെ പുതിയ റെഗുലേറ്ററായ ദി ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍ തുക ശമ്പളമായി വാങ്ങിയിട്ടുണ്ടോ എന്നുള്ള വിവരമുള്‍പ്പെടെ അന്വേഷണ വിധേയമാകുമെന്നാണ് കരുതുന്നത്.
യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിന്റെ തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ പരിശീലന പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനത്തിനായി നിയോഗിച്ചിരിക്കുന്ന ടാസ്‌ക്‌ഫോഴ്‌സ് ആയിരിക്കും ഇത് നടപ്പാക്കുക. സോഷ്യല്‍ മീഡിയയെയും പൂര്‍ണ്ണത നേടാനുള്ള ശ്രമങ്ങളെയും എങ്ങനെയായിരിക്കണം കൈകാര്യം ചെയ്യേണ്ടതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുക്കുകയായിരിക്കും ടാസ്‌ക്‌ഫോഴ്‌സിന്റെ ജോലി. പണം കൈകാര്യം ചെയ്യേണ്ട രീതികള്‍, വിദ്യാര്‍ത്ഥി ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍, സുഹൃത്തുക്കളെ തെരഞ്ഞെടുക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കും. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തിനായി വീട്ടില്‍ നിന്ന് പുറത്തെത്തുന്നതു തന്നെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളുടെ വീര്യം ചോര്‍ത്താറുണ്ടെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. സ്വതന്ത്രമായി നിന്ന് പഠിക്കുക, അതിനൊപ്പം സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. പുതിയൊരു സ്ഥലവും തീര്‍ത്തും അപരിചിതരുമായുള്ള സഹവാസവും ഈ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയേയുള്ളു. അത്തരം സാഹചര്യങ്ങളെ അതിജീവിച്ച് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമായ യൂണിവേഴ്‌സിറ്റി ജീവിതം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സഹായം നല്‍കുകയാണ് നാം ചെയ്യേണ്ടതെന്ന് ഹിന്‍ഡ്‌സ് പറഞ്ഞു. എജ്യുക്കേഷന്‍ ട്രാന്‍സിഷന്‍സ് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനുള്ള ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചിരിക്കുന്നത്. ഇതില്‍ യൂണിവേളഴ്‌സിറ്റീസ് യുകെ, യുസിഎഎസ്, നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കും. യൂണിവേഴ്‌സിറ്റി പഠന കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതിന്റെ നിരക്ക് വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യുക്കേഷന്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണ് ഈ നീക്കം. യൂണിവേഴ്‌സിറ്റി പഠനത്തിനായി എത്തുന്ന പുതിയ വിദ്യാര്‍ത്ഥികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് വര്‍ദ്ധിക്കുന്നതായുള്ള റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തു വന്നത്. കോഴ്‌സുകളുടെ ആരംഭത്തില്‍ ഡിപ്രഷന്‍, അമിതാകാംക്ഷ തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 2014-15 അധ്യയന വര്‍ഷത്തിനും 2017-18 വര്‍ഷത്തിനുമിടയില്‍ 73 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ സൂചിപ്പിക്കുന്നത്.
മയക്കുമരുന്ന് വിരുദ്ധ നയം അവതരിപ്പിച്ച് ബക്കിംഗ്ഹാം സര്‍വകലാശാല. ഇത്തരം നയം അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സര്‍വകലാശാലയായിരിക്കുകയാണ് ഇതോടെ ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി. ക്യാംപസില്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പ് നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റി ആവശ്യപ്പെടുന്നത്. ഇതിനുള്ള സമ്മതപത്രം ഒപ്പിട്ടു നല്‍കണം. രാജ്യത്തെ 116 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളില്‍ മയക്കുമരുന്നിന്റെ ഉപയോഗം 42 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഈ സമ്മതപത്രം ഒപ്പിട്ടു നല്‍കിയ ശേഷവും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നത് തുടരുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് വൈസ് ചാന്‍സലര്‍ സര്‍ ആന്തണി സെല്‍ഡന്‍ പറഞ്ഞു. കുട്ടികളുടെ മയക്കുമരുന്ന് ഉപയോഗം, മാനസികാരോഗ്യം എന്നീ കാര്യങ്ങളില്‍ യൂണിവേഴ്‌സിറ്റികള്‍ കാര്യമായി ഇടപെടുന്നില്ലെന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നാം കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ജീവിതം പാഴായിപ്പോകാതിരിക്കാന്‍ പൂര്‍ണ്ണമായും ഒരു ആധുനിക സമീപനമാണ് ആവശ്യമായിരിക്കുന്നത്. സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പിന്റെ മാതൃകയില്‍ മയക്കുമരുന്നുകളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എല്ലായിടത്തും സ്ഥാപിക്കണം. ബ്രിട്ടനിലെ ആദ്യത്തെ മയക്കുമരുന്ന് രഹിത യൂണിവേഴ്‌സിറ്റിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെയര്‍ ആക്‌സസ് ടേബിളില്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഏറ്റവും പിന്നില്‍. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കാളിത്തം നല്‍കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഈ പട്ടികയില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹള്‍ ആണ് ഒന്നാം സ്ഥാനത്തെത്തിയത്. പട്ടികയില്‍ അവസാനമായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേംബ്രിഡ്ജ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഹയര്‍ എജ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിസര്‍ച്ച് പേപ്പറിലാണ് ഈ പട്ടിക നല്‍കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ഡെര്‍ബി, എഡ്ജ്ഹില്‍, ചെസ്റ്റര്‍, പ്ലിമത്ത് സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് തുടങ്ങിയവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്രിട്ടനിലെ പഴയതും പ്രൗഢിയുള്ളതുമായ യൂണിവേഴ്‌സിറ്റികളില്‍ പലതും ലിസ്റ്റില്‍ ഒടുവിലായാണ് ഇടം നേടിയിരിക്കുന്നത്. സെന്റ് ആന്‍ഡ്രൂസ്, ബ്രിസ്റ്റോള്‍, ഓക്‌സ്‌ഫോര്‍ഡ്,അബര്‍ദീന്‍ തുടങ്ങിയവയാണ് ഇത്. യൂണിവേഴ്‌സിറ്റികളില്‍ എത്തുന്ന യുവാക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 1980ല്‍ ജനസംഖ്യയുടെ 10-15 ശതമാനം മാത്രമായിരുന്നു യൂണിവേഴ്‌സിറ്റികളില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 45 ശതമാനമായി മാറിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിലെ പിഴവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും റിസര്‍ച്ച് വിലയിരുത്തുന്നു. മറ്റു വിലയിരുത്തലുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കാറുള്ള റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഈ പട്ടികയില്‍ പിന്നാക്കെ പോയി. ഇന്‍ടേക്കില്‍ വൈവിധ്യം പുലര്‍ത്തുന്ന ആധുനിക സര്‍വകലാശാലകളാണ് മികച്ച പ്രകടനവുമായി മുന്നില്‍ നില്‍ക്കുന്നത്. എല്ലാ മേഖലകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കേണ്ടത് ഇംഗ്ലീഷ് ഉന്നത വിദ്യാഭ്യാസ നയ രൂപീകരണത്തില്‍ പ്രധാനമാണെന്ന് പേപ്പര്‍ തയ്യാറാക്കിയ ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഇയാന്‍ മാര്‍ട്ടിന്‍ പറഞ്ഞു.
ന്യൂസ് ഡെസ്ക് യൂണിവേഴ്സിറ്റികളുടെ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താൻ ഗവൺമെന്റ് തയ്യാറെടുക്കുന്നു. നമ്മുടെ കുട്ടികൾ പഠിക്കുന്ന യൂണിവേഴ്സിറ്റികളിൽ എന്തു നടക്കുന്നുവെന്ന് രക്ഷിതാക്കൾക്ക് അറിയാൻ വഴി തെളിയുകയാണ് പുതിയ സംവിധാനത്തിലൂടെ. വർഷം 9,250 പൗണ്ട് വരെ ഫീസീടാക്കുന്നുണ്ടെങ്കിൽ അതിനനുസരിച്ച്  അദ്ധ്യയന നിലവാരവും വേണമെന്ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദർ നിർദ്ദേശിച്ചു. റേറ്റിംഗ് ഏർപ്പെടുത്താനാണ്  ഗവൺമെന്റ് നീക്കം തുടങ്ങിയിരിക്കുന്നത്. ലോകോത്തര നിലവാരത്തിൽ യൂണിവേഴ്സിറ്റികൾ നിലവാരം കാത്തു സൂക്ഷിക്കുന്നുണ്ടോ എന്ന് ഗവൺമെന്റ് പരിശോധിക്കും. യൂണിവേഴ്സിറ്റിയുടെ ദൈനംദിന കാര്യങ്ങൾ സുതാര്യമാകും. മണി സൂപ്പർ മാർക്കറ്റ് സ്റ്റൈൽ സിസ്റ്റം ഏർപ്പെടുത്താനാണ് യൂണിവേഴ്സിറ്റി മിനിസ്റ്ററുടെ തീരുമാനം. യൂണിവേഴ്സിറ്റികളുടെ നിലവാരം മനസിലാക്കി വിദ്യാർത്ഥികൾക്ക്  കോഴ്സുകളും യൂണിവേഴ്സിറ്റിയും തെരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിലുള്ള റാങ്കിംഗ് ആണ് പദ്ധതിയിലുള്ളത്. ഇംഗ്ലീഷ് യൂണിവേഴ്സിറ്റികളിലെ ഓരോ സബ്ജക്ടിനും ഗോൾഡ്, സിൽവർ, ബ്രോൺസ് അവാർഡുകൾ നിശ്ചയിക്കും. അദ്ധ്യാപന നിലവാരം, കോഴ്സ് പൂർത്തിയാക്കാതെ പഠനം നിർത്തുന്ന കുട്ടികളുടെ എണ്ണം, കോഴ്സിനുശേഷം കുട്ടികൾക്ക് ജോലിക്ക് ലഭിക്കുന്ന ശമ്പളം എന്നിവയുടെ അടിസ്ഥാനത്തിലാകും അവാർഡുകൾ നിശ്ചയിക്കുക. തങ്ങൾക്ക് വേണ്ട കരിയറും  യൂണിവേഴ്സിറ്റിയും  ശ്രദ്ധാപൂർവ്വം തെരഞ്ഞെടുക്കാൻ റാങ്കിംഗ് സിസ്റ്റം വിദ്യാർത്ഥികളെ സഹായിക്കുമെന്ന് മിനിസ്റ്റർ സാം ഗിമാ പറഞ്ഞു. ആദ്യം 50 യൂണിവേഴ്സിറ്റികളിൽ ഈ പൈലറ്റ് റാങ്കിംഗ് നടപ്പിലാക്കും. വിജയകരമെന്നു കണ്ടാൽ പബ്ളിക് കൺസൽട്ടേഷനു ശേഷം മറ്റു യൂണിവേഴ്സിറ്റികളിലേയ്ക്കു കൂടി വ്യാപിപ്പിക്കും. തനിക്ക് ലഭിച്ച ഡിഗ്രി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും അതു കേവലം മിക്കി മൗസ് ഡിഗ്രിയാണെന്നും ആരോപിച്ച് ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയെ ഒരു വിദ്യാർത്ഥി കോടതി കയറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ റാങ്കിംഗ് സിസ്റ്റത്തിന് നീക്കം നടത്തുന്നത്.
RECENT POSTS
Copyright © . All rights reserved