ആത്മരതിയില്‍ മുഴുകുന്നയാളുകള്‍ ഏറെ നമുക്കു ചുറ്റുമുണ്ട്. പൊതുവിടങ്ങളില്‍ സ്വയം ഉയര്‍ത്തിപ്പിടിക്കാന്‍ ഇവര്‍ കാട്ടുന്ന താല്പര്യം കൂടെ നില്‍ക്കുന്നവരെ നാണിപ്പിക്കുന്ന വിധത്തിലായിരിക്കുകയും ചെയ്യും. അത്തരമൊരാളാണ് ഡൊമിനിക് മാര്‍ക്കസ് ഷെല്ലാര്‍ഡ്. ലെസ്റ്ററിലെ ഡി മോണ്ട്‌ഫോര്‍ട്ട് യൂണിവേഴ്‌സിറ്റിയുടെ അടുത്തിടെ സ്ഥാനമൊഴിഞ്ഞ വൈസ് ചാന്‍സലറാണ് ഇദ്ദേഹം. ഒരു ഫോട്ടോയില്‍ നിന്നോ യൂട്യൂബ് അപ്പിയറന്‍സില്‍ നിന്നോ ഒഴിയാന്‍ ഇദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. ഒരു സെല്‍ഫിയോ സ്വയം അഭിനന്ദിക്കുന്ന ട്വീറ്റോ അദ്ദേഹത്തില്‍ നിന്ന് മിക്കവാറും ഉണ്ടാകുകയും ചെയ്യും. ക്യാമ്പസില്‍ ഒരു സെല്‍ഫി സ്റ്റിക്കുമായി ഇദ്ദേഹം കറങ്ങുന്നത് കണ്ടതായുള്ള റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.

എന്നാല്‍ ഇതൊന്നുമല്ല ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. യൂണിവേഴ്‌സിറ്റിയുടെ വാര്‍ഷിക കണക്കുകള്‍ അദ്ദേഹത്തെ ഒന്നു കൂടി വെളിവാക്കും. യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ അനാവശ്യമായി ഇദ്ദേഹം ചെലവഴിച്ചിട്ടുണ്ടോ എന്ന സംശയമാണ് പ്രധാനമായും ഉയരുന്നത്. 53 കാരനായ ഇദ്ദേഹമായിരുന്നു ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വൈസ് ചാന്‍സലര്‍. ഈ വര്‍ഷം ആദ്യം ഷെല്ലാര്‍ഡ് അപ്രതീക്ഷിതമായി രാജി സമര്‍പ്പിച്ചു. വിദേശ യാത്രകള്‍ ഉള്‍പ്പെടെ ആഡംബര പൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ യൂണിവേഴ്‌സിറ്റി ഫണ്ടുകള്‍ ഇദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസില്‍ നിന്നുള്‍പ്പെടെയാണ് യൂണിവേഴ്‌സിറ്റികള്‍ ഫണ്ട് സ്വരൂപിക്കുന്നത്.  350,000 പൗണ്ട് ശമ്പളവും സൗജന്യ താമസവുംന്‍തുക യാത്രാച്ചെലവിനത്തില്‍ 57,000 പൗണ്ടുമൊക്കെയാണ് ഇയാള്‍ക്കു വേണ്ടി യൂണിവേഴ്‌സിറ്റി നല്‍കിയത്.

ഷെല്ലാര്‍ഡ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും തന്റെ കീഴ് ജീവനക്കാരെ നിയമിക്കുന്നതില്‍ പക്ഷപാതിത്വം കാട്ടിയെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഹയര്‍ എജ്യുക്കേഷനിലെ പുതിയ റെഗുലേറ്ററായ ദി ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വന്‍ തുക ശമ്പളമായി വാങ്ങിയിട്ടുണ്ടോ എന്നുള്ള വിവരമുള്‍പ്പെടെ അന്വേഷണ വിധേയമാകുമെന്നാണ് കരുതുന്നത്.