കൊറോണ വൈറസ് സ്വർണ്ണവിലയെയും ബാധിച്ചു. റിക്കോർഡുകൾ ഭേദിക്കുമ്പോൾ ഉയരുന്നത് മലയാളിയുടെ ആസ്തി.

കൊറോണ വൈറസ് സ്വർണ്ണവിലയെയും ബാധിച്ചു. റിക്കോർഡുകൾ ഭേദിക്കുമ്പോൾ ഉയരുന്നത് മലയാളിയുടെ ആസ്തി.
February 20 00:10 2020 Print This Article

ദക്ഷിണേന്ത്യക്കാരന്റെ പ്രിയ നിക്ഷേപമായ സ്വർണവില പുതിയ ഉയരങ്ങൾ തേടുമ്പോൾ മലയാളികൾ ഉൾപ്പെടുന്ന ദക്ഷിണേന്ത്യക്കാരുടെ ആസ് തിയാണ് വർധിക്കുന്നത്. പക്ഷേ വിവാഹവസരങ്ങളിലും മറ്റും മലയാളികൾക്ക് ഒഴിവാക്കാനാവാത്ത ചിലവാണ് സ്വർണാഭരണങ്ങൾ എന്നതിനാൽ സ്വർണ വിലയിലുണ്ടാകുന്ന വർദ്ധനവ് മറ്റൊരുതരത്തിൽ മലയാളികൾക്ക് ദോഷകരവുമാണ്.

ഇന്ന് പവന് 280 രൂപ ഉയർന്നതോടെ വില 30680 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കൂടിയത്. വില 3835. രാജ്യാന്തര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്. വൻ നിക്ഷേപകർ സ്വർണം വൻതോതിൽ‌ വാങ്ങിക്കൂട്ടുന്നുണ്ട്. ആഗോള സാമ്പത്തിക മേഖലയിലുണ്ടാകുന്ന ചലനങ്ങൾക്കൊപ്പം കൊറോണ വൈറസ് ഭീതിയും സ്വർണവില കൂട്ടുന്നുണ്ട്. വൈറസ് ബാധ ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടിയാണ് സ്വർണവിലയെ ബാധിക്കുന്നത്.

ജനുവരി ഒന്നിന് 29000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 1680 രൂപയാണ് ഇതുവരെ കൂടിയത്. ഗ്രാമിന് 205 രൂപയും ഉയർന്നു. ജനുവരി ഒന്നിന് 3675 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയിൽ ഒരു മാസത്തിനുള്ളിൽ 45 ഡോളറാണ് സ്വർണത്തിനു കൂടിയത്. ട്രോയ് ഔൺസിന് (31.1 ഗ്രാം) 1600 ഡോളറാണു വില. രാജ്യാന്തര വിപണിയിൽ ഡിമാൻഡ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ വില ഇനിയും ഉയരാനാണു സാധ്യത.

  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles