ഒരു കന്യാസ്ത്രി സിനിമ സംവിധാനം ചെയ്യുമോ ?.. ആരെയും അമ്പരപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകി സിസ്റ്റർ ജിയ ; ക്രിസ്തുവിന്റെ സന്ദേശം സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ജനമനസ്സുകളിൽ എത്തിച്ച് സിസ്റ്റർ ജിയ എംഎസ്ജെ : സിസ്റ്ററിന്റെ തൂലിക തുമ്പിലൂടെ ഇപ്പോൾ പിറന്നിരിക്കുന്നത് സൂപ്പർ ഹിറ്റായ ക്രിസ്മസ് കരോൾ ഗാനം.

ഒരു കന്യാസ്ത്രി സിനിമ സംവിധാനം ചെയ്യുമോ ?.. ആരെയും അമ്പരപ്പിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകി സിസ്റ്റർ ജിയ ;  ക്രിസ്തുവിന്റെ സന്ദേശം സിനിമകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ജനമനസ്സുകളിൽ എത്തിച്ച് സിസ്റ്റർ ജിയ എംഎസ്ജെ : സിസ്റ്ററിന്റെ തൂലിക തുമ്പിലൂടെ ഇപ്പോൾ  പിറന്നിരിക്കുന്നത് സൂപ്പർ ഹിറ്റായ ക്രിസ്മസ് കരോൾ ഗാനം.
December 20 04:20 2019 Print This Article

ലിസ മാത്യു

ബെർമിംഗ്ഹാം : ഒരു കന്യാസ്ത്രി സിനിമ സംവിധാനം ചെയ്യുമോ ?.. ആരെയും ഒന്ന്  അമ്പരപ്പിക്കുന്ന ചോദ്യം . എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നൽകിയിരിക്കുകയാണ് മലയാളിയായ  സിസ്റ്റർ ജിയ .  ക്രൈസ്തവ സന്ദേശം ജനമനസ്സുകളിൽ എത്തിക്കുവാൻ പുതിയ മേഖലകൾ കണ്ടെത്തിയിരിക്കുകയാണ് മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ അംഗമായ സിസ്റ്റർ ജിയ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം തന്നാലാവുന്ന വിധം തന്റെ കഴിവുകളിലൂടെ പ്രകാശിപ്പിക്കുകയാണ് സിസ്റ്റർ ജിയ . വനിതാ സംവിധായകർ കുറവായ സിനിമാ രംഗത്തേക്ക് കടന്നു വന്നിരിക്കുകയാണ് ഈ സന്യാസിനി. സിസ്റ്ററിന്റെ കഠിനാധ്വാനത്തിന്റെയും, സമർപ്പണത്തിന്റെയും ഫലമാണ് “എന്റെ വെള്ളത്തൂവൽ “എന്ന രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമ. കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി, ഒരു കന്യാസ്ത്രീയുടെ ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും കഥ പറയുന്ന ചിത്രമാണ് വെള്ളിത്തൂവൽ. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഗാനരചന, നിർമ്മാണം, സംവിധാനം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് സിസ്റ്റർ ജിയ ആണ്.

2015 ൽ കത്തോലിക്ക സഭ സമർപ്പിത വർഷമായി ആചരിച്ചപ്പോൾ, സമർപ്പിതരുടെ ത്യാഗോജ്വലമായ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് ഒരു ചിത്രം രൂപപ്പെടുത്തണം എന്ന ആഗ്രഹത്തിൽ നിന്നാണ് “എന്റെ വെള്ളിത്തൂവൽ” എന്ന സിനിമ പിറന്നതെന്ന് സിസ്റ്റർ അനുസ്മരിക്കുന്നു. കുടുംബങ്ങളിലേക്ക് സ്നേഹത്തിന്റെ വെളിച്ചം വീശുക എന്നതായിരുന്നു ഈ ചിത്രത്തിന്റെ ലക്ഷ്യമെന്നും സിസ്റ്റർ പറയുന്നു. ചെറുപുഴയിലെ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിയിൽ ലാബിന്റെ ചുമതലകൾക്കിടയിലാണ് സിസ്റ്റർ സിനിമ പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്തുന്നത്. സിനിമയുടെ ഓരോ പടിയിലും സിസ്റ്ററിൻെറ ത്യാഗോജ്വലമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു.

നിലവിൽ രണ്ട് ഷോർട്ട് ഫിലിമുകളും സിസ്റ്റർ ചെയ്യുന്നുണ്ട് – ദൈവദാസൻ, ബെൽസ് ഓഫ് ഹംഗർ എന്നിവയാണ് അവ. തന്റെ സന്യാസി സമൂഹം തനിക്ക് പൂർണ്ണ പിന്തുണ നൽകി എന്ന് സിസ്റ്റർ നന്ദിയോടെ ഓർക്കുന്നു.

എന്നാൽ ഇപ്പോൾ ഈ ക്രിസ്തുമസ് കാലത്ത് ഇതേ സിസ്റ്ററിന്റെ തൂലികത്തുമ്പിൽ നിന്നും അതിമനോഹരമായ ഒരു കരോൾ ഗാനം കൂടി പിറന്നിരിക്കുകയാണ്.” ഗ്ലോറിയ പാടൂ ആമോദമായ് ചേർന്ന്” എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഫാദർ മാത്യൂസ് പയ്യപ്പിള്ളി എം സി ബി എസ് ആണ്. ഈ ഗാനം പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. യുകെയിലെ വാൽസാൾ നിവാസിയായ ഷിജു തോമസ് മടത്തിമലയിൽ നിർമ്മിച്ച ഈ മനോഹരമായ ഗാനം ജിജോ ജോയും ആൽഡ്രിയ സാബുവും ചേർന്നാണ് പാടിയിരിക്കുന്നത്.

പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല കൊമ്പേരിയിൽ ജോയിയുടെയും എൽസിയുടെയും പത്ത് മക്കളിൽ നാലാമത്തെ ആളാണ് സിസ്റ്റർ ജിയ. ക്രിസ്തുവിനെ മനുഷ്യമനസ്സുകളിൽ എത്തിക്കുവാൻ നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തണമന്നാണ് സിസ്റ്റർ പറയുന്നത്. തന്റെ ജീവിതത്തെ മറ്റുള്ളവർക്ക് പ്രയോജനപ്രദം ആക്കി മാറ്റിയിരിക്കുകയാണ് സിസ്റ്റർ.

സിസ്റ്റർ ജിയ രചിച്ച മനോഹരമായ ഈ ക്രിസ്തുമസ് ഗാനം കേൾക്കുവാൻ താഴെയുള്ള യൂ ട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles