പാകിസ്ഥാന്റെയും കശ്മീരിന്റെയും പതാകകളേന്തിക്കൊണ്ട് , ലണ്ടനിലെ ഇന്ത്യൻ എംബസിക്കുമുന്നിൽ തടിച്ചു കൂടി കുറെ പാകിസ്ഥാനി പ്രതിഷേധക്കാർ. വിഷയം ആർട്ടിക്കിൾ 370 റദ്ദാക്കിയതുതന്നെ. ” കശ്മീർ കത്തിയെരിയുകയാണ്..” ” കശ്‌മീരിനെ സ്വതന്ത്രമാക്കുക…” ” മോദി, മേക്ക് ടീ, നോട്ട് വാർ..” എന്നൊക്കെ എഴുതിവെച്ച ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധം. പാകിസ്ഥാനി പത്രപ്രവർത്തകർക്ക് പുറമെ ചില ഖാലിസ്ഥാൻ വാദികളുമുണ്ടായിരുന്നു പ്രതിഷേധക്കാർക്കിടയിൽ. അവർ തുടർച്ചയായി ഇന്ത്യൻ സർക്കാരിനെയും പ്രധാനമന്ത്രി മോദിയെയും ഒക്കെ ദുഷിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടിരുന്നു.

ഇതിനിടെ ഇന്ത്യക്കാര്‍ നില്‍ക്കുന്ന ഭാഗത്തേക്കു വന്ന പ്രതിഷേധക്കാരിലൊരാള്‍ ഇവരുടെ കയ്യിലുണ്ടായിരുന്ന ത്രിവര്‍ണപതാക തട്ടിപ്പറിച്ച് പ്രതിഷേധക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു. ലണ്ടൻ പോലീസും എംബസി സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെ പ്രതിഷേധക്കാര്‍ ത്രിവർണ്ണ പതാക വലിച്ചു കീറി തറയിലിട്ട് ചവിട്ടി. ഉശിരുണ്ടെങ്കിൽ തിരിച്ചു പിടിക്ക് എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎക്കു വേണ്ടി സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ പത്രപ്രവർത്തക പൂനം ജോഷി സംഭവസ്ഥലത്തുണ്ടായിരുന്നു. ഉടൻ അവർ ഓടിച്ചെന്നു ആ ഖാലിസ്ഥാനി പ്രതിഷേധക്കാരിൽ നിന്നും ത്രിവർണ പതാകയുടെ രണ്ടു കഷ്ണങ്ങളും പിടിച്ചുവാങ്ങി. സാഹസികമായിരുന്നു പൂനത്തിന്റെ തിരിച്ചടി. ദൃശ്യങ്ങൾ എഎൻഐ പുറത്തുവിടുകയും ചെയ്തു.

പതാക തട്ടിപ്പറിച്ചയാൾ, വലിച്ചു കീറിയ ആൾ, ചവിട്ടിയരച്ച ആൾ

ഇത്ര വികൃതമായ രീതിയിൽ മറ്റൊരു രാജ്യത്തിൻറെ ദേശീയപതാകയെ അപമാനിക്കുന്ന രീതിയിലുള്ള അക്രമം ആദ്യമായാണ് കാണുന്നതെന്നും, സ്വന്തം രാജ്യത്തിൻറെ ദേശീയ പതാക നിലത്തിട്ടു ചവിട്ടിയരക്കുന്നത് കണ്ട് സഹിച്ചു നിൽക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് ഓടിച്ചെന്നു പിടിച്ചുവാങ്ങിയത് എന്നും സംഭവത്തെക്കുറിച്ച് പൂനം ജോഷി പ്രതികരിച്ചു.