തിരുവനന്തപുരം വിമാനത്താവളത്തിൽ സംശയാസ്പദമായനിലയിൽ മൂന്നുപേരെ പിടികൂടി; അഞ്ചുപേർ ഓടിരക്ഷപ്പെട്ടു, ഇവരുടെ കൈയിൽ പ്രോട്ടീൻ പൗഡറും ബാറ്ററികളും

തിരുവനന്തപുരം വിമാനത്താവളത്തിൽ സംശയാസ്പദമായനിലയിൽ മൂന്നുപേരെ പിടികൂടി; അഞ്ചുപേർ ഓടിരക്ഷപ്പെട്ടു, ഇവരുടെ കൈയിൽ പ്രോട്ടീൻ പൗഡറും ബാറ്ററികളും
December 06 12:29 2019 Print This Article

തിരുവനന്തപുരം വിമാനത്താവളത്തിലെ വാഹനപാർക്കിങ് മേഖലയിൽ സംശയാസ്പദമായനിലയിൽ കണ്ടെത്തിയ യാത്രക്കാരായ എട്ടുപേരിൽ മൂന്നുപേരെ സി.ഐ.എസ്.എഫ് പിടികൂടി. ചെന്നൈ സ്വദേശികളായ അബ്ദുൽ ബാസിദ്, സെയ്യദ് അബുതാഹിർ, മുഹമ്മദ് സാദിഖ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണിവർ. ഒപ്പമുണ്ടായിരുന്ന അഞ്ചുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

പിടികൂടിയവരിൽനിന്ന് പ്രോട്ടീൻ പൗഡറും പ്ലാസ്റ്റിക് ടേപ്പുപയോഗിച്ചു പൊതിഞ്ഞ ടോർച്ച്‌ലൈറ്റിൽ ഉപയോഗിക്കുന്ന ആറ് ബാറ്ററികളും ബാഗും പിടിച്ചെടുത്തു. സുരക്ഷാസേനയെക്കണ്ട് ഓടിമറഞ്ഞ ഒരാൾ കൈയിലുണ്ടായിരുന്ന മൊബൈൽഫോൺ തറയിൽ എറിഞ്ഞുതകർത്തു. ഇത് പിന്നീട് കണ്ടെടുത്തു.

പുലർച്ചെ എട്ട്‌ യുവാക്കളും അവർക്ക് ചുറ്റും മറ്റുള്ളവരും കൂടിനിന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫിലെ ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ അടുത്തേക്ക് എത്തിയപ്പോൾത്തന്നെ യുവാക്കൾ ചിതറിയോടി. മുന്നുപേരെ സേനാംഗങ്ങൾ പിടികൂടി വലിയതുറ പോലീസിനു കൈമാറുകയായിരുന്നു.

മൂന്നുപേരെയും റോ, കേന്ദ്ര-സംസ്ഥാന ഇൻറലിജൻസ് ബ്യൂറോ, മിലിട്ടറി ഇന്റിലജൻസ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. തുടർന്ന് ഡി.സി.പി.ആർ. ആദിത്യ, ശംഖുംമുഖം എ.സി. ഐശ്വര്യ ഡോംഗ്രെ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും ചോദ്യം ചെയ്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles