ഗോപിക. എസ്, മലയാളം യുകെ ന്യൂസ് ടീം

കൊച്ചി : പണം ഉപയോഗിച്ചും, കാർഡ് ഉപയോഗിച്ചും മാത്രമല്ല ക്രിപ്റ്റോ കറൻസികൾ  ഉപയോഗിച്ചും ഇനിയും നിങ്ങൾക്ക് വിമാന ടിക്കറ്റുകളും , ഹോട്ടലുകളും ബുക്ക് ചെയ്യാം . ഓൺലൈൻ യാത്ര ഏജൻസികളായ ട്രാവല ഡോഡ് കോമിന്റെയും , ബുക്കിംഗ് ഡോഡ് കോമിന്റെയും പുതിയ കൂട്ടുകെട്ട് ക്രിപ്റ്റോ കറൻസിക്ക് പുതു മാനങ്ങൾ നൽകി കഴിഞ്ഞു . ട്രാവല പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുള്ള 230 രാജ്യങ്ങളിലെ 90000 സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിനും , ഹോട്ടലുകളുടെ  ബുക്കിങ്ങിനും ഇനി മുതൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിക്കാൻ കഴിയും.

വാണിജ്യ വ്യാപാര മേഖലകളിൽ ക്രിപ്റ്റോ കറൻസി മുൻപും കടന്നു വന്നിട്ടുണ്ടെങ്കിലും ഒരു യാത്രാ ഏജൻസിയുടെ ബുക്കിംഗ് പോർട്ടലിലൂടെ ക്രിപ്റ്റോ കറൻസി കൂടുതൽ ജനകീയമാകുന്നത് ആദ്യമായാണ്. 2017 ൽ തുടങ്ങിയ ട്രാവലയിൽ സഞ്ചാരികൾക്കനുയോജ്യമായ ഹോട്ടലുകൾ, വില്ല, അപ്പാർട്ട്മെന്റുകൾ, റിസോർട്ടുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. 1996 ൽ ആരംഭിച്ച ബുക്കിംഗ്.കോം ട്രാവലയുമായി കൈകോർക്കുന്നതിലൂടെ മികച്ച യാത്രാനുഭവം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകാർക്കിടയിൽ  രണ്ട് ഏജൻസികൾക്കും  കൂടുതൽ സ്വീകാര്യത വരുന്നതോടൊപ്പം ക്രിപ്റ്റോ കറൻസിയുടെ പ്രചാരം കൂടി സാധ്യമാകുമെന്ന് ഇരു സംരംഭങ്ങളുടെയും അമരക്കാർ വിലയിരുത്തുന്നു.

കഴിഞ്ഞ മെയ്‌ മാസത്തിൽ യുകെയിലെ കോർപറേറ്റ് ട്രാവലർ ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ അനുവദിച്ചിരുന്നു. ക്രിപ്റ്റോക്രൈബ്സ് എന്ന സ്റ്റാർട്ട്‌ അപ്പ്‌ കമ്പനിയും ഇടപാടുകൾക്ക് ഡിജിറ്റൽ പണം ആകാം എന്ന ആശയം മുന്നോട്ട് വച്ചിട്ടുണ്ട് . ട്രാവല, ചീപ്പ് എയർ പോലുള്ള സൈറ്റുകൾ ബിറ്റ് കൊയിൻ വ്യാപാരം അനുവദിക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹോട്ടൽ ശൃംഖലകളുള്ള ട്രാവല ഡോഡ് കോം ക്രിപ്റ്റോ കറൻസി വ്യാപാരം അനുവദിക്കുന്നതിലൂടെ ബിസ്സിനസ്സ് രംഗത്ത് ക്രിപ്റ്റോ കറൻസികൾ കൂടുതൽ  ജനകീയമാവുകയാണ് .