അയർലൻഡ്/ഡബ്ലിന്‍: അയർലണ്ടിലുള്ള താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക്. ഇന്ന് (9.12. 2019) ന് വൈകിട്ട് 4 മണി മുതല്‍ 7 മണിവരെ മേരിയ്ക്ക് വേണ്ടിയുള്ള അനുസ്മരണ പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ വെച്ച് നടക്കും. സഹപ്രവര്‍ത്തകര്‍ക്കും, മലയാളി സമൂഹത്തിനും മേരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും എന്നാണ് അറിയുന്നത്.

കാനഡയില്‍ ആയിരുന്ന മേരിയുടെ ഏക സഹോദരന്‍, സഹോദരിയുടെ മരണവാര്‍ത്ത അറിഞ്ഞ് ഡബ്ലിനില്‍ എത്തിയിട്ടുണ്ട്. ജനുവരി ആദ്യ വാരത്തിൽ നടക്കേണ്ടിയിരുന്ന തന്റെ സഹോദരിയുടെ വിവാഹത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ അവധിയ്ക്ക് കേരളത്തിലേയ്ക്ക് പുറപ്പെടുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം മരണവാര്‍ത്ത അറിഞ്ഞത്. തുടര്‍ന്ന് മാര്‍ഗ്ഗമധ്യേ ബ്രിട്ടനിൽ എത്തി അവിടെനിന്നും അയര്‍ലണ്ടിലേക്ക് എത്തുകയായിരുന്നു.

കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. നാട്ടിലെ ശവസംകാരച്ചടങ്ങുകളുടെ വിവരങ്ങൾ ഇതുവരെ അറിവായിട്ടില്ല. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.