യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സാമ്പത്തീക തട്ടിപ്പ് കേസില്‍ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാലു പേര്‍ക്കെതിരേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസ്. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷ് നല്‍കിയ പരാതിയിലാണ് നടപടി. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതി അദ്ദേഹം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

യുഎന്‍എ യുടെ ഫണ്ടില്‍ നിന്നും മൂന്നരക്കോടിയോളം വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്നയാളാണ് ജാസ്മീന്‍ ഷാ, ഷോബിജോസ്, നിധിന്‍ മോഹന്‍, ജിത്തു പി ഡി എന്നിവര്‍ക്കെതിരേയാണ് കേസ് അന്വേഷിക്കുന്ന സംഘം കേസെടുത്തത്. സംസ്ഥാന കമ്മറ്റിയംഗമായിരുന്ന ആളാണ് പ്രതിപട്ടികയിലുള്ള ഷോബി ജോസ്, ജാസ്മിന്‍ ഷായുടെ ഡ്രൈവറായിരുന്ന നിധിന്‍ മോഹനും ഓഫീസ് സ്റ്റാഫായിരുന്ന ജിത്തുവും അക്കൗണ്ടില്‍ നിന്നും വന്‍തുക പിന്‍ വലിച്ചതായിട്ടാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സമിതിയുടെ അക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ 2017 മുതല്‍ 2019 ജനുവരി 19 വരെ മൂന്ന് കോടി 71 ലക്ഷം രൂപ ഉണ്ടായിരുന്നു. പലപ്പോഴായി ഇതില്‍ നിന്നം വന്‍തുക പിന്‍ വലിച്ചെന്നാണ് ആരോപണം. ജാസ്മിന്‍ഷാ രാജ്യം വിട്ടെന്നാണ് സംശയിക്കുന്നത്. നേരത്തേ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

യുഎന്‍എ അഴിമതിക്കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.