വൻ പ്രതിഷേധങ്ങൾക്കിടയിൽ ബലാത്സംഗ കേസ് പ്രതികള്‍ തീ കൊളുത്തി കൊന്ന ഉന്നാവോ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു

വൻ പ്രതിഷേധങ്ങൾക്കിടയിൽ ബലാത്സംഗ കേസ് പ്രതികള്‍ തീ കൊളുത്തി കൊന്ന ഉന്നാവോ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു
December 08 17:45 2019 Print This Article

ഉന്നാവോ ബലാത്സംഗ ഇരയും പ്രതികളാല്‍ തീ കൊളുത്തപ്പെട്ട് അതീവ ഗുരുതരമായി പരിക്കേറ്റ് മരിക്കുകയും ചെയ്ത 23കാരിയായ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. 90 ശതമാനം പൊള്ളലേറ്റിരുന്ന യുവതിയെ ആദ്യം ലക്‌നൗ ആശുപത്രിയിലേയ്ക്കും പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേയ്ക്കുമാണ് കൊണ്ടുപോയത്. ബലാത്സംഗ കേസില്‍ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച യുവതിയെ കേസിലെ പ്രതികളായ രണ്ട് പേരടക്കം ചേര്‍ന്നാണ് റായ്ബറേലി കോടതിയിലേയ്ക്ക് പോകുംവഴി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുപി മന്ത്രിമാരായ സ്വാമിപ്രസാദ് മൗര്യ, കമല്‍ റാണി, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ഇരയുടെ വീട്ടിലേക്ക് പോകാനായി എത്തിയപ്പോള്‍ സ്വാമി പ്രസാദിനേയും കമല്‍ റാണിയേയും നാട്ടുകാര്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായാണ് സ്വീകരിച്ചത്. മടങ്ങിപ്പോകൂ എന്ന് പറഞ്ഞ് നാട്ടുകാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചിലര്‍ മന്ത്രി സംഘത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തനിക്ക് ജീവന് ഭീഷണിയുള്ളതായി കാണിച്ച് യുവതി കഴിഞ്ഞ മാസം പരാതി നൽകിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതി ശക്തമാണ്.

രാജ്യത്ത് ഏറ്റവുമധികം ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ജില്ലയായി ഉന്നാവോ മാറിയിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ 200 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2017ല്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ അടക്കമുള്ളവര്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസ് ദേശീയ തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ പെണ്‍കുട്ടി സഞ്ചരിച്ച വാഹനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ ട്രക്കിടിക്കുകയും പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിക്കുകയും പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles