ഉന്നാവ് കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിവേഗ വിചാരണയ്്ക്ക് നടപടി എടുക്കുമെന്നും യോഗി പറ‍ഞ്ഞു. ഉന്നാവ് പെൺകുട്ടിയെ ചുട്ടുകൊന്ന സംഭവത്തിൽ യു.പി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. രാജ്യത്ത് സ്ത്രീകൾക്ക് എതിരെ ഏറ്റവും അതിക്രമം നടക്കുന്നത് ഉത്തർപ്രദേശിലാണ്. അക്രമത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏറ്റെടുക്കണം. ബലാത്സംഗത്തിനു ഇരയായാൽ യു.പിയിൽ ജീവിക്കുക ദുഷ്കരമാണ്. ഇരയെ സംരക്ഷിക്കാൻ മുഖ്യമന്തി എന്തു ചെയ്തുവെന്നും പ്രിയങ്ക ചോദിച്ചു.

അതിനിടെ, ഹൈദരാബാദില്‍ സംഭവിച്ച പോലെ ഉത്തര്‍പ്രദേശിലെ ഉന്നാവ് ബലാല്‍സംഗക്കേസ് പ്രതികളെ വെടിവെച്ചു കൊല്ലണമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരനും ആവശ്യപ്പെട്ടു. വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷകൊണ്ട് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി 11.40ന് ഡല്‍ഹിയിലെ സഫ്ദര്‍ജംങ് ആശുപത്രിയിലായിരുന്നു മരണം. രാത്രിയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വ്യാഴാഴ്ചയാണ് അഞ്ചംഗ സംഘം പെണ്‍കുട്ടിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. പരാതി നല്‍കിയതിന്‍റെ പ്രതികാരമായാണ് പ്രതികളടങ്ങുന്ന അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തീകൊളുത്തിയത്.

എന്നാൽ ഉന്നാവിലെ മുറിവുണങ്ങും മുമ്പ് തന്നെ യുപിയിൽ വീണ്ടും കൂട്ടബലാല്‍സംഗം. ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബിഹാറില്‍ അഞ്ചുവയസുകാരിയും പീഡനത്തിനിരയായി. ടെംബോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.